ആരോഗ്യവും കൃഷിയുമുള്‍പ്പടെ ഗ്രാമീണ മേഖല നേരിടുന്ന പ്രശ്നങ്ങള്‍ക്കു സാങ്കേതിക പരിഹാരം കാണാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനും കാസര്‍കോട്ടെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവും (സി.പി.സി.ആര്‍.ഐ) സംയുക്തമായി റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 2 വരെ സംഘടിപ്പിക്കുന്ന റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവില്‍ ദ്വിദിന അഗ്രിടെക്ക് ഹാക്കത്തോണും നടക്കും. സി.പി.സി.ആര്‍.ഐ കാമ്പസില്‍ നടക്കുന്ന പ്രോഗ്രാമില്‍ വിദ്യാര്‍ത്ഥികള്‍ക്കും സംരംഭകര്‍ക്കും ഭാഗമാകാം.
ഫൗണ്ടേഴ്‌സ് ടോക്ക് മുതല്‍ നിക്ഷേപക-സംരംഭക സംഗമം വരെ
കോണ്‍ക്ലേവിന്റെ ഭാഗമായുള്ള ദ്വിദിന കോണ്‍ഫറന്‍സ് മാര്‍ച്ച് ഒന്നിനും രണ്ടിനും നടക്കും.”സാങ്കേതികതയിലൂടെ ഇന്ത്യയുടെ ഗ്രാമങ്ങളെയും കാര്‍ഷിക മേഖലയെയും ശക്തിപ്പെടുത്തുക”എന്ന പ്രമേയം ആസ്പദമാക്കി ഇന്ത്യയിലെ അറിയപ്പെടുന്ന സംരംഭകരുടെ അനുഭവങ്ങള്‍ പങ്കു വെയ്ക്കുന്ന ഫൗണ്ടേഴ്സ് ടോക്ക്, ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദഗ്ദ്ധരും, അക്കാദമിക് വിദഗ്ധരും, സംരംഭകരുമായുള്ള പാനല്‍ ഡിസ്‌കഷന്‍, നിക്ഷേപക-സംരംഭക സംഗമം എന്നിവയും നടക്കും.
പവര്‍ വുമണ്‍ ഓഫ് ഇന്ത്യ ചവി രജാവത്തും ഒപ്പം
”പവര്‍ വുമണ്‍ ഓഫ് ഇന്ത്യ” എന്നറിയപ്പെടുന്ന ചവി രജാവത് മുഖ്യാതിഥിയാകുന്ന പ്രോഗ്രാമില്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സി.ഇ.ഒ ഡോ.സജി ഗോപിനാഥ്, ഫ്രഷ് ടു ഹോം എന്ന ഡെലിവറി സ്റ്റാര്‍ട്ടപ്പിലൂടെ ലോക ശ്രദ്ധ നേടിയ മാത്യൂസ് ഉള്‍പ്പടെ വ്യത്യസ്ഥമായ സ്റ്റാര്‍ട്ടപ്പുകളിലൂടെ ശ്രദ്ധേയരായവര്‍ സംസാരിക്കും. കാര്‍ഷിക മേഖലയിലെ നൂതന ടെക്നൊളജികള്‍, സംരംഭക സാദ്ധ്യതകള്‍, സംരഭം തുടങ്ങാന്‍ സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങള്‍ നല്‍കുന്ന സാമ്പത്തിക സാങ്കേതിക സഹായങ്ങളെ കുറിച്ച് ഇന്ത്യയിലെ വ്യത്യസ്ത സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ ക്‌ളാസ്സുകള്‍ കൈകാര്യം ചെയ്യുന്ന ”ഡ്രീം ബിഗ് കല്പ” സെഷനും കോണ്‍ക്ലേവിലുണ്ടാകും.
തിരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് 50000 രൂപ പ്രൈസ് മണി
റൂറല്‍ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന സാങ്കേതികവിദ്യയുടെ പ്രോട്ടോടൈപ്പുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് 50000 രൂപ പ്രൈസ് മണിയും കേരള സ്റ്റാര്‍ട്ടപ് മിഷന്റെ സ്റ്റാര്‍ട്ടപ് ആനുകൂല്യങ്ങളും ലഭിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 പേര്‍ക്കാണ് പങ്കെടുക്കാന്‍ അവസരമുള്ളത്. എക്സിബിഷന്‍ പ്രവേശനം സൗജന്യമാണ്. റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ https://startupmission.in/rural_business_conclave/ എന്ന വെബ്സൈറ്റില്‍ മുന്‍കൂറായി രജിസ്റ്റര്‍ ചെയ്യണം. നേരിട്ട് രജിസ്റ്റര്‍ ചെയ്യാന്‍ +91 9847344692 എന്ന നമ്പറില്‍ ബന്ധപ്പെടുക.