വിദേശ രാജ്യങ്ങളിൽ നേരിട്ട് ലിസ്റ്റ് ചെയ്യാൻ ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ അനുവദിച്ച് കൊണ്ട് ലോക്സഭ നിയമം പാസ്സാക്കിയതോടെ വലിയ ആവേശത്തിലാണ് രാജ്യത്തെ സ്റ്റാർട്ടപ് സംരംഭങ്ങൾ. Companies (Amendment) Bill, 2020 പാസ്സായതോടെ, ഇന്ത്യൻ കമ്പനികൾക്ക് നേരിട്ട് വിദേശത്ത് ലിസ്റ്റുചെയ്യാൻ അനുവാദം ആകും.
നിലവിൽ ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റുചെയ്യുന്നതിന് മുമ്പ് വിദേശത്ത് ലിസ്റ്റ് ചെയ്യാനാകില്ല. ബിസിനസ്സിൽ കൂടുതൽ ഗുണം ചെയ്യുന്ന തരത്തിൽ യുഎസ്, സിംഗപ്പൂർ പോലുളള രാജ്യങ്ങളിൽ ലിസ്റ്റ് ചെയ്യാൻ സ്റ്റാർട്ടപ്പുകളെ അനുവദിക്കണമെന്ന് വിവിധ ഇൻവെസ്റ്റ്മെന്റ് അഡ്വസൈർമാർ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യൻ സ്റ്റാർട്ടപ്പുകളായ ഫോൺപേ, പോളിസിബസാർ, ഫ്ലിപ്കാർട്ട് എന്നിവ ഇനിഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ ഉടൻ മാർക്കറ്റിൽ ഇടംപിടിക്കാൻ തയ്യാറെടുക്കുകയാണ്. ഈ കമ്പനികളിൽ ചിലത് ഓവർസീസ് ലിസ്റ്റിംഗിനും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിലവിലുള്ള നിയമങ്ങൾ വിദേശ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഇന്ത്യൻ കമ്പനികളുടെ നേരിട്ടുള്ള ലിസ്റ്റിംഗ് അനുവദിക്കുന്നില്ലെങ്കിലും പല കമ്പനികളും സിംഗപ്പൂർ, മൗറീഷ്യസ്, യുഎസ്, മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ വിദേശ ലിസ്റ്റിംഗിന് യോഗ്യത കിട്ടുന്നതിനായി പേരന്റ് എന്റിറ്റീസ് തുടങ്ങിയിട്ടുണ്ട്. American Depository Receipts അല്ലെങ്കിൽ Global Depository Receipts വഴി വിദേശ മൂലധനം നേടാനാകും.
റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ് തുടങ്ങിയ കമ്പനികൾ ഈ മാർഗമാണ് സ്വീകരിച്ചിട്ടുളളത്. സ്റ്റാർട്ടപ്പുകളെ വിദേശത്ത് ലിസ്റ്റുചെയ്യാൻ അനുവദിക്കുന്നത് ഇന്ത്യൻ സ്റ്റാർട്ടപ്പ് സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിക്കുന്ന ഒന്നായിരിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
അതേസമയം കമ്പനികൾ ഇന്ത്യയിൽ ലിസ്റ്റുചെയ്യണമെന്നത് നിർബന്ധമാക്കേണ്ടതില്ലെന്നുമാണ് വിദഗ്ധാഭിപ്രായം. ചെറുകിട സംരംഭങ്ങൾക്ക് ബിസിനസ് ചെയ്യുന്നതിനുളള അന്തരീക്ഷം കൂടുതൽ സുഗമമാക്കുന്നതിനാണ് ഇത്തരമൊരു ഭേദഗതി ബില്ലിൽ കൊണ്ടുവന്നതെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു.