ജയിക്കാനായി മാത്രം ജനിച്ചവരുണ്ട്. സംരംഭക മേഖല ഏതായാലും അവര്‍ സ്വപ്നം പൂര്‍ത്തിയാക്കുക തന്നെ ചെയ്യും. നെല്‍സണ്‍ ഐപ് മേക്കാട്ടുകുളം എന്ന സിനിമാ പ്രൊഡ്യൂസര്‍ ജയിക്കുന്നതും ചങ്കൂറ്റത്തിന്റെയും നല്ല ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങിന്റെയും ബലത്തിലാണ്. ഞാന്‍ പത്ത് പാസ്സായിട്ടില്ല, അതാണ് 27 കോടി ബജറ്റില്‍ ഒരു മെഗാ സ്റ്റാര്‍ ഫിലിം ചെയ്യാന്‍ നിമിത്തമായതെന്ന് തനി തൃശൂര്‍ സ്‌റ്റൈലില്‍ നെല്‍സണ്‍ പറയും.
സിനിമ നിര്‍മ്മാതാവെന്ന നിലയില്‍ ആദ്യസ്വതന്ത്ര സംരംഭമാണ് നെല്‍സണ് മധുരരാജ. അതില്‍ മമ്മൂട്ടിയെന്ന മഹാനടനേയും, വൈശാഖ്-ഉദയ്കൃഷ്ണ എന്ന താരജോഡിയെ കൊണ്ടുവരാനായതാണ് നെല്‍സന്റെ വിജയം. മാത്രമല്ല സണ്ണിലിയോണിനെ ആദ്യമായി മലയാളത്തില്‍ അവതരിപ്പിച്ച് സിനിമയുടെ വലിയ വിപണി ഉറപ്പിക്കാനായി എന്നത് നിര്‍മ്മാതാവെന്ന നിലയിലെ ബുദ്ധിയുമാണ്.
എന്നാല്‍ 1980കളില്‍ പരിമിതമായ ജോലിയും ചുമലില്‍ സ്വപ്നഭാണ്ഡവും പേറി ഗള്‍ഫിലെത്തിയ ഏതൊരു ശരാശരി മലയാളിയേയും പോലെ, ടാക്‌സി ഡ്രൈവറെന്ന തൊഴിലില്‍ ജീവിതം തുടങ്ങിയ ആളാണ് നെല്‍സണ്‍ ഐപ്. പിന്നീട് ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ഉണ്ടായി. സിനിമ എന്ന സംരംഭത്തെക്കുറിച്ച് ആലോചിക്കാന്‍ നിമിത്തമായത് ജഗതി ശ്രീകുമാറിനൊപ്പം ദുബായില്‍ സംഘടിപ്പിച്ച ഒരു താരനിശയും. മിസ്റ്റര്‍ മരുമകനില്‍ കോപ്രൊഡ്യൂസര്‍ ആയിരുന്ന നെല്‍സണ്‍, മധുരരാജയുടെ നിര്‍മ്മാതായയതും ബന്ധങ്ങളെ സൂക്ഷിക്കുന്ന ആളായതുകൊണ്ടാണ്.
മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മ്മാതാവായത് ഒരു അദ്ഭുതമായിരുന്നെന്ന് നെല്‍സണ്‍ പറയുന്നു. 6 കോടി രൂപയുടെ ബജറ്റില്‍ ഒരു ചിത്രം ചെയ്യാമെന്ന് വിചാരിച്ചിരുന്ന സമയത്താണ് ഉദയകൃഷ്ണ, രാജ 2 എന്ന ചിത്രത്തെ കുറിച്ച് പറഞ്ഞത്. അതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ മധുരരാജയിലെത്തി.
27 കോടി മുടക്കി ബിഗ് ബജറ്റ് സിനിമകളിലൊന്നിന്റെ പ്രൊഡ്യൂസറായി മാറിയ നെല്‍സണ് സിനിമ ഒരു മികച്ച സംരംഭമാണെന്ന അഭിപ്രായത്തില്‍ സംശയമില്ല, നല്ല പ്ലാനിങ്ങുണ്ടെങ്കില്‍.
സിനിമ നല്ല സംരംഭമാക്കിയെടുക്കണമെങ്കില്‍ പല ഘടകങ്ങളുണ്ട്. ആ ഘടകങ്ങള്‍ കൃത്യമായി പാലിച്ചുപോയാല്‍ സിനിമ നഷ്ടം വരില്ലെന്ന് നെല്‍സണ്‍ പറയുന്നു. സെലക്ടീവ് കഥ, സെലക്ടീവ് നായകന്‍,സെലക്ടീവ് വില്ലന്‍ തുടങ്ങി എല്ലാ ഘടകങ്ങളും ഒത്തൊരുക്കി വിചാരിച്ച ബജറ്റില്‍ പടം തീര്‍ക്കുകയാണെങ്കില്‍ അതിന്റെ സാറ്റലൈറ്റും മറ്റ് ബിസിനസുകളും കൂടി 60% മുടക്കുമുതല്‍ ഉറപ്പുവരുത്താന്‍ സാധിക്കും. ബാക്കി 40% തീയറ്ററില്‍ നല്ല പ്രതികരണം ലഭിച്ചാല്‍ നഷ്ടം വരില്ലെന്ന് ഉറപ്പു പറയുന്നു നെല്‍സണ്‍. പൈറസി കാര്യങ്ങളെല്ലാം ഒഴിവാകുകയാണെങ്കില്‍ ഒരുപാട് സാധ്യതയുള്ള മേഖലയാണ് സിനിമയെന്നും നെല്‍സണ്‍ പറയുന്നു.
ചെറുകിട സംരംഭമായാലും ബില്യണ്‍ ഡോളര്‍ സംരംഭമായാലും ലോകത്തെവിടെയും അതിന്റെ വിജയഘടകം രണ്ടുമൂന്ന് വരികളില്‍ പറയാവുന്നതേയുള്ളൂവെന്ന് വ്യക്തമാക്കുകയാണ് നെല്‍സണ്‍ ഐപ്.