ടെക്‌നോളജിയുടെ പ്രാധാന്യം വ്യക്തമാക്കി സ്റ്റാര്‍ട്ടപ്പ് സംരംഭകരോട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേശം. കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതുമായി ബന്ധപ്പെട്ട് സ്റ്റാര്‍ട്ടപ്പ് വൃത്തങ്ങളില്‍ പറഞ്ഞുവരുന്ന വര്‍ത്തമാനമെന്ന മുഖവുരയോടെയാണ് സിംഗപ്പൂര്‍ ഫിന്‍ടെക് ഫെസ്റ്റിവലില്‍ പ്രധാനമന്ത്രി ഇക്കാര്യം അവതരിപ്പിച്ചത്. ടെക്‌നോളജി ഡെയ്‌ലി ലൈഫില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
സാധാരണയില്‍ നിന്ന് വേറിട്ട ഒരു പ്ലാറ്റ്‌ഫോം ഒരുക്കിയിട്ടുണ്ടെന്ന് പറഞ്ഞാല്‍ 10 ശതമാനം ഫണ്ട് നിക്ഷേപകരില്‍ നിന്ന് ലഭിക്കും. സ്റ്റാര്‍ട്ടപ്പ് ഫിന്‍ടെക് സ്‌പെയ്‌സിലാണെന്ന് പറഞ്ഞാല്‍ 20 ശതമാനം അധികം ഫണ്ട് കിട്ടും. എന്നാല്‍ ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജിയിലാണെന്ന് പറഞ്ഞാല്‍ നിക്ഷേപകരുടെ പോക്കറ്റ് കാലിയാക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിയുമെന്നായിരുന്നു നരേന്ദ്രമോദിയുടെ വാക്കുകള്‍.
എമേര്‍ജിങ് ടെക്‌നോളജിക്ക് വലിയ സ്വീകാര്യതയാണ് ഇന്നുളളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്റര്‍നെറ്റില്‍ നിന്ന് സോഷ്യല്‍ മീഡിയയിലേക്കും ഐടി സര്‍വ്വീസില്‍ നിന്നും ഐഒറ്റിയിലേക്കും കുറഞ്ഞ സമയത്തിനുളളിലാണ് സഞ്ചരിച്ചത്. ഇന്ത്യയുടെ ഫിനാന്‍ഷ്യല്‍ സെക്ടറില്‍ ടെക്‌നോളജിയെ കൂട്ടുപിടിച്ച് ധാരാളം കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ 128 ബാങ്കുകള്‍ യുപിഐയുമായി കണക്ടഡാണ്. ആയുഷ്മാന്‍ ഭാരത് ഉള്‍പ്പെടെയുളള ഹെല്‍ത്ത്‌കെയര്‍ പ്രോഗ്രാം ലോഞ്ച് ചെയ്യാന്‍ സര്‍ക്കാരിനെ സഹായിച്ചത് ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആണെന്നും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.