ഇന്നോവേഷൻ പ്രോത്സാഹന സ്കീമുകളിലൂടെ രൂപം കൊള്ളുന്ന സ്റ്റാർട്ടപ് പ്രോഡക്റ്റുകൾക്ക് വാണിജ്യ അടിസ്ഥാനത്തിൽ സംരംഭങ്ങളാക്കി മാറ്റുന്നതിന് സ്റ്റാർട്ടപ്പുകളെ സർക്കാർ പ്രോത്സാഹിപ്പിക്കും. IT സെക്ടറിലെ സ്റ്റാര്‌ട്ടപ്പുകൾക്ക് പുറമെ, പുതിയ ടെക്നോളജി ഉപയോഗപ്പെടുത്തുന്ന മറ്റ് മേഖലകളിലെല്ലാം സ്റ്റാർട്ടപ്പുകൾ പ്രസക്തമാണെന്ന് ധനമന്ത്രി ഡോ തോമസ് ഐസക് ബജറ്റിൽ വ്യക്തമാക്കി.
കേരള ബാങ്ക്, കെഎസ്ഐഡിസി, കെഎഫ്സി, കെഎസ്എഫ്ഇ എന്നീ സ്ഥാപനങ്ങൾ സംയുക്തമായി ഒരു വെഞ്ച്വർ കാപ്പിറ്റൽ ഫണ്ടിന് രൂപം നൽകും. ഇതിലേയ്ക്ക് 50 കോടി രൂപ വകയിരുത്തും. പൂർണ്ണമായും പ്രൊഫഷണലും സ്വതന്ത്രവുമായ രീതിയിലായിരിക്കും ഈ ഫണ്ട് പ്രവർത്തിക്കുക. ഏതെങ്കിലും സ്റ്റാർട്ടപ്പ് പുറത്തുനിന്ന നിക്ഷേപം ആകർഷിക്കുകയാണെങ്കിൽ, ഈ ഫണ്ടിൽ നിന്ന് തത്തുല്യ നിക്ഷേപം ലഭ്യമാക്കും. ഇത്തരം സ്റ്റാർട്ട് അപ്പുകൾക്ക് ഇതിനകം സീഡ് ഫണ്ട് നൽകിയിട്ടുണ്ടെങ്കിൽ അത് ഓഹരി പങ്കാളിത്തമായി മാറ്റും.
മാത്രമല്ല, കെഎസ്ഐഡിസിയും കെഎഫ്സിയും കേരള ബാങ്കും സ്റ്റാർട്ട്അപ്പുകൾക്ക് നൽകുന്ന വായ്പയിൽ നഷ്ടമുണ്ടാവുമെങ്കിൽ അതിന്റെ 50 ശതമാനം സർക്കാർ വഹിക്കും. ഇപ്പോൾ സ്റ്റാർട്ട്അപ്പ് മിഷൻ നടപ്പാക്കിയിട്ടുള്ള ഫണ്ട് ഓഫ് ഫണ്ട് സ്കീമിലേക്ക്, 20 കോടി രൂപ കൂടി വകയിരുത്തി. ടെക്നോളജി പ്രോഡക്ട് സ്റ്റാർട്ടപ്പ് സ്കെയിലപ്പിനാകും ഫണ്ട് നൽകുക. ഇത് പുറത്തുള്ള venture capital ഫണ്ടുകളെ കേരളത്തിലേയ്ക്ക് ആകർഷിക്കുന്നതിനു സഹായകരമാകും.
സ്റ്റാർട്ടപ്പുകളുടെ വർക്ക് ഓർഡറിന്റെ 90 ശതമാനം, പരമാവധി 10 കോടി രൂപ, വരെ പത്തുശതമാനം പലിശയ്ക്ക് ലഭ്യമാക്കും. പർച്ചേസ് ഓർഡറുകൾ ആണെങ്കിൽ ഡിസ്കൗണ്ട് ചെയ്യുന്നതിനും പദ്ധതിയുണ്ടാകും. ഇതിന് കൊളാറ്ററൽ സെക്യൂരിറ്റി വാങ്ങുന്നതല്ല. അതുപോലെതന്നെ സർക്കാരിന്റെ വികസനലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട നൂതന പ്രോട്ടോടൈപ്പുകളുടെ വിപുലീകരണത്തിന് 1 കോടി രൂപ വരെ ലഭ്യമാക്കും. കെഎഫ്സിയും കേരള ബാങ്കും വഴിയാണ് ഈ സ്കീമുകൾ നടപ്പാക്കുക.
കേരള സർക്കാരിന്റെ വലിയ തുകയ്ക്കുള്ള ടെണ്ടറുകളിൽ കേരളത്തിലെ സ്റ്റാർട്ട് അപ്പുകളുമായി ചേർന്നുള്ള കൺസോർഷ്യം മോഡൽ പ്രോത്സാഹിപ്പിക്കും. ഇത്തരത്തിൽ കേരളത്തിലെ സ്റ്റാർട്ട്അപ്പുകളെ കൺസോർഷ്യം പാർട്ട്ണറായി എടുക്കുന്ന ടെണ്ടറുകൾക്ക് ചില മുൻഗണനകൾ നൽകും. ഇത്തരമൊരു സമീപനം എല്ലാ സർക്കാർ വകുപ്പുകളും സ്വീകരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കും.
കേരളത്തിലെ സ്റ്റാർട്ടപ്പുകളെ ഇന്റർനാഷണൽ മാർക്കറ്റിൽ ശക്തിപ്പെടുത്തുന്നതിനുവേണ്ടി പ്രത്യേക പരിപാടിക്കു രൂപം നൽകും. വിദേശ സർവ്വകലാശാലകളും ഗവേഷണസ്ഥാപനങ്ങളും വിദേശകമ്പനികളും സംഘടനകളുമായി ബന്ധപ്പെട്ടുകൊണ്ട് 10 ഇന്റർനാഷണൽ ഡെസ്റ്റിനേഷൻ ലോഞ്ച് പാഡുകൾ സ്ഥാപിക്കും.
സ്റ്റാർട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തിൽ കൊച്ചി കിൻഫ്ര ഹൈടെക് പാർക്കിലുള്ള ടെക്നോളജി ഇന്നവേഷൻ സോണിന്റെവിപുലീകരിക്കുന്നതിനായി 10 കോടി രൂപ അനുവദിച്ചു. സ്റ്റാർട്ടപ്പ്മിഷന്റെ ആഭിമുഖ്യത്തിലുളള യൂത്ത് എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് പരിപാടി, സ്റ്റാർട്ടപ്പുകളുടെ ഇൻക്യുബേഷൻ, ആക്സിലറേഷൻ, ഉൽപന്നങ്ങളുടെ വികസനവും മാർക്കറ്റിംഗും, സ്ത്രീകളുടെ നേതൃത്വത്തിലുള്ള സ്റ്റാർട്ടപ്പുകൾക്കുള്ള പ്രോത്സാഹന പരിപാടി എന്നിവയ്ക്കായി 59 കോടി വകയിരുത്തുന്നുവെന്നും ധനമന്ത്രി പറഞ്ഞു
കെഎസ്ഐഡിസിയുടെ ഇന്നവേഷൻ ആക്സിലറേഷൻ സ്കീമിന് 11 കോടി രൂപ വകയിരുത്തി. സ്റ്റാർട്ടപ്പുകൾക്കായി ഒരു മെന്ററിംഗ് പ്ലാറ്റ്ഫോം സ്ഥാപിക്കുമെന്നും ബജറ്റ് പറയുന്നു
ഈ ആറിന പരിപാടികളുടെ ബലത്തിൽ 20,000 പേർക്ക് തൊഴിൽ ലഭിക്കുന്ന 2,500 സ്റ്റാർട്ടപ്പുകൾ 2021-22ൽ ആരംഭിക്കും.
അഞ്ചു വര്‍ഷത്തിനകം 20 ലക്ഷം പേര്‍ക്കെങ്കിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി തൊഴില്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. സന്നദ്ധരായ പ്രഫഷണലുകളുടെ വിവരങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി ലഭ്യമാക്കും.
നിയര്‍ ഹോം പദ്ധതിക്ക് 20 കോടി രൂപ നീക്കിവെയ്ക്കും. വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവര്‍ക്ക് കെഎസ്എഫ്ഇ, കെഎസ്ഇ എന്നിവ വഴി വായ്പ അനുവദിക്കും. കമ്പനികള്‍ക്ക് കേന്ദ്രീകൃതമോ, വികേന്ദ്രീകൃതമോ ആയി ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിനുളള അവസരം ഒരുക്കുമെന്നും ബജറ്റ് വ്യക്തമാക്കുന്നു.