ജീവിതശൈലീ രോഗങ്ങള്‍ കൂടിവരുന്നതാണ് ജിമ്മുകള്‍ പോലുള്ള ഫിറ്റ്നസ് സ്ഥാപനങ്ങളുടെ എണ്ണവും വര്‍ധിക്കാന്‍ കാരണം. എന്നാല്‍ എല്ലാ മാസവും ജിമ്മില്‍ പോകാന്‍ കഴിയാത്തവര്‍ നിരവധിയുണ്ട്. ഇടയ്ക്കിടെ യാത്ര ചെയ്യേണ്ടി വരുന്നതോ, ദിവസവും പോകാന്‍ താല്‍പ്പര്യമില്ലാത്തതോ.. അങ്ങനെ പല കാരണങ്ങളാല്‍ ജിമ്മില്‍ കൊടുക്കുന്ന പണം പലപ്പോഴും നഷ്ടമാകുന്നു. അങ്ങനെയുള്ളവരെ ലക്ഷ്യംവെച്ചാണ് സുമിത്ത് കുമാറും ഷിഹാബ് അലിയും സുഷി ടെക്നോളജീസ് എന്ന സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചത്. Broid എന്ന ഫിറ്റ്നസ് പ്രൊവൈഡര്‍ ആപ്പിനാണ് സുഷി ടെക്നോളജീസ് രൂപം നല്‍കിയിട്ടുള്ളത്.
ജിമ്മുകളെ കോര്‍ത്തിണക്കി Broid
കേരളത്തിലുടനീളമുള്ള പ്രീമിയം, യുണീസെക്സ് ജിമ്മുകളെയെല്ലാം കോര്‍ത്തിണക്കുന്ന ആപ്പാണ് Broid. മാസത്തില്‍ പണം കൊടുത്ത് മെമ്പര്ഷിപ്പെടുക്കുന്നതിന് പകരം ദിവസവും ഇതിലൂടെ ആക്സസ് ചെയ്യാമെന്നതാണ് പ്രത്യേകത. യാത്ര ചെയ്യുന്നവര്‍ക്ക് ഫിറ്റ്നസ് ഹാബിറ്റ് കൂടെ കൊണ്ടുപോകാന്‍ Broid ആപ്പ് സഹായിക്കുന്നു.
വര്‍ക്ക് കൊണ്ട് വര്‍ക്കൗട്ടോ വര്‍ക്കൗട്ട് കൊണ്ട് വര്‍ക്കോ മിസ് ചെയ്യാതിരിക്കാന്‍
12 വര്‍ഷത്തോളമായി സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് ഫീല്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്ന സുമിത്തും ഷിഹാബും ജോലി രാജിവെച്ചാണ് സുഷി ടെക്നോളീസ് ആരംഭിച്ചത്. വര്‍ക്ക് കൊണ്ട് വര്‍ക്കൗട്ടോ, വര്‍ക്കൗട്ട് കൊണ്ട് വര്‍ക്കോ മിസ് ചെയ്യാന്‍ പാടില്ലെന്ന ചിന്തയില്‍ നിന്നാണ് Broid App പിറവിയെടുത്തത്.
പിന്തുണ നല്കി സ്റ്റാര്‍ട്ടപ്പ് മിഷന്
സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഗൈഡന്‍സും മെന്ററിംഗിലുമാണ് ഇതുവരെ എത്താന്‍ സഹായിച്ചതെന്ന് ഷിഹാബ് പറയുന്നു. ബ്രോയ്ഡ് ആപ്പിനെ കുറിച്ചുള്ള ആശയം കൊണ്ടുവന്നപ്പോള്‍ തന്നെ നല്ല സപ്പോര്‍ട്ട് ലഭിച്ചെന്ന് സുമിത്തും വ്യക്തമാക്കി. ലോകം മുഴുവന്‍ Broid സേവനം ലഭ്യമാക്കുക എന്നതാണ് സുമിത്തിന്റെയും ഷിഹാബിന്റെയും ലക്ഷ്യം.