പാല് ശേഖരിക്കാനും അളക്കാനുമൊക്കെ പരമ്പരാഗത രീതികള്‍ പിന്തുടര്ന്നുവന്ന ഇന്ത്യയിലെ ക്ഷീരകര്‍ഷകര്‍ക്ക് ഐഒറ്റിയും ക്ലൗഡുമൊക്കെ ചേര്‍ത്തുവെച്ച്, ടെക്നോളജികളുടെ പ്രയോജനങ്ങള്‍ പകര്‍ന്നുകൊടുക്കുകയാണ് ബെംഗലൂരു ആസ്ഥാനമായുളള സ്റ്റെല്‍ആപ്പ്സ് ടെക്നോളജീസ് എന്ന സ്റ്റാര്‍ട്ടപ്പ്. ഇന്ത്യയിലെ ഡയറിഫാം ബിസിനസിനെ അഡ്വാന്‍സ്ഡ് ടെക്നോളജികളിലൂടെ സ്മാര്‍ട്ടാക്കി മാറ്റുകയാണ് ഇവര്‍. മദ്രാസ് ഐഐടിയിലെ ഇന്‍കുബേറ്ററില്‍ പിറന്ന സ്റ്റെല്‍ആപ്പ്സ്, ഇന്ന് ബില്‍ ആന്‍ഡ് മെലിന്‍ഡാ ഗേറ്റ്സ് ഫൗണ്ടേഷനെ വരെ നിക്ഷേപകരായി സ്വന്തം പ്ലാറ്റ്ഫോമില്‍ എത്തിച്ചുകഴിഞ്ഞു.
ഡയറി സപ്ലൈ ചെയിനിലും പ്രൊഡക്ഷനിലും മാറ്റം ലക്ഷ്യമിട്ട് 2011 ലാണ് സ്റ്റെല്‍ആപ്പ്സ് തുടങ്ങിയത്. സിഇഒ രഞ്ജിത് മുകുന്ദന്റെ നേതൃത്വത്തില്‍ മുന്‍നിര ടെക്നോളജി കമ്പനികളില്‍ ഐടി, ടെലികോം മേഖലകളില്‍ വര്‍ക്ക് ചെയ്തവരും ഐഐടി അലൂമ്നികളുമായ ഒരു സംഘമായിരുന്നു ആശയത്തിന് പിന്നില്‍. ഡയറിഫാമുകളില് അതുവരെ അധികമാരും ഉപയോഗിക്കാതിരുന്ന ഡാറ്റാ കളക്ഷനും ഡാറ്റാ അനലിറ്റിക്സും കൃത്യമായി വിനിയോഗിച്ച് റിസള്‍ട്ട് ഓറിയന്റഡ് ഫാമിംഗിലേക്ക് മാറ്റിയെടുത്തതിലാണ് സ്റ്റെല്‍ ആപ്പ്സിന്റെ വിജയം.
റിയല്‍ ടൈം മോണിട്ടറിംഗും റിപ്പോര്‍ട്ടിംഗും സാധ്യമാക്കുന്ന വെബ് ബെയ്സ്ഡ് അഡ്വാന്‍സ്ഡ് സിസ്റ്റവും ക്ലൗഡ് ബെയ്സ്ഡ് ഫാം മാനേജ്മെന്റ് സിസ്റ്റവുമൊക്കെ സ്റ്റെല്ആപ്പ്സിന്റെ സൊല്യൂഷനുകളാണ്. നേരിട്ടും അല്ലാതെയും ഏഴരലക്ഷത്തോളം ക്ഷീരകര്‍ഷകരാണ് ഈ പ്രൊഡക്ടുകള്‍ ദിവസവും പ്രയോജനപ്പെടുത്തുന്നത്. ഇന്ത്യയ്ക്ക് പുറമേ നേപ്പാളിലും കെനിയയിലും സ്മാര്‍ട്ട് ഫാമുകള്‍ സജ്ജീകരിച്ചിട്ടുണ്ട് സ്റ്റെല്‍ആപ്പ്സ്.
2030 ഓടെ ലോകത്തില്‍ പാലിനും പാലുല്പ്പന്നങ്ങള്ക്കുമുളള ഡിമാന്റ് മൂന്നിരട്ടിയോളം ഉയരുമെന്നാണ് വിലയിരുത്തല്‍. അവിടെയാണ് സ്റ്റെ ല്‍ ആപ്പ്സ് പോലുളള സൊല്യൂഷനുകള്‍ക്ക് പ്രസക്തിയേറുന്നതും. 70 ബില്യന്‍ ഡോളര്‍ വരുന്ന ഇന്ത്യയിലെ ഡയറി ഫാം മാര്‍ക്കറ്റില്‍ ടെക്നോളജിയുടെ സപ്പോര്‍ട്ട് കൂടി ചേരുന്നതോടെ ഇരട്ടി റിസള്‍ട്ട് നല്‍കാനാകും.