അമേരിക്കന്‍ റീട്ടെയില്‍ ചെയിനായ വാള്‍മാര്‍ട്ട് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന് പിന്നാലെ ഏറെ ജനശ്രദ്ധ നേടിയ ഒന്നാണ് സ്ത്രീശാക്തീകരണം നടപ്പാക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന സംരംഭകത്വ വികസന പരിപാടി (women entrepreneurship development programme). വനിതകള്‍ നേതൃത്വം നല്‍കുന്ന ബിസിനസുകളുടെ വളര്‍ച്ച ഉറപ്പാക്കാന്‍ ആഗോളതലത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്ന വേളയിലാണ് ഇന്ത്യയിലെ സ്ത്രീ സംരംഭകര്‍ക്ക് വേണ്ടി വികസന പ്രോഗ്രാം നടത്താന്‍ വാള്‍മാര്‍ട്ട് തീരുമാനിച്ചത്. വില്‍പനക്കാരും ഉപഭോക്താക്കളും നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് മുതല്‍ വിപണിയെ ബാധിക്കുന്ന പ്രശ്നങ്ങള്‍ മുന്‍കൂട്ടി കണ്ട് തങ്ങളുടെ സംരംഭം വളര്‍ത്തിയെടുക്കാന്‍ രാജ്യത്തെ സ്ത്രീകളെ പ്രാപ്തരാക്കുകയാണ് വാള്‍മാര്‍ട്ടിന്റെ ലക്ഷ്യം.

എന്താണ് പരിപാടിയിലൂടെ സംരംഭകര്‍ക്ക് ലഭിക്കുന്നത് ?

മൂന്നു മാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിലൂടെ സംരംഭങ്ങള്‍ നടത്തുമ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്നു. ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട ലൊജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍, പ്രോഡക്റ്റ് മാര്‍ക്കറ്റിങ്, ഫിനാന്‍ഷ്യല്‍ പ്ലാനിങ്, റിസോഴ്സ് മാനേജ്മെന്റ്, ഓപ്പറേഷന്‍സ് തുടങ്ങി നിയമസഹായത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ വരെ വനിതാ സംരംഭകര്‍ക്ക് പകര്‍ന്നു നല്‍കാന്‍ പരിശീലന പരിപാടിയ്ക്ക് സാധിച്ചു. ഉല്‍പന്ന നിര്‍മ്മാണത്തിലും സേവന രംഗത്തും പ്രവര്‍ത്തിക്കുന്ന ഒട്ടേറെ വനിതാ സംരംഭങ്ങളാണ് പരിപാടിയില്‍ പങ്കെടുക്കാനായി സമീപിക്കുന്നത്.

മാനദണ്ഡങ്ങള്‍ എന്തൊക്കെ ?

പരിപാടിയില്‍ സ്ത്രീ സംരംഭങ്ങള്‍ക്ക് പങ്കെടുക്കാന്‍ മൂന്ന് മാനദണ്ഡങ്ങളാണുള്ളത്. സംരംഭത്തിന്റെ 51 ശതമാനവും നിയന്ത്രിക്കുന്നതോ കൈവശം വെക്കുന്നതോ സ്ത്രീകളായിരിക്കണം. ചുരുങ്ങിയത് പത്തു ലക്ഷം രൂപയെങ്കിലും ടേണ്‍ഓവര്‍ ഉണ്ടായിരിക്കണം. സംരംഭത്തിന്റെ പ്രവര്‍ത്തനം മൂന്ന് വര്‍ഷം പൂര്‍ത്തീകരിക്കണം. കരകൗശലം, ഹോം ഡെക്കറേഷന്‍, ഭക്ഷ്യശൃംഖല എന്നീ മേഖലയില്‍ നിന്നുള്ള വനിതാ സംരംഭകരാണ് കൂടുതലായും പരിപാടിയുടെ ഭാഗമായത്.

ആര്‍ക്കൊക്കെ പരിശീലനം നല്‍കി ?

2016 ഏപ്രിലിലാണ് വാള്‍മാര്‍ട്ട് വനിതാ സംരംഭകത്വ വികസന പരിപാടി ഇന്ത്യയില്‍ നടപ്പാക്കാന്‍ തുടങ്ങിയത്. വൃതി, വീ കണക്റ്റ് ഇന്റര്‍നാഷണല്‍ എന്നീ രണ്ട് കമ്പനികളുടെ സഹകരണത്തോടെ വനിതകള്‍ നേതൃത്വം നല്‍കുന്ന 32 സംരംഭങ്ങളായിരുന്നു പരിപാടിയുടെ ആദ്യ ബാച്ച്. പരിപാടിയുടെ രണ്ടാം എഡിഷനില്‍ 61 വനിതാ സംരംഭങ്ങളെ പങ്കെടുപ്പിക്കാന്‍ വാള്‍മാര്‍ട്ടിന് സാധിച്ചു. ബിസിനസ് രംഗത്തേക്ക് കടന്നു വരുന്‌പോള്‍ വേണ്ട അടിസ്ഥാന പരിശീലനം മുതല്‍ സാങ്കേതികമായ പിന്തുണ വരെ നല്‍കാന്‍ ഇതിലൂടെ സാധിച്ചു. ഈ വര്‍ഷം നടത്തിയ മൂന്നാം എഡിഷനില്‍ വനിതാ സംരംഭകരുടെ എണ്ണം 75 ആയി വര്‍ധിച്ചു. 40 സംരംഭങ്ങള്‍ക്ക് ക്ലാസ്റൂമുകള്‍ വഴിയും 35 സംരംഭങ്ങള്‍ക്ക് വിര്‍ച്വല്‍ സെഷന്‍ വഴിയും ക്ലാസുകള്‍ നല്‍കാന്‍ സാധിച്ചു.

ഇന്ത്യയില്‍ പരിശീലന പരിപാടി എവിടെയൊക്കെ ?

ആന്ധ്രാപ്രദേശ്, ഡല്‍ഹി, കര്‍ണാടക, ചത്തീസ്ഗഡ്, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ജമ്മു കശ്മീര്‍, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നി സ്ഥലങ്ങളില്‍ നിന്നും ഒട്ടേറെ വനിതാ സംരംഭങ്ങള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പരിപാടി സഹായിച്ചു. ഇതുവരെ നടത്തിയ പരിപാടികളില്‍ 150ല്‍ അധികം വനിതാ സംരംഭങ്ങള്‍ പങ്കെടുത്തു.

സംരംഭകത്വ പരിപാടിയില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം

വാള്‍മാര്‍ട്ട് വനിതാ സംരംഭകത്വ പരിപാടിയമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകള്‍ www.wedpindia.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.. മൂന്ന് മാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന്റെ നോട്ടിഫിക്കേഷന്‍ വരുന്ന സമയം തന്നെ ഇതേ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. സാധാരണയായി ക്ലാസുകള്‍ ആരംഭിക്കുന്നതിന് ഒരു മാസം മുന്‍പേ തന്നെ അപേക്ഷ സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കണം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version