വാറംഗലില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയിറിംഗിന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഷഷാങ്ക് പവാര്‍ തന്റെ സംരംഭക യാത്ര തുടങ്ങുന്നത്. Whoz High എന്ന ബ്രാന്‍ഡില്‍ വ്യത്യസ്തമാര്‍ന്നൊരു ടീഷര്‍ട്ട് അവതരിപ്പിച്ചായിരുന്നു തുടക്കം. അതോടെ ബാഹുബലി എന്ന ചിത്രത്തിന്റെ മെര്‍ച്ചെന്‍ഡൈസ് പാര്‍ട്ണറായി. അരവിന്ദ് കെജ്രിവാള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ധരിച്ചതും Whoz High ടീഷര്‍ട്ടായിരുന്നു. ഫാഷന്‍ ഇന്‍ഡസ്ട്രിയില്‍ ഇന്നവേറ്റീവായ എന്തെങ്കിലും ചെയ്യണമെന്ന ചിന്ത വ്യത്യസ്തമാര്‍ന്ന ചെരുപ്പുകള്‍ പുറത്തിറക്കുന്ന Murtle Modular Fashion എന്ന സ്റ്റാര്‍ട്ടപ്പിലേക്ക് ഷഷാങ്കിനെ എത്തിച്ചു.
സ്ട്രാപ്പ് മാറ്റി ഉപയോഗിക്കാവുന്ന ചെരുപ്പ്
കൈ കൊണ്ട് നിര്‍മ്മിക്കുന്നതും ദീര്‍ഘകാലം ഈട് നില്‍ക്കുന്നതുമായ Murtle ചെരുപ്പുകള്‍ കസ്റ്റമര്‍ക്ക് ഇഷ്ടാനുസരണം സ്ട്രാപ് മാറ്റി ഉപയോഗിക്കാം. രണ്ടര വര്‍ഷത്തെ റിസര്‍ച്ചിന് ശേഷമാണ് ഷഷാങ്ക് സ്ട്രാപ്പ് മാറ്റാന്‍ കഴിയുന്ന ചെരുപ്പ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. വൈറ്റ് കോട്ടണ്‍ പോലെ ബയോഡീഗ്രേയ്ഡബിളായിട്ടുള്ള മെറ്റീരിയലുകളാണ് ചെരുപ്പ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. ഒരേ ചെരുപ്പിട്ട് ബോറടിക്കാതിരിക്കാന്‍ വ്യത്യസ്ത പാറ്റേണിലുള്ള സ്ട്രാപ്പുകളാണ് മര്‍ട്ടില്‍ കസ്റ്റമേഴ്‌സിന് ലഭ്യമാക്കുന്നത്.
പരമ്പരാഗത കരകൗശലത്തൊഴിലാളികളും പങ്കാളികള്‍
999 മുതല്‍ 1999 രൂപ വരെയാണ് പ്രൊഡക്ട് റേഞ്ച്. എക്‌സ്ട്രാ സ്ട്രാപ് വേണമെങ്കില്‍ 200 രൂപ കൂടി മുടക്കണം. പരമ്പരാഗത കരകൗശലത്തൊഴിലാളികളേയും നിര്‍മ്മാണത്തില്‍ പങ്കാളികളാക്കുന്നു. അവര്‍ക്ക് ന്യായമായ വേതനവും ഉറപ്പാക്കുന്നു ഷഷാങ്ക്. ബൂട്ട് സ്ട്രാപ്പിലൂടെ 30 ലക്ഷം രൂപ റെയ്സ് ചെയ്താണ് Murtle ആരംഭിച്ചത്. സാമൂഹിക- പാരിസ്ഥിതിക സന്തുലനം കാത്തുകൊണ്ടുള്ള സംരംഭം എന്ന നിലയ്ക്കാണ് ഷഷാങ്കിന്റെ സ്റ്റാര്‍ട്ടപ് ശ്രദ്ധ നേടുന്നത്.