ഒരു ജനതയുടെ മുഴുവന്‍ കാഴ്ചപ്പാടിലും ചിന്താഗതിയിലുമുണ്ടായ പുരോഗതി അടയാളപ്പെടുത്തുന്നതാണ് കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ചരിത്രമെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സിഇഒ ഡോ. സജി ഗോപിനാഥ്. വമ്പന്‍ സംരംഭങ്ങള്‍ കെട്ടിപ്പൊക്കുന്നതിനു പകരം ക്വാളിറ്റി മാന്‍പവര്‍ ഡെവലപ്പ് ചെയ്യാനും അതിലൂടെ ഇന്നവേറ്റീവായ എന്റര്‍പ്രൈസുകള്‍ ക്രിയേറ്റ് ചെയ്യാനുമാണ് കേരളം എന്നും ശ്രമിച്ചതെന്ന് ഡോ. സജി ഗോപിനാഥ് പറഞ്ഞു. കാഞ്ഞിരപ്പളളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജില്‍ IEDC സമ്മിറ്റില്‍ സംസാരിക്കവേയാണ് കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ചരിത്രത്തെക്കുറിച്ച് ഡോ. സജി ഗോപിനാഥ് ഓര്‍മ്മിപ്പിച്ചത്.
ഹൈദരാബാദോ, ബംഗലൂരുവോ ബോംബെയോ പോലുളള മറ്റ് മേജര്‍ സ്റ്റാര്‍ട്ടപ്പ് ഹബ്ബുകളെ അപേക്ഷിച്ച് കേരളം നേരിട്ട വെല്ലുവിളികള്‍ വ്യത്യസ്തമായിരുന്നു. ഗ്രാസ് റൂട്ട് ലെവലില്‍ നിന്ന് തുടങ്ങുന്ന മോഡലാണ് കേരളം അവലംബിച്ചത്. കോളജുകളില്‍ നിന്നും സ്കൂളുകളില്‍ നിന്നും റൂറല്‍ ഏരിയകളില്‍ നിന്നുമായിരുന്നു അതിന് തുടക്കമിട്ടത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സപ്പോര്‍ട്ട് ലഭിച്ചതിലുപരി എങ്ങനെ ഒരു ആശയം വളര്‍ത്താമെന്നും അത് സ്റ്റാര്ട്ടപ്പിലെത്തിക്കാമെന്നും ആളുകള്‍ക്ക് കൃത്യമായ ബോധ്യം വന്നുവെന്നതാണ് ഈ പ്രോസസിന്റെ വലിയ ഗുണമെന്ന് ഡോ. സജി ഗോപിനാഥ് ചൂണ്ടിക്കാട്ടി.
യുവാക്കള്‍ പരിഹാരം കാണേണ്ട ധാരാളം വിഷയങ്ങള്‍ ഇന്ത്യയിലുണ്ട്. കോളജ് പഠനകാലത്ത് തോന്നിയ ആശയങ്ങള്‍ എക്സ്പിരിമെന്റ് നടത്തി വിജയത്തിലെത്തിച്ച ഒരുപാട് ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാഷനും അറിവും കൃത്യമായ ഇക്കോസിസ്റ്റവും ഉണ്ടെങ്കില്‍ ഏത് ലെവലിലേക്കും പോകാന്‍ കഴിയും. ഐഇഡിസികള്‍ അത്തരം ആശയങ്ങളുടെ കേന്ദ്രമാണ്. ഇന്ന് ഒരു ആശയം തോന്നിയാല്‍ അത് ഡെവലപ്പ് ചെയ്യാനും ഒരു ത്രീഡി പ്രിന്ററിലൂടെ അതിന് പ്രാഥമിക രൂപം നല്‍കാനും അധികം സമയം വേണ്ടെന്ന് ഡോ. സജി ഗോപിനാഥ് ഓര്‍മ്മിപ്പിച്ചു. ഐഇഡിസി പോലുളള പ്ലാറ്റ്ഫോമുകള് അതാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.