റോഡ് പണി നടത്തുന്നവര്‍ക്ക് ഐടിയില്‍ എന്ത് കാര്യം ? അതിനുളള മറുപടിയാണ് കോഴിക്കോട് യുഎല്‍
സൈബര്‍ പാര്‍ക്ക്. റോഡ് നിര്‍മാണത്തിലും മറ്റ് സിവില്‍ കണ്‍സ്ട്രക്ഷനിലും മികവ് തെളിയിച്ച ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് സൈബര്‍ പാര്‍ക്കിന്റെ നിര്‍മാണം ഒരു വെല്ലുവിളിയായിരുന്നു. ഐടിയുടെ തിളക്കം കൊച്ചിയിലും തിരുവനന്തപുരത്തുമൊക്കെ മാത്രം കേന്ദ്രീകരിച്ചപ്പോള്‍ ആ വെളിച്ചം കോഴിക്കോടേക്ക് എത്തിച്ച പദ്ധതിയാണ് യുഎല്‍ സൈബര്‍ പാര്‍ക്ക്. 600 കോടി രൂപയുടെ പ്രൊജക്ട് തുടങ്ങിയപ്പോള്‍ മുതല്‍ പൂര്‍ത്തിയാക്കുന്നിടം വരെ ഉള്ളില്‍ തട്ടിയ ഒരുപാട് അനുഭവങ്ങളിലൂടെയായിരുന്നു യുഎല്‍സിസിഎസ് ചെയര്മാന് രമേശന് പലേരി കടന്നുപോയത്.
പ്രൊജക്ടിന് ഫിനാന്‍സ് ചെയ്യാമെന്ന് ഏറ്റിരുന്ന ഒരു ധനകാര്യ സ്ഥാപനത്തിന്റെ എംഡി ഒഫീഷ്യല്‍ മീറ്റിംഗില്‍ വെച്ച് അപമാനിച്ചത് മറക്കാനാകില്ലെന്ന് രമേശന് പലേരി പറയുന്നു. തന്റെ നേതൃത്വത്തില്‍ ഫിനാന്‍സ് ഓഫീസറും ചാര്‍ട്ടേഡ് അക്കൗണ്ടന്റും ഉള്‍പ്പെടെ ഒരു ടീമാണ് ഇത്തരം മീറ്റിംഗുകളില്‍ സ്ഥിരമായി പങ്കെടുക്കുന്നത്. എല്ലാവരുടെയും മുന്നില്‍വെച്ചായിരുന്നു ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത അപമാനം നേരിടേണ്ടി വന്നത്. റോഡ് പണിക്കാര് എന്തിനാണ് ഐടി തുടങ്ങുന്നതെന്നും എന്താണ് നിങ്ങള്‍ക്ക് അതിനുളള ക്വാളിഫിക്കേഷനെന്നുമൊക്കെ അദ്ദേഹം ചോദിച്ചു. പക്ഷെ എല്ലാത്തിനെയും പോസിറ്റീവായി കാണാനായിരുന്നു തന്റെ ശ്രമമെന്ന് രമേശന് പലേരി പറഞ്ഞു. ഒരാള്‍ നമ്മളെ പരിഹസിക്കുമ്പോള്‍ നമ്മള് എന്താണെന്ന് അവര്‍ക്ക് കാണിച്ചുകൊടുക്കുകയാണ് വേണ്ടത്. അത്തരമൊരു മറുപടിയായിരുന്നു യുഎല്‍ സൈബര്‍ പാര്‍ക്ക്.
ഐടി പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കിയതും അവിടെ മുന്‍നിര കമ്പനികള്‍ കടന്നുവന്നതും യുഎല്‍ടിഎസ് എന്ന പേരില്‍ സ്വന്തം ഐടി കമ്പനി തുടങ്ങിയതുമൊക്കെ യുഎല്‍സിസിഎസ് പിന്നീട് കുറിച്ചിട്ട ചരിത്രം. കേരളത്തില്‍ നിന്നുളള ഐടി പ്രഫഷണലുകള്‍ക്ക് ലോകത്തെ മറ്റിടങ്ങളിലെ അതേ നിലവാരത്തില്‍ അവരുടെ സ്വന്തം നാട്ടില്‍ തൊഴില്‍ ചെയ്യാന്‍ ഒരിടം ഒരുക്കിക്കൊടുക്കുകയായിരുന്നു യുഎല്‍ സൈബര്‍ പാര്‍ക്കിലൂടെ ഊരാളുങ്കല്‍ ഗ്രൂപ്പ് ലക്ഷ്യമിട്ടത്. 31 ലക്ഷം സ്ക്വയര്‍ ഫീറ്റില്‍ 10 നിലയിലായിരുന്നു നിര്‍മാണം. ഐടിയില്‍ നേരിട്ട് 40,000 പേര്‍ക്കും ഇന്‍ഡയറക്ടായി ഒരു ലക്ഷത്തോളം പേര്‍ക്കും തൊഴില്‍ നല്കാന് ശേഷിയുളളതാണ് പ്രൊജക്ട്.