പ്രകൃതിദുരന്ത സാധ്യതകള്‍ പ്രവചിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന ഇന്നവേറ്റീവായ ടെക്നോളജി പ്രൊഡക്ടുകള്‍ ഡെവലപ്പ് ചെയ്യാന്‍ സഹായമൊരുക്കി IBM. ലോകമെങ്ങുമുളള ഡെവലപ്പേഴ്സിനെ ‘Call for Code’ ചലഞ്ചിലൂടെ ഒരു പ്ലാറ്റ്ഫോമിലെത്തിച്ചാണ് ഐബിഎം പൊതുസമൂഹത്തിന് ഗുണകരമായ സൊല്യൂഷനുകള്‍ തേടുന്നത്. യുഎന്‍ ഹ്യൂമന്‍ റൈറ്റ്സ് ഓഫീസും റെഡ് ക്രോസും ലിനക്സ് ഫൗണ്ടേഷനുമായി ചേര്‍ന്ന് 30 മില്യന്‍ യുഎസ് ഡോളറിന്റെ ഗ്ലോബല്‍ ഡിസാസ്റ്റര്‍ റിലീഫ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് നീക്കം.
സ്റ്റാര്‍ട്ടപ്പുകളെയും എന്റര്‍പ്രൈസ് ഡെവലപ്പേഴ്സിനെയും അക്കാദമിക് റിസേര്‍ച്ചേഴ്സിനെയും ഒരുമിപ്പിച്ച് ഡിസാസ്റ്റര്‍ മാനേജ്മെന്റിലെ വെല്ലുവിളികള്‍ക്ക് സൊല്യൂഷന് തേടുകയാണ് ഐബിഎം. ഡാറ്റ, ക്ലൗഡ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ബ്ലോക്ക്ചെയിന്‍, ഐഒറ്റി ടെക്നോളജീസ് തുടങ്ങി അഡ്വാന്‍സ്ഡ് ടെക്നോളജി വിനിയോഗിച്ചുളള സൊല്യൂഷനുകളാണ് ലക്ഷ്യം വെയ്ക്കുന്നത്. ഡെവലപ്പര്‍മാര്‍ക്ക് ഐബിഎമ്മിന്റെ ഇനിഷ്യേറ്റീവില്‍ പങ്കാളികളാകാം. പാരീസില്‍ നടന്ന വിവാടെക് കോണ്‍ഫറന്‍സില്‍ ഐബിഎം പ്രസിഡന്റും സിഇഒയുമായ ഗിന്നി റൊമെറ്റിയാണ് പദ്ധതി പ്രഖ്യാപിച്ചത്.
പ്രകൃതി ദുരന്തങ്ങളിലൂടെയുണ്ടാകുന്ന സാമ്പത്തിക നഷ്ടവും മരണനിരക്കും കണക്കിലെടുത്താണ് വിപുലമായ പദ്ധതി ഐബിഎം ആവിഷ്കരിച്ചത്. ചലഞ്ചിന്റെ ഭാഗമാകുന്നവര്‍ക്ക് സൗജന്യമായി കോഡിംഗിനുളള അവസരവും ടെക്നോളജിയും ഡെവലപ്പര്‍ ടൂള്‍സും വിദഗ്ധരുടെ സേവനവും ഐബിഎം ഒരുക്കും. വിജയിക്കുന്ന ടീമുകള്‍ക്ക് പ്രോട്ടോടൈപ്പിലേക്ക് എത്തിക്കാനും പ്രൊഡക്ട് യാഥാര്‍ത്ഥ്യമാക്കാനും കൂടുതല്‍ സഹായങ്ങള്‍ നല്‍കും.
ബിസിനസ് രംഗത്തെ വെല്ലുവിളികളും അവസരങ്ങളും അഡ്രസ് ചെയ്യാന്‍ അഡ്വാന്‍സ്ഡ് ടെക്നോളജികളിലൂടെ കഴിഞ്ഞിട്ടുണ്ടെന്ന് ഐബിഎം ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ ബോബ് ലോര്‍ഡ് ചൂണ്ടിക്കാട്ടി. ഇനി സമൂഹത്തിന്റെ നല്ലതിനായി ആ ടെക്നോളജികളെ വിനിയോഗിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.