കരിയറിന്റെ ഉയര്‍ച്ചയില്‍ നില്ക്കുമ്പോള് നല്ല ശമ്പളമുള്ള ജോലി വിട്ട്
കാര്‍ഷിക രംഗത്തേക്ക് ഇറങ്ങാന്‍ ധൈര്യമുള്ള എത്ര പേരുണ്ടാകും? അങ്ങനെ
ധൈര്യം കാണിച്ച ഒരു യുവതി രാജസ്ഥാനിലുണ്ട്. അജ്മീര്‍ സ്വദേശിനിയായ അങ്കിത
കുമാവത്. ഐഐഎം ഗ്രാജുവേറ്റ് ആയ അങ്കിത ക്ഷീര കര്‍ഷക രംഗത്ത് ആരെയും
അദ്ഭുതപ്പെടുത്തും. യുഎസിലെ മികച്ചൊരു ജോലി രാജിവെച്ചാണ് അങ്കിത, പിതാവ്
ഫൂല്‍ചന്ദ് കുമാവതിന്റെ ഡയറി ഫാമില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. ക്ഷീര
കര്ഷകയായതോടെ മനസിന് സംതൃപ്തിയും ഒപ്പം മള്‍ട്ടി നാഷണല്‍ കമ്പനികളില്‍
നിന്ന് ലഭിച്ചിരുന്നതിലുമധികം വരുമാനവും അങ്കിതയ്ക്ക് ലഭിക്കുന്നുണ്ട്.
ഇന്ത്യയിലും വിദേശത്തുമുള്ള മികച്ച സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്
അങ്കിത. എന്നാല്‍ ഒന്നിലും ആത്മസംതൃപ്തി ലഭിച്ചില്ല. സ്വന്തമായി
എന്തെങ്കിലും തുടങ്ങണമെന്ന ചിന്തയായിരുന്നു മനസില്‍. തുടര്‍ന്ന്
പിതാവിനൊപ്പം ഡയറി ഫാമില്‍ പാര്‍ട് ടൈമായി അങ്കിത പ്രവര്‍ത്തനം തുടങ്ങി.
ഈ സമയത്ത് ഈ മേഖലയെ കുറിച്ച് വിശദമായ പഠനം നടത്തി. 2014ല്‍ ജോലി രാജി
വെച്ച് പൂര്‍ണമായി ഡയറി ഫാമിംഗിലേക്ക് ഇറങ്ങുകയായിരുന്നു. പിഡബ്ല്യൂഡി
വകുപ്പില്‍ എഞ്ചിനീയറായിരുന്നു അങ്കിതയുടെ പിതാവ് ഫൂല്‍ചന്ദ്. 2009ല്‍
വൊളണ്ടറി റിട്ടയര്‍മെന്റ് എടുത്താണ് ഫൂല്‍ചന്ദ് പൂര്‍ണമായും കാര്‍ഷിക
രംഗത്തിറങ്ങുന്നത്. മുമ്പ് തന്നെ ഇവര്‍ക്ക് വീട്ടില്‍
പശുക്കളുണ്ടായിരുന്നു. ഫൂല്‍ചന്ദും അങ്കിതയും ചേര്‍ന്നാണ് ഡയറി ഫാം
വളര്‍ത്തി വലുതാക്കിയത്.
രാജസ്ഥാനില്‍ പ്രശസ്തമായ maatratav diary and organic farm
സഹസ്ഥാപകയാണ്അങ്കിതയിപ്പോള്. ഇവര്‍ക്ക് സ്വന്തമായി നൂറോളം
കന്നുകാലികളുണ്ട്. . കൂടാതെ ഗോതമ്പ് കൃഷിയും സീസണനുസരിച്ച് പഴം,
പച്ചക്കറികളും കൃഷി ചെയ്യുന്നു. പാലും,നെയ്യും മറ്റ് പാല്
ഉല്‍പ്പന്നങ്ങളും അങ്കിതയുടെ ഡയറി ഫാമില്‍ നിന്ന് വില്‍ക്കുന്നുണ്ട്.
പരമ്പരാഗതവും ഒപ്പം ആധുനിക കൃഷി രീതിയുടെയും ഒരു കോംബിനേഷനാണ് തന്റെ
കൃഷിയെ വിജയത്തിലെത്തിച്ചതെന്ന് അങ്കിത വെളിപ്പെടുത്തുന്നു.
ക്ഷീര മേഖലയിലെ വിജയം കൊണ്ട് വെറുതെയിരിക്കുകയല്ല അങ്കിത, ഹിമാചല്‍
പ്രദേശിലെ സോളനില്‍ നിന്ന് കൂണ് കൃഷിയുമായി ബന്ധപ്പെട്ടൊരു കോഴ്സും
അങ്കിത ഇക്കാലയളവില്‍ ചെയ്തു. പരീക്ഷണാടിസ്ഥാനത്തില്‍ കൂണ് കൃഷിയും
ആരംഭിച്ചിരിക്കുകയാണ് ഈ അങ്കിത.