അകക്കണ്ണിന്റെ വെളിച്ചത്തില്‍ ചികിത്സ നടത്തുന്ന ഡോക്ടര്‍. മെഡിക്കല്‍ സെക്ടറില്‍ സംരംഭകയായ ഡോ.രശ്മി പ്രമോദ് എന്‍ട്രപ്രണേഴ്സിനെ വിസ്മയിപ്പിക്കും. ചെറിയ വെല്ലുവിളികളിലും നിസ്സാര കാര്യങ്ങളിലും തളര്‍ന്നുപോകുന്ന സംരംഭകര്‍ കാണേണ്ടതാണ് ഡോ രശ്മിയുടെ അസാധാരണമായ സംരംഭക ജീവിതം.
ഓട്ടിസം, സെറിബ്രല്‍ പാള്‍സി തുടങ്ങിയ ഇന്റലക്ച്വല്‍ ഡിസബിലിറ്റിയുള്ള കുട്ടികള്‍ക്കായി ആയുര്‍വേദ ഹെല്‍ത്ത് കെയര്‍ സെന്റര്‍ തുടങ്ങിയ ഡോക്ടര്‍ രശ്മി, സംരംഭക ജീവിതത്തിലേക്ക് കടക്കുന്നത് സ്വന്തം ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടായ ടേണിംഗിലാണ്. ഒരു ദിവസം രണ്ടു കണ്ണുകളുടേയും കാഴ്ച നഷ്ടപ്പെട്ടപ്പോള്‍ ആ സാഹചര്യത്തെ ബോള്‍ഡായി നേരിടാന്‍ കണ്ടെത്തിയ ഉപാധിയായിരുന്നു ഡോ.രശ്മിക്ക് എന്‍ട്രപ്രണര്‍ഷിപ്പ്.
ആയൂര്‍വ്വേദം ഡിഫ്രന്റ്ലി ഏബിള്‍ഡായ കുട്ടികള്‍ക്ക് എങ്ങനെ സഹായകമാകുമെന്ന റിസര്‍ച്ചിനൊടുവിലാണ് പുതിയ സംരംഭത്തിന്റെ പിറവി. കോട്ടയ്ക്കല്‍ ആയൂര്‍വ്വേദ കോളജില്‍ നിന്ന് 2002 ലായിരുന്നു രശ്മിയുടെ മെഡിക്കല്‍ ഗ്രാജ്വേഷന്. 2003 ലാണ് കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടുന്നത്. 2009 ല്‍ കൊച്ചി തമ്മനം കേന്ദ്രമാക്കി ജീവനീയം ആയൂര്‍വ്വേദ ഹോസ്പിറ്റലും റിസര്‍ച്ച് സെന്ററും തുടങ്ങി. ഇന്ന് കോഴിക്കോടും കൊല്ലത്തും ജീവനീയത്തിന്റെ ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നു.
ഒരു സംരംഭം തുടങ്ങാന്‍ ഉറച്ച തീരുമാനമാണ് വേണ്ടതെന്ന് സ്വന്തം ജീവിതം തന്നെ ഉദാഹരണമാക്കി രശ്മി പറയുന്നു. ഒരു സ്വപ്നമുണ്ടെങ്കില്‍ അതിനായി പ്രയത്നിക്കണം. ചിന്തകളില്‍ വെളളം ചേര്‍ക്കാന്‍ പാടില്ല. അങ്ങനെയാണെങ്കില്‍ ലക്ഷ്യം കൈവരിക്കാന്‍ കഴിയും. ശബ്ദം കൊണ്ട് കാര്യങ്ങള്‍ മനസ്സിലാക്കുകയും തെളിഞ്ഞ ബോധം കൊണ്ട് സംരഭം മാനേജ് ചെയ്യുകയുമാണ് ഡോ രശ്മി. 60 പേരുള്ള ജീവനീയം ടീമിനെ ലീഡ് ചെയ്യുന്ന ഡോ രശ്മിയുടെ സംരംഭക ജീവിതം സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും വളരാനും മുന്നോട്ട് പോകാനും പ്രചോദനമാകുകയാണ്.