ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് എക്കോ സിസ്റ്റത്തിന് മികച്ച സംഭാവനകള്‍ സമ്മാനിച്ച് കേരളം മുന്നേറുന്ന വേളയിലാണ് സംസ്ഥാനത്തെ മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയുടേയും യൂറോപ്യന്‍ മാര്‍ക്കറ്റിന്റെയും ലോകത്തേക്ക് അവസരമൊരുക്കി ജര്‍മ്മന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെയിന്‍സ്റ്റേജ് ഇന്‍ക്യുബേറ്റര്‍ എന്ന കമ്പനി എത്തിയിരിക്കുന്നത്. കേരളാ സ്റ്റാര്‍ട്ടപ്പ് മിഷനും മെയിന്‍സ്റ്റേജ് ഇന്‍ക്യുബേറ്ററും അടുത്തിടെ ഒപ്പുവെച്ച ധാരണാപത്രം കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
കേരള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യൂറോപ്പിലേക്കും പറക്കാം
കേരളാ സ്റ്റാര്‍ട്ടപ്പ് മിഷനും മെയിന്‍സ്റ്റേജ് ഇന്‍ക്യുബേറ്ററും ഒപ്പുവെച്ച ധാരണ പ്രകാരം കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേക്കും തിരികെയും സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനും പുത്തന്‍ മാര്‍ക്കറ്റുകള്‍ കണ്ടെത്തുന്നതിനും സഹകരണമുണ്ടാകും. ഇരു രാജ്യങ്ങളിലേക്കും ഡെലിഗേഷന്‍ വിസിറ്റുകള്‍ നടത്തുന്നതിനും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയിലേക്കും ഇന്ത്യയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനായി ലോഞ്ച് പാഡുകളും സംഘടിപ്പിക്കും. മാത്രമല്ല ഇരു രാജ്യത്തെയും ഇന്‍ഡസ്ട്രികളുമായി ബന്ധപ്പെടുന്നതിനും സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കും.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സഹായിക്കുംവിധം നിക്ഷേകരേയും കണ്ടെത്താനുള്ള സപ്പോര്‍ട്ടും കെഎസ്യുഎമ്മും മെയിന്‍ സ്റ്റേജ് ഇന്‍ക്യുബേറ്ററും നല്‍കും. ഇവന്റുകളും മീറ്റപ്പുകളും നടത്തുന്നതിനായി ഇന്‍ഫ്രാസ്ട്രക്ചര്‍ ഫെസിലിറ്റിയും സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഒരുക്കും. ജര്‍മ്മനിയിലോ യൂറോപ്പിലോ സ്റ്റാര്‍ട്ടപ്പിന്റെ ബ്രാഞ്ച് റജിസ്റ്റര്‍ ചെയ്യാനുള്ള അവസരവുമുണ്ട്. മാത്രമല്ല ജര്‍മ്മനിയില്‍ ശാഖ ആരംഭിക്കുന്നതിനൊപ്പം തന്നെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വിപുലീകരിക്കാന്‍ സാധിക്കും വിധം അവസരത്തിന്റെ വലിയ ജാലകമാണ് കെഎസ്യുഎം- മെയിന്‍സ്റ്റേജ് ഇന്‍ക്യുബേറ്റര്‍ ധാരണയിലൂടെ തുറക്കുന്നത്.
സോഷ്യല്‍ മീഡിയ വഴി സ്റ്റാര്‍ട്ടപ്പുകളെ പ്രമോട്ട് ചെയ്യാനുള്ള ചുവടുവെപ്പുകളുമുണ്ടാകും. സര്‍വകലാശാലകളും, മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുമടക്കമുള്ള സ്ഥാപനങ്ങളുടെ സഹകരണത്തോടെ വര്‍ക്ക് ഷോപ്പുകളും നോളജ് എക്സ്ചേഞ്ച് പ്രോഗ്രാം നടത്തുവാനും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാധിക്കും. 2022 വരെയാണ് ധാരണാപത്രത്തിന്റെ കാലാവധി.
ഗുണം ആര്‍ക്കൊക്കെ..എങ്ങനെ…?
മികച്ച ആശയങ്ങളും പ്രോഡക്റ്റുകളും സര്‍വീസുകളും നല്‍കുന്ന കമ്പനികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ഉടമ്പടിയാണിത്. ഐടി, വ്യവസായം, നിക്ഷേപം, സര്‍വീസ്, തുടങ്ങി നിരവധി മേഖലയില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യൂറോപ്യന്‍ മാര്‍ക്കറ്റ് തുറന്നു കൊടുക്കുകയാണ് മെയിന്‍സ്റ്റേജ് ഇന്‍ക്യുബേറ്റര്‍. ആരംഭത്തില്‍ തന്നെ മികവ് തെളിയിച്ച സംരംഭങ്ങള്‍ക്ക് മികച്ച നിക്ഷേപകരെയുള്‍പ്പടെ വേഗത്തില്‍ ലഭിക്കുവാനും കമ്പനി സഹായിക്കും. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്‍പ്പടെ ടെക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്‍ഗണന വര്‍ധിക്കുന്നതിനാല്‍ ഐടിയുമായി ബന്ധപ്പെട്ട എല്ലാ സ്റ്റാര്‍ട്ടപ്പുകള്‍ക്കും മികച്ച അവസരമാണിത്.
അറിയാം മെയിന്‍സ്റ്റേജ് ഇന്‍ക്യുബേറ്ററിനെ
യൂറോപ്പിന്റെ ‘ഹൃദയ’ത്തില്‍ ഇടം നേടാന്‍ ആഗ്രഹിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരങ്ങള്‍ തുറന്നു കൊടുക്കുന്ന ഇന്‍ക്യുബേറ്ററാണിത്. ലോകത്തെമ്പാടുമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയിലും ശാഖകള്‍ തുറക്കുന്നതിനൊപ്പം യൂറോപ്യന്‍ മാര്‍ക്കറ്റിലേക്ക് സ്‌കെയിലപ്പ് ചെയ്യുകയും നിക്ഷേപകരെ ലഭ്യമാക്കുകയും ചെയ്യുകയാണ് മെയിന്‍സ്റ്റേജ്.
പ്രോഡക്റ്റിന്റെ മാര്‍ക്കറ്റ് സെയില്‍ എങ്ങനെ വേണമെന്ന കോച്ചിങ് മുതല്‍ ഫണ്ട് റേസിങ്ങിനും മാച്ച്മേക്കിങ്ങായ ഇവന്റുകളും മീറ്റപ്പുകളും വരെ എങ്ങനെ സംഘടിപ്പിക്കാം എന്നതിനും മെയിന്‍സ്റ്റേജ് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നു.കൊച്ചി കളമശേരി കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്റെ കോംപ്ലക്സില്‍ നടന്ന ചടങ്ങില്‍ മെയിന്‍സ്റ്റേജ് ഇന്‍ക്യുബേറ്റര്‍ സിഇഒ സ്വെന്‍ റാഗീവ് ഫെലിക്സ് വെഗ്‌നര്‍ പങ്കെടുക്കുകയും മികച്ച ആശയങ്ങളാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ മുന്നോട്ട് കൊണ്ടു വരുന്നതെന്നും അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വലിയ സാധ്യതകളാണ് ഇത്തരം കമ്പനികള്‍ക്കുള്ളതെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.