വനനശീകരണം എന്നത് പ്രകൃതിയുടെ സന്തുലിതാവസ്ഥയെ കാര്‍ന്നു തിന്നുന്ന വേളയില്‍ വനങ്ങളെ തിരികെ കൊണ്ടു വരാന്‍ സഹായിക്കുന്ന ടെക്നോളജി കണ്ടെത്തി വ്യത്യസ്തരാകുകയാണ് നെല്ലിമറ്റം മാര്‍ ബസേലിയസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സിലെ പ്രതിഭകള്‍. മനുഷ്യര്‍ക്ക് എത്തിപ്പെടാന്‍ സാധിക്കാത്ത സ്ഥലങ്ങളില്‍ പോലും വിത്തുകള്‍ നട്ട് പരിപാലനം നടത്താന്‍ കഴിയുന്ന ഫോര്ബോട്ട് വൈകാതെ തന്നെ ടെക് വിപണിയിലെ താരമാകുമെന്നുറപ്പാണ്.
ഫോറസ്റ്റ് സൃഷ്ടിക്കാന്‍ ഫോര്‍ബോട്ട്സ്
മനുഷ്യ സപ്പോര്‍ട്ടില്ലാതെ പ്രവര്‍ത്തിക്കുന്ന ഗ്രൗണ്ട് വെഹിക്കിളാണ് ടീം ഫോര്‍ബോട്ട്സ് വികസിപ്പിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലടക്കം മരങ്ങളുടെ വിത്തുകള്‍ നടാനും കൃത്യമായി മോണിറ്റര്‍ ചെയ്യുവാനും ഈ റോവറിന് സാധിക്കും. മനുഷ്യര്‍ക്ക് ജോലി ചെയ്യുവാന്‍ പ്രയാസകരവും അപകടകരവുമായ പ്രദേശങ്ങളില്‍ മരങ്ങള്‍ നടാന്‍ ഇവ പ്രാപ്തമാണ്. സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കീഴില്‍ വരെ ഇത്തരത്തില്‍ പ്രവേശനം സാധ്യമല്ലാത്ത സ്ഥലങ്ങളുണ്ട്. വിത്തുകള്‍ നടുന്നതിന് പുറമേ രണ്ടു മാസത്തേക്ക് ഇവയെ ഇമേജ് പ്രോസസിങ് വഴിയും വര്‍ച്വല്‍ നെറ്റ് വര്‍ക്ക് കമ്പ്യൂട്ടിങ് വഴിയും പരിപാലിക്കാനും റോവറിന് പറ്റും. ഇവയുടെ വളര്‍ച്ചയ്ക്കാവശ്യമായ വെള്ളമെത്തിക്കാനും ഇതില്‍ സംവിധാനമുണ്ട്.
ഡ്രിപ്പ് ഇറിഗേഷന്‍ ടെക്നിക്കാണ് റോവറില്‍ ഉപയോഗിച്ചിരിക്കുന്നത്. മരങ്ങള്‍ കുറവുള്ള ഭാഗങ്ങളെ കണ്ടെത്താനുള്ള ഡ്രോണും ഇതിനൊപ്പം വികസിപ്പിച്ചിട്ടുണ്ട്. വിത്തിന്റെ ഹേല്‍ത്ത്, പ്രദേശത്തെ ഈര്‍പ്പത്തിന്റെ അളവ്, ടെമ്പറേച്ചര്‍, സൂര്യപ്രകാശത്തിന്റെ ലഭ്യത അടക്കമുള്ള വിവരങ്ങള്‍ ക്ലൗഡില്‍ ശേഖരിക്കുകയും ചെയ്യും. നടുന്ന വിത്തിന് പ്രത്യേക സീഡ് കെയര്‍ മൊഡ്യൂളൂം തയാറാക്കിയിട്ടുണ്ട്. ഇവയ്ക്ക് പ്രത്യേക കളര്‍ നല്കിയിരിക്കുന്നതിനാല് ഡിറ്റക്ട് ചെയ്യാനും എളുപ്പമാണ്.
ഫുള്‍ചാര്‍ജില്‍ ഏഴ് മണിക്കൂര്‍ ജോലി ചെയ്യുന്ന റോവര്‍
ഫുള്‍ ചാര്‍ജ്ഡ് ബാറ്ററില്‍ തുടര്‍ച്ചയായി ഏഴ് മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ ഈ റോവറിന് സാധിക്കും. മണിക്കൂറില്‍ ഏഴ് കിലോമീറ്റര്‍ വരെ സ്പീഡില്‍ യാത്ര ചെയ്യുന്ന റോവര്‍ സിംഗിള്‍ ചാര്‍ജില്‍ 50 കിലോമീറ്റര്‍ വരെ കവര്‍ ചെയ്യും. ടീം ഫോര്ബോട്ടിന്റെ റിസര്‍ച്ച് പ്രകാരം മാര്‍ക്കറ്റില്‍ 60000ന് മുകളില്‍ വില വരുന്ന ടെക്നോളജിയാണിത്. ലിഥിയം അയോണ്‍ ബാറ്ററി ഉപയോഗിച്ച് അപ്ഗ്രേഡ് ചെയ്താല്‍ നിലവിലുള്ളതിനേക്കാള്‍ കുറഞ്ഞ ചെലവ് മാത്രമേയുണ്ടാകൂവെന്നും ടീം ഫോര്‍ബോട്ട്സ് വ്യക്തമാക്കുന്നു. ഭാവിയില്‍ ഇത്തരം വിത്തു നടുന്നത് സംബന്ധിച്ച് ലേബര്‍ കോസ്റ്റ് കുറയ്ക്കാന്‍ സാധിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കുന്നു. കോളേജ് പരിസരത്ത് തന്നെ പ്ലാവ് നട്ട് ടീം ഫോര്‍ബോട്ട്സ് റിസള്‍ട്ട് കാട്ടിക്കൊടുത്തു. നിലവിലുള്ള പ്രോട്ടോടൈപ്പില്‍ കൂടുതല്‍ അപഡേഷന് നടത്താനും 2021ഓടെ 100 റോബോട്ടുകള്‍ മാര്ക്കറ്റിലിറക്കണമെന്നുമാണ് ഈ പ്രതിഭകളുടെ സ്വപ്നം.
മിടുക്കിന്റെ പര്യായമായ ടീം ഫോര്‍ബോട്ട്സ്
നെല്ലിമറ്റം മാര്‍ ബസേലിയസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സിലെ മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളായ ഗണേഷ് ശ്രീധര്‍, എല്‍ദോസ് വിജി, ആല്ബിന് എല്‍ദോ, ഷെഫിന് ജോണ്‍സി, ശ്രീരാഗ് എസ്, ആന്‍മരിയാ ജോയ് എന്നിവരാണ് റോവര്‍ തയാറാക്കിയ ടീം ഫോര്‍ബോട്ട്സ് അംഗങ്ങള്‍. അസിസ്റ്റന്റ് പ്രഫസര്‍മാരായ ഡോ. പി സോജന് ലാല്‍, റോബന് ജോര്‍ജ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് റോവര്‍ വികസിപ്പിച്ചത്.