സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അറിവിന്റെ ജാലകം തുറന്ന് നല്‍കിയ പരിപാടി ഞാന്‍ സംരംഭകന്‍ ആദ്യ എഡിഷന് മികച്ച പ്രതികരണം. കേരളത്തില്‍ തുടങ്ങാന്‍ സാധിക്കുന്ന സംരംഭങ്ങള്‍ മുതല്‍ ഫണ്ടിങ്ങ് സപ്പോര്‍ട്ടും മാര്‍ക്കറ്റിങ്ങ് പൊട്ടന്‍ഷ്യലുള്ള സംരംഭം എങ്ങനെ തുടങ്ങാം എന്ന് വരെ ഞാന്‍ സംരംഭകന്‍ പങ്കുവെച്ചു. കെഎസ്‌ഐഡിസ്, കിന്‍ഫ്ര, കെബിപ് എന്നിവയുടെ സഹകരണത്തോടെ ചാനല്‍ അയാം ഡോട്ട് കോമാണ് ഞാന്‍ സംരംഭകന്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ 5 ജില്ലകളില്‍ നടക്കുന്ന പരിപാടിയുടെ ആദ്യ എഡിഷനാണ് പെരിന്തല്‍മണ്ണയില്‍ നടന്നത്.
ലോണ്‍ മുതല്‍ സബ്‌സിഡിയെ പറ്റി വരെ അറിയേണ്ടതെല്ലാം
സംരംഭകന് കിട്ടുന്ന ലോണുകള്‍, സബ്‌സിഡികള്‍, ഈടില്ലാതെ കിട്ടുന്ന ലോണുകള്‍ എന്നിങ്ങനെ ലഭ്യമാകുന്ന ഫണ്ടിംഗ് സപ്പോര്‍ട്ടുകളെക്കുറിച്ചും ഞാന്‍ സംരംഭകനില്‍ വിദഗ്ധരായവര്‍ സംരംഭരോട് സംസാരിച്ചു. കെഎസ്‌ഐഡിസി, നോര്‍ക്ക, കിന്‍ഫ്ര, ജില്ലാ വ്യവസായ കേന്ദ്രം എന്നവിടങ്ങിലില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ വിവിധ സംരംഭക സഹായ പദ്ധതികള്‍ വിശദീകരിച്ചു. പരിപാടിയില്‍ പങ്കെടുത്തവരെ ഉള്‍പ്പെടുത്തിയുള്ള ചോദ്യോത്തര പരിപാടിയും ഞാന്‍ സംരംഭകന്റെ ഭാഗമായിരുന്നു.
മലപ്പുറത്തെ യുവസംരംഭകര്‍
ഞാന്‍ സംരംഭകന്‍ ആദ്യ എഡിഷനില്‍ എത്തിയത് ഏറെയും യുവസംരംഭകരാണ്. കേരളത്തില്‍ സംരംഭം ആരംഭിക്കാന്‍ ആവശ്യമായ ലൈസന്‍സുകള്‍ മുതല്‍ മറ്റ് സര്‍ക്കാര്‍ സേവനങ്ങള്‍ വരെ ഏതൊക്കെയെന്ന് അറിയാന്‍ എത്തിയവരാണ് ഏറെയും. സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥികളടക്കം പരിപാടിയുടെ ഭാഗമായി. ഡിജിറ്റല്‍ ടെക്‌നോളജി ഉപയോഗിച്ചുള്ള പ്രോഡക്ട് മാര്‍ക്കറ്റിങ്ങ് സാധ്യതകളെക്കുറിച്ചും ‘ഞാന്‍ സംരംഭകന്‍’ പങ്കുവെച്ചു.
നാലു ജില്ലകളിലേക്ക് ഉടന്‍
സംസ്ഥാനത്തെ സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍, എംഎസ്എംഇ സെക്ടറിലെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചാനല്‍ അയാം ഡോട്ട് കോം നടത്തുന്ന വിപുലമായ പരിപാടിയുടെ ഭാഗമായാണ് ഞാന്‍ സംരംഭകന്‍ സംഘടിപ്പിക്കുന്നത്. മലപ്പുറത്തിന് പുറമേ,കണ്ണൂര്‍, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലും ഞാന്‍ സംരംഭകന്‍ എത്തും.