ഒരു തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ചതാണ്, Lamaara ടെക്‌നോളജീസ് എന്ന സ്റ്റാര്‍ട്ടപ്പിന് പ്രചോദനമായത്. സെന്റ് ജോസഫ് കോളേജില്‍ രണ്ടാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളായിരിക്കുമ്പോള്‍ ആന്റോയും തോമസും ഒരു യാത്ര പോയി. വഴിയില്‍ ഒരു തട്ടകടയില്‍ കയറി ഭക്ഷണം കഴിച്ചു. കടക്കാരന്‍ കുടിക്കാന്‍ വെള്ളം കൊണ്ടുവെച്ചെങ്കിലും അവര്‍ക്കത് കുടിക്കാന്‍ തോന്നിയില്ല. അത്രയ്ക്കും മോശമായ വെള്ളം. കടയിലുള്ളവര്‍ പോലും ആ വെള്ളമല്ല കുടിക്കുന്നതെന്ന് മനസിലായി. വെള്ളം ശുദ്ധീകരിക്കുന്നതിനെ കുറിച്ചായി പിന്നീട് അവരുടെ ചിന്ത. ആ യാത്രയില്‍ തന്നെ അവര്‍ ഒരു തീരുമാനമെടുത്തു. ഇതിനൊരു പരിഹാരം കാണുകയെന്ന്. വെള്ളം ശുദ്ധമാണോ മലിനമാണോ എന്ന് തിരിച്ചറിയാന്‍ കഴിയുന്ന പെന്‍ പോലൊരു പ്രൊഡക്ട് ആദ്യം ഡെവലപ് ചെയതെങ്കിലും തങ്ങള്‍ ആലോചിക്കുന്ന പ്രോബ്ലത്തിനുള്ള സൊലൂഷനായില്ല അത് എന്ന് അവര്‍ക്ക് ബോധ്യമായി. തുടര്‍ന്നായിരുന്നു ഫില്‍റ്ററിംഗ് പ്രൊഡക്ടിന്റെ നിര്‍മ്മാണം.
പോക്കറ്റിലാക്കി കൊണ്ടുനടക്കാം ഈ സ്മാര്‍ട്ട് ഫില്‍റ്റര്‍
കൂടെ കൊണ്ടുനടക്കാന്‍ കഴിയുന്ന, എവിടെവെച്ചും കുടിക്കാന്‍ കിട്ടുന്ന വെള്ളം ശുദ്ധമാക്കി കുടിക്കാനൊരു പോര്‍ട്ടബിള്‍ ഫില്‍റ്റര്‍. ഒടിച്ചു മടക്കി ബാഗിലോ പേഴ്‌സിലോ വെക്കാനും പറ്റുന്ന ബോട്ടിലാണ് ആല്‍ഫാ വേര്‍ഷനായി Lamaara ടെക്‌നോളജീസ് അവതരിപ്പിച്ചത്.
ഓര്‍ഗാനിക് ബോട്ടില്‍ മാര്‍ക്കറ്റിലിറക്കാന്‍
ഓര്‍ഗാനിക്കായ ഇത്തരം ഒരു ഫില്‍റ്റര്‍ ഇതുവരെ മാര്‍ക്കറ്റിലിറങ്ങിയിട്ടില്ലെന്ന് ഫൗണ്ടര്‍മാര്‍ പറയുന്നു. പേറ്റന്റ് ഫയല്‍ ചെയ്ത ഫില്‍റ്ററാണ് ലമാറയുടേത്. ബാക്ടീരിയകളും കെമിക്കലും ഇല്ലാതാക്കാന്‍ കഴിയുന്ന ഫില്‍റ്ററാണ് ഇതെന്ന് ഫൗണ്ടേഴ്സ് പറയുന്നു. പൂര്‍ണമായും ഓര്‍ഗാനിക്കായ ഈ സ്മാര്‍ട്ട് ബോട്ടില്‍ മാര്‍ക്കറ്റിലിറക്കാനുള്ള ശ്രമത്തിലാണ് Lamaara ടെക്‌നോളജീസ് ഇപ്പോള്‍.
മറ്റ് സവിശേഷതകള്‍
599 രൂപയാണ് ഈ സ്മാര്‍ട്ട് ബോട്ടിലിന്റെ വില. വെള്ളം ശുദ്ധീകരിക്കുന്നതിനായി ഒരു കാട്രിഡ്ജാണ് ഇതിലുള്ളത്. 100 രൂപ കൊടുത്ത് ഇത് മാത്രമായും വാങ്ങാം. ഒരു മാസം കഴിയുമ്പോള്‍ ഫില്‍റ്ററിന്റെ സെല്‍ഫ് ഷട്ട് ഡൗണ്‍ ഫീച്ചര്‍ ആക്ടിവേറ്റാകുമ്പോള്‍ കാട്രിഡ്ജ് മാറ്റേണ്ട സമയമായി എന്ന് മനസിലാക്കാം. ഭുവനേശ്വര്‍ IIMTയിലെ സയന്റിസ്റ്റുകളുമായി അസോസിയേറ്റ് ചെയ്താണ് ഫില്‍റ്റര്‍ നിര്‍മ്മിച്ചത്. ആയിരം ലിറ്റര്‍ വെള്ളം വരെ ഒരു ഫില്‍റ്റര്‍ ഉപയോഗിച്ച് ശുദ്ധീകരിക്കാമെന്ന് ഫൗണ്ടര്‍മാര്‍ വ്യക്തമാക്കുന്നു.