വൻ മാറ്റത്തിനൊരുങ്ങി ഇന്ത്യൻ വ്യോമയാന മേഖല. രാജ്യത്തെ ഏറ്റവും തിരക്കേറിയ രണ്ട് നഗരങ്ങളായ ഡൽഹിയിലും മുംബൈയിലും ഈ മാസം പുതിയ വിമാനത്താവളങ്ങൾ വരുന്നതോടെയാണിത്. നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം (NMIA) ഈ മാസം എട്ടിനും, നോയിഡ അന്താരാഷ്ട്ര വിമാനത്താവളം (NIA) ഈ മാസം 30നും തുറക്കും.
രണ്ടാമത്തെ വിമാനത്താവളമെന്ന മുംബൈ മെട്രോപൊളിറ്റൻ റീജിയണിന്റെ (MMR) ഏറെക്കാലമായുള്ള കാത്തിരിപ്പിനാണ് നവിമുംബൈ വിമാനത്താവളത്തിന്റെ വരവോടെ വിരാമമാകുന്നത്. ഒക്ടോബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വിമാനത്താവളം ഉദ്ഘാടനം ചെയ്യും. ഗതാഗത നിയന്ത്രണ ശേഷിയിൽ മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തെ (CSMIA) മറികടക്കാൻ നവിമുംബൈ വിമാനത്താവളത്തിനാകും. പൂർണമായി പ്രവർത്തനക്ഷമമാകുന്നതോടെ പ്രതിവർഷം 9 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള വിമാനത്താവളമായി നവി മുംബൈ മാറും. ലോകത്തിലെ ഏറ്റവും വലുതും നൂതനവുമായ വിമാനത്താവളങ്ങളിൽ ഒന്നുകൂടിയാണിത്. ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ച മുതൽ 15 ദിവസങ്ങൾക്കുള്ളിൽ നവി മുംബൈ വിമാനത്താവത്തിൽ നിന്ന് വിമാന സർവീസുകൾ ആരംഭിക്കും. ആദ്യ മാസത്തിൽ 60 പ്രതിദിന വിമാന സർവീസുകൾ ആരംഭിച്ച്, 30 ദിവസത്തിനുള്ളിൽ എണ്ണം ഇരട്ടിയാക്കും. തുടർന്ന് ആറ് മാസത്തിനുള്ളിൽ 240-300 എന്ന മാർക്കിലെത്തുകയാണ് ലക്ഷ്യം.
ഇന്ദിരാഗാന്ധി ഇൻറർനാഷണൽ എയർപോർട്ടിലെ തിരക്ക് കുറയ്ക്കുന്ന വിധത്തിലാണ് നോയിഡ വിമാനത്താവളത്തിന്റെ രൂപകൽപന. 1334 ഹെക്ടറിലെ പുതിയ വിമാനത്താവളത്തിന് 1.3 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനാകും. ഡൽഹി നിവാസികൾക്ക് നോയിഡ എയർപോർട്ടിലേക്ക് എസി ഇലക്ട്രിക് ബസുകൾ സജ്ജീകരിക്കും. ഉത്തർപ്രദേശിലെയും ഡൽഹി എൻസിആറിലെയും പ്രധാന വ്യോമയാന കേന്ദ്രമായി വിമാനത്താവളം മാറും. എല്ലാ അത്യാധുനിക സൗകര്യങ്ങളുമായി പ്രാദേശിക കണക്റ്റിവിറ്റി ഉറപ്പാക്കുന്ന രാജ്യത്തെ തന്നെ വലിയ എയർപോർട്ടുകളിലൊന്നായാണ് നോയിഡ വിമാനത്താവളം ഒരുങ്ങുന്നത്. പ്രതിവർഷം 100,000 വിമാനങ്ങളുടെയും 250,000 ടൺ ചരക്കുകളുടെയും നീക്കം ഉറപ്പാക്കുന്ന രീതിയിലാണ് രൂപകൽപന. ഡൽഹിയിലെ പ്രധാന വിമാനത്താവളത്തിൽ നിന്ന് 72 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന നോയിഡ വിമാനത്താവളം ഡൽഹി വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കുന്നതിനൊപ്പം വിനോദസഞ്ചാരമേഖലയിലും, ബിസിനസ് രംഗത്തും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കും.
ഈ വികസനം ഇന്ത്യയുടെ വ്യോമയാന അടിസ്ഥാന സൗകര്യങ്ങളെ ന്യൂയോർക്ക്, ലണ്ടൻ, ടോക്കിയോ, പാരീസ് തുടങ്ങിയ ആഗോള കേന്ദ്രങ്ങളുടേതിന് സമാനമാക്കുമെന്ന് അധികൃതർ അറിയിച്ചു. അതിവേഗം വർധിച്ചുവരുന്ന വ്യോമഗതാഗതത്തിനിടയിലും, ഓരോ പ്രധാന നഗരത്തിലും ഒരു പ്രധാന വിമാനത്താവളത്തെ വളരെക്കാലമായി ആശ്രയിച്ചിരുന്ന ഇന്ത്യയുടെ വ്യോമയാന മേഖലയിൽ ഈ രണ്ട്പ്ര വിമാനത്താവളങ്ങളും മാറ്റം കൊണ്ടുവരും.
india’s aviation sector is set for a boost with the opening of navi mumbai and noida international airports this month, enhancing capacity in delhi and mumbai.