Startups

സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റത്തിന്റെ വളര്‍ച്ചയെ സഹായിക്കുന്ന ബജറ്റ്

അഞ്ച് വര്‍ഷത്തിനുള്ളില്‍ 50,000 സ്റ്റാര്‍ട്ടപ്പുകള്‍ എന്ന നയപ്രഖ്യാപനത്തെ സഫലമാക്കാന്‍ ലക്ഷ്യമിടുന്നതാണ് ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച സമ്പൂര്‍ണ്ണ ബജറ്റ്. സ്റ്റാര്‍ട്ടപ്പ്, എംഎസ്എംഇ മേഖലകളെ ഏറെ കരുതലോടെ കാണുന്ന കേന്ദ്ര ബജറ്റ് സ്റ്റാര്‍ട്ടപ് എക്കോസിസ്റ്റത്തിന്റെ വളര്‍ച്ചയ്ക്കായി നിരവധി പ്രായോഗിക പ്രഖ്യാപനങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സുപ്രധാനമായ തീരുമാനങ്ങള്‍

എയ്ഞ്ചല്‍ നിക്ഷേപങ്ങളിലെ നികുതി കണക്കാക്കിയിരുന്ന ഐടി ആക്റ്റിലെ സെക്ഷന്‍ 56 (2) 7 ബിയിലെ ഇളവ് തന്നെയാണ് ഇതില്‍ ഏറ്റവും പ്രധാനം. ഏറെ നാളായി സ്റ്റാര്‍ട്ടപ് മേഖലയിലുണ്ടായിരുന്ന ആവശ്യമാണ് ഏയ്ഞ്ചല്‍ ടാക്‌സ് ഇളവിലൂടെ ബജറ്റില്‍ പരിഹാരമായത്. വീട് വിറ്റ് കിട്ടുന്ന പൈസ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുമ്പോള്‍ കിട്ടുന്ന നികുതി ഇളവ് 2021 മാര്‍ച്ച് വരെ തുടരാനുള്ള തീരുമാനവും, നിക്ഷേപകരെ കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി ഫയല്‍ ചെയ്താല്‍ ഷെയര്‍ പ്രീമിയത്തിന്റെ വാല്യുവേഷനില്‍ പരിശോധനകള്‍ ഒഴിവാകുമെന്നതും സ്റ്റാര്‍ട്ടപ്പുകളെ സംബന്ധിച്ച് പ്രധാന തീരുമാനങ്ങളാണ്.

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ചാനല്‍

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ദൂരദര്‍ശന് കീഴില്‍ പ്രത്യേക ചാനല്‍ ആരംഭിക്കാനും ബജറ്റില്‍ തീരുമാനമുണ്ട്. ഇത് ഈ മേഖലയോടുള്ള പരിഗണനയുടെ ഏറ്റവും വലിയ തെളിവാണ്. സംരംഭകരെയും വെഞ്ച്വര്‍ കാപ്പിറ്റലുകളെയും ബന്ധിപ്പിക്കുന്ന പ്രോഗ്രാമുകള്‍ ചാനലില്‍ ഉണ്ടാകും. കഴിഞ്ഞ സര്‍ക്കാര്‍ തുടക്കമിട്ട സ്റ്റാര്‍ട്ടപ്പ് പ്രോത്സാഹന പദ്ധതിയായ സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ കാലാവധി 2020-2025 കാലയളവിലേക്ക് കൂടി നീട്ടുമെന്ന് ബജറ്റ് വ്യക്തമാക്കി.

AI, IOT തുടങ്ങി ആധുനിക സാങ്കേതികസംവിധാനങ്ങളില്‍ പരിശീലനം

തൊഴില്‍ മേഖലയിലുള്‍പ്പെടെ സ്റ്റാര്‍ട്ടപ്പുകളെ ബാധിക്കുന്ന നിയമങ്ങള്‍ സൗഹാര്‍ദ്ദപരമായി പരിഷ്‌കരിക്കാനും യുവസംരംഭകര്‍ക്ക് എഐ,ബിഗ്ഡാറ്റാ,റോബോട്ടിക്,IOT 3ഡി പ്രിന്റിങ് തുടങ്ങിയ ആധുനിക സാങ്കേതികസംവിധാനങ്ങളില്‍ പരിശീലനം നല്‍കാനും ബജറ്റ് നിര്‍ദ്ദേശിക്കുന്നു.

എഫ്ഡിഐ നിയമത്തില്‍ ഇളവുകള്‍

ഗ്രോസറി, ഇ-കൊമേഴ്സ്, ഫുഡ് ഡെലിവറി മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാനായി എഫ്ഡിഐ നിയമത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ വുമണ്‍ സെല്‍ഫ് ഗ്രൂപ്പ് പദ്ധതി വ്യാപിപ്പിക്കും. വനിതാ സ്വയം സഹായ സംഘങ്ങള്‍ക്കായി നല്‍കുന്ന പലിശയിളവ് വ്യാപകമായി നല്‍കും, സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന സംരംഭങ്ങള്‍ക്ക് പ്രത്യേക ധനസഹായം,സ്വയം സഹായ സംഘങ്ങളിലെ സ്ത്രീകള്‍ക്ക് അമ്പതിനായിരം രൂപ ഓവര്‍ ഡ്രാഫ്റ്റ്, ഓരോ വനിതയ്ക്കും സ്വാശ്രയ സംഘം വഴി ഒരു ലക്ഷം രൂപ മുദ്രാലോണ്‍ തുടങ്ങി നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്.

400 കോടി വരെ വാര്‍ഷികവരുമാനമുള്ള കമ്പനികള്‍ക്ക് 25% കോര്‍പ്പറേറ്റ് നികുതിയിളവ്

നേരിട്ട് വിദേശ നിക്ഷേപം നടത്തിയിട്ടുള്ള സിംഗിള്‍ ബ്രാന്റ് റീട്ടെയില്‍ ബ്രാന്റുകള്‍ക്ക് പ്രാദേശിക സോഴ്സിങ് മാനദണ്ഡത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്‍ആര്‍ഐ നിക്ഷേപകര്‍ക്കായി എന്‍ആര്‍ഐ പോര്‍ട്ട്ഫോളിയോ റൂട്ടും ഫോറിന്‍ പോര്‍ട്ടോഫോളിയോ ഇന്‍വെസ്റ്റ്മെന്റ് റൂട്ടും സംയോജിപ്പിക്കാനും ബജറ്റില്‍ ധാരണയായി. 400 കോടി വരെ വാര്‍ഷികവരുമാനമുള്ള കമ്പനികള്‍ക്ക് 25% കോര്‍പ്പറേറ്റ് നികുതിയിളവും ബജറ്റില്‍ പ്രഖ്യാപിച്ചു.കാര്‍ഷിക-ഗ്രാമീണ മേഖലകളില്‍ 75000 വിദഗ്ധ സംരംഭകരെ വികസിപ്പിച്ചെടുക്കാന്‍ വിവിധ പദ്ധതികളും ബജറ്റിലുണ്ട്.

Leave a Reply

Close
Close