എൻട്രപ്രണറുടെ ഏറ്റവും വലിയ ചാലഞ്ച് അവരുടെ സ്വകാര്യ ആവശ്യങ്ങൾക്കായി സമയം കണ്ടെത്താൻ പലപ്പോഴും സാധിക്കില്ല എന്നതാണ്. ആരോഗ്യവും ഭക്ഷണവും കൃത്യമായി ശ്രദ്ധിക്കാനാകാത്തവർക്ക് ഡയറ്റും മറ്റും ക്രമീകരിക്കാൻ ജപ്പാനിലെ Okinawa സ്റ്റൈൽ ശീലമാക്കാം.
ആരോഗ്യകരവും, സന്തോഷകരവുമായ ജീവിതം നയിക്കുന്ന മനുഷ്യരുളള അസാധാരണ ഹോട്ട് സ്പോട്ടുകളിലൊന്നാണ് ജപ്പാനിലെ Okinawa. ഓരോ 100,000 ഒക്കിനാവ നിവാസികളിലും പ്രായത്തിൽ സെഞ്ച്വറി അടിച്ച 68 പേരുണ്ട്. യുഎസിലെ റേറ്റ് നോക്കിയാൽ മൂന്നിരട്ടിയിലധികം. ‘Hara hachi bu’: എല്ലാം മിതമായി കഴിക്കുക എന്നതാണ് ഒക്കിനാവൻ സ്റ്റൈൽ.
അതായത് ആവശ്യമായ ഭക്ഷണം മിതമായി മാത്രം കഴിക്കുക. അതായത് 80% വയറു നിറയുമ്പോൾ ഭക്ഷണം കഴിക്കുന്നത് നിർത്തുക. വയർ നിറഞ്ഞു, ഭക്ഷണം ഇനി ആവശ്യമില്ല എന്ന് നമ്മുടെ ബ്രയിന് മനസ്സിലാകാൻ 15-20 മിനിട്ട് വരെ സമയമെടുക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. പതുക്കെ ഭക്ഷണം കഴിക്കുന്ന Hara hachi bu രീതിയനുസരിച്ച് ഭക്ഷണം അമിതമായി കഴിക്കാതെ കൃത്യമായി നിർത്താനാകുന്നു. അതായത് വയർ 80% നിറഞ്ഞിരുക്കുന്ന സമയത്ത് നിങ്ങൾ ഭക്ഷണം കഴിക്കുന്നത് നിർത്തിയാൽ യഥാർത്ഥത്തിൽ അത് 100% ആയി എന്ന് തന്നെയാണ്. പലപ്പോഴും നാം അത് തിരിച്ചറിയാതെ പോകുകയാണ്. അതുകൊണ്ടാണ് കഴിച്ചുകഴിഞ്ഞ് വയർ പൊട്ടുന്ന പോലെ പലപ്പോഴും തോന്നുന്നത്. പാശ്ചാത്യസംസ്കാരത്തിന്റെ ചുവടു പിടിച്ച് ഇന്ത്യയും ഇപ്പോൾ അമിതവണ്ണത്തിന്റെയും ജീവിതശൈലീരോഗങ്ങളുടെയും ഹബ്ബ് ആയിരിക്കുന്നു.
ഒക്കിനാവയിലെ പഴമക്കാർ സസ്യാധിഷ്ഠിതമായ ഡയറ്റ് പിന്തുടരുന്നവരായിരുന്നു. ന്യൂട്രിയന്റ് വാല്യു കൂടിയ വറുത്ത ബീൻസ്, ചീര, mustard greens, sweet potatoes എന്നിവയാണ് ഒക്കിനാവൻ ഡയറ്റ്. Goya ആണ് അവരുടെ മറ്റൊരു ഭക്ഷണം. Bitter melon അഥവാ കയ്പുള്ള തണ്ണിമത്തൻ എന്നും അറിയപ്പെടുന്ന ഗോയയിൽ ആൻറി ഓക്സിഡൻറുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ബ്ലഡ് ഷുഗർ ലെവൽ കുറയ്ക്കുകയും രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും ചെയ്യും.
നമുക്ക് നമ്മുടെ ശരീരത്തോട് ഒരു സ്നേഹം വേണം, അതാണ് ജപ്പാൻകാരുടെ ഒരു ലൈൻ. ശരീരത്തിന് ആവശ്യമുളളത് കൊടുക്കുക –ആവശ്യമുളളത് മാത്രം. പതിയെ കഴിക്കുക, ഇങ്ങനെ ചെയ്യുമ്പോൾ ആവശ്യമില്ലാതെ വാരി വലിച്ചു തിന്നുന്ന ശീലം മാറിപോകും. പതിയെ കഴിക്കുമ്പോൾ ശരീരത്തിന് മതിയായി എന്ന് ബ്രയിനിന് വേഗം തിരിച്ചറിയാനും കഴിയും. ഭക്ഷണം കഴിക്കുമ്പോൾ ടിവി കാണുകയും മൊബൈൽ ഉപയോഗിക്കുകയും നിർത്തുക. ഇവയെല്ലാം ഭക്ഷണത്തിൽ നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കും. ഇങ്ങനെ ആവശ്യത്തിലധികം ഭക്ഷണം ഉളളിലെത്തും. അളവ് കുറയ്ക്കാൻ ചെറിയ പ്ലേറ്റുകളും ഉയർന്നതും വിസ്തൃതി കുറവായതുമായ ഗ്ലാസുകളും ഉപയോഗിക്കുക. കുറച്ച് നാൾ ഇതൊന്ന് പരീക്ഷിക്കൂ…മാറ്റം താനെ വരും. 100 വയസ്സു വരെ ആരോഗ്യത്തോടെ ജീവിക്കാനും സംരംഭകരായിരിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നാളെ മുതൽ നമുക്കും Hara hachi bu ആകാം.