ഇലോൺ മസ്‌ക് ഉറങ്ങാതെ പണിയെടുത്തു, അതിന്റെ പിഴ 20 മില്യൺ ഡോളർ
സംരംഭകർക്ക്, പ്രത്യേകിച്ച് യുവ സംരംഭകർക്ക്, ടെസ്‌ല സ്ഥാപകനും ലോകകോടീശ്വരനുമായ ഇലോൺ മസ്‌ക് പാഠപുസ്തകമാണ്. സാമൂഹികരംഗത്ത് സാങ്കേതിക വിപ്ലവം സൃഷ്ടിച്ച മസ്കിന്റെ ജീവിതത്തിൽ നിന്നും ധാരാളം പഠിക്കാനുണ്ട്. എന്നാൽ പകർത്താൻ പാടില്ലാത്ത ചിലതുകൂടി ഉണ്ട് മസ്‌ക് എന്ന കഠിനാദ്ധ്വാനിയുടെ ജീവിതപ്പുസ്തകത്തിൽ. മസ്‌ക് ‘കൊണ്ടറിഞ്ഞ്,’ സ്വയം തിരുത്തിയവ. അത്തരത്തിലൊന്നാണ് ജീവിതത്തിൽ ഉറക്കത്തിന്റെ പ്രാധാന്യം.
‘ദി ജോ റോഗൻ എക്സ്പീരിയൻസ്’ പോഡ്‌കാസ്റ്റിൽ അടുത്തിടെ സംസാരിച്ച മസ്‌ക് താനിപ്പോൾ രാത്രി ആറ് മണിക്കൂർ ഉറങ്ങുന്നുണ്ടെന്ന് സമ്മതിച്ചത് വാർത്തയായി. “നിർബന്ധമായും ഉറങ്ങും ഇല്ലെങ്കിൽ എന്റെ ജോലിയിൽ അത് പ്രതിഫലിക്കും,” മസ്‌ക് പറഞ്ഞു.
രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന ഓരോ സ്റ്റാർട്ടപ്പ് ഫൗണ്ടേഴ്സും സംരംഭകരും മനസ്സിൽ കുറിച്ച് വയ്‌ക്കേണ്ട ഒന്നാണ് മസ്കിന്റെ ഈ പ്രസ്താവന.   ഉറക്കത്തെ സംബന്ധിച്ചുമാത്രമല്ല, ജോലിയെയും വിശ്രമത്തേയും സംബന്ധിച്ച പൊതുവായ കാഴ്ചപ്പാടു കൂടി പുനഃപ്പരിശോധിക്കണം ഇത്തരക്കാർ.
ട്രാഫിക് ലഘൂകരിക്കാൻ നിർമ്മിക്കുന്ന തുരങ്കങ്ങളും ചൊവ്വാ  പര്യവേക്ഷണവും ന്യൂറാലിങ്കും മോഡൽ – എസ് രൂപകൽപ്പനയും തുടങ്ങി സമസ്ത കാര്യങ്ങളും റോഗനുമായി സംസാരിക്കുന്നുണ്ട് മസ്‌ക്.
ഇടയ്ക്ക്, താങ്കൾ എങ്ങനെയാണ് ഇതിനൊക്കെ സമയം കണ്ടെത്തുന്നത് എന്ന് അത്ഭുതത്തോടെ ചോദിക്കുന്നുണ്ട് റോഗൻ. റോക്കറ്റും ബഹിരാകാശ വ്യവസായവും മസ്കിന്റെ അനേകം ബിസിനസ്സുകളിൽ ഒന്നുമാത്രമാണെന്നാണ് റോഗനെ ആ ചോദ്യം ചോദിയ്ക്കാൻ പ്രേരിപ്പിച്ചത്.
“ഞാൻ വളരെയധികം ജോലി ചെയ്യുന്നുണ്ട് എന്നത് ശരിയാണ്. രാവിലെ ഒന്നോ രണ്ടോ മണിവരെ ഒക്കെ ജോലി തുടരും. എന്നാൽ വാരാന്ത്യങ്ങളിൽ അങ്ങനെയാവണമെന്നില്ല,” മസ്‌ക് പറയുന്നു.  എത്രനേരം ഉറങ്ങും എന്ന ചോദ്യത്തിന് ആറ് മണിക്കൂർ എന്നാണ് മസ്‌ക് പറയുന്നത്.   മസ്കിനെപോലൊരു അത്യുത്സാഹി ഉറക്കത്തിന് അത്രയും സമയം കണ്ടെത്തുന്നതിനെ പ്രശംസിക്കുന്നുമുണ്ട് റോഗൻ. താൻ ഉറക്കം കുറയ്ക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ അത് തന്റെ ക്രിയാശേഷിയെ  തകർക്കുന്നതായി കണ്ടെത്തിയെന്നും മസ്‌ക് കൂട്ടിച്ചേർത്തു.
മസ്കിന്റെ ചില ട്വീറ്റുകൾ ആസ്ഥാനത്തുള്ളവയാണെന്നും അവ ഉറക്കമില്ലായ്മയുടെ നേർഫലങ്ങളാണെന്നും കരുതുന്നവർ ഒരുപാടുണ്ട്.
2018 ൽ ടെസ്‌ല മോഡൽ 3 ഉൽ‌പാദനം വേഗത്തിലാക്കാൻ ശ്രമിക്കുന്നതിനിടെ മസ്‌ക് പോസ്റ്റ് ചെയ്ത ട്വീറ്റ് ദുരന്തമായിരുന്നു. ടെസ്‌ലയെ സ്വകാര്യസ്ഥാപനം ആക്കുന്നത് പരിഗണിക്കുന്നുവെന്നും ഫണ്ട് റെഡിയാണെന്നുമുള്ള ആ ട്വീറ്റ് സത്യത്തിൽ അടിസ്ഥാനരഹിതമായിരുന്നു. അനന്തരം, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ കേസെടുത്തു. മസ്‌ക്കും ടെസ്‌ലയും 20 മില്യൺ ഡോളർ വീതം പിഴ അടയ്‌ക്കേണ്ടിയും വന്നു. മസ്‌ക് സി‌ഇ‌ഒ ആയി തുടർന്നെങ്കിലും രണ്ട് വർഷത്തോളം ടെസ്‌ലയുടെ ബോർഡ് ചെയർമാൻ സ്ഥാനത്തു നിന്നും മാറി നിൽക്കേണ്ടി വന്നു.
കാറിൽ എയർപോർട്ടിലേക്കുള്ള യാത്രാമധ്യേയാണ് മസ്‌ക് വിവാദ ട്വീറ്റ് പോസ്റ്റ് ചെയ്തത് എന്ന് പിന്നീട് മാധ്യമങ്ങൾ കണ്ടെത്തി.
തായ്‌ലൻഡിലെ ഒരു ഗുഹയിൽ കുടുങ്ങിയ കുട്ടികളെ രക്ഷപ്പെടുത്തുന്നതിൽ പങ്കാളിയായ ഒരാളെ “പെഡോ ഗയ്” എന്ന് വിളിച്ചതിന് മസ്‌ക് അന്താരാഷ്ട്രതലത്തിൽ വിമർശനം നേരിട്ടതിനു തൊട്ടുപിന്നാലെയാണ് ഈ സംഭവം.
ചീത്തപ്പേരില്ലാതാക്കാൻ മസ്‌ക് ‘ദി ന്യൂയോർക് ടൈംസ്’ പത്രത്തിന്  ഒരു അഭിമുഖം നൽകി. കുറ്റസമ്മത രൂപത്തിലുള്ള ആ അഭിമുഖത്തിൽ മസ്‌ക് പറഞ്ഞത് ഞെട്ടലിനേക്കാൾ ഉപരി സഹതാപം ജനിപ്പിക്കുന്ന  കാര്യങ്ങളായിരുന്നു. “ആഴ്ചയിൽ 120 മണിക്കൂർ ജോലിചെയ്യും. ടെസ്‌ല ഫാക്ടറിയിൽ നിന്ന് പുറത്തുപോകാതെ ദിവസങ്ങളോളം ജോലി ചെയ്തു. ഉറക്കം ഇല്ല. അപൂർവ്വം അവസരങ്ങളിൽ ഉറങ്ങിയിട്ടുണ്ട് അതും Ambien  എന്ന ഉറക്കമരുന്നിന്റെ സഹായത്തോടെ,” മസ്‌ക് പറഞ്ഞു.
അദ്ദേഹത്തിന്റെ അലക്ഷ്യമായ ട്വീറ്റുകൾക്ക് ഭാഗികമായെങ്കിലും കാരണമായത് അമിത ജോലി, ക്ഷീണം, ഉറക്കഗുളിക എന്നിവയുടെ ഒരു ചേരുവയായിരിക്കാമെന്ന് ലോകം പിന്നീട് വിധിയെഴുതി.  ആ വർഷം അവസാനം, തന്റെ ജോലി സമയം ആഴ്ചയിൽ  90 മണിക്കൂറായി ചുരുക്കിയതായി മസ്‌ക് അറിയിച്ചു.
രാത്രി ആറുമണിക്കൂറിൽ താഴെ ഉറങ്ങുന്നത് വിപരീത ഫലമുണ്ടാക്കി  എന്ന മസ്‌ക്കിന്റെ അഭിപ്രായം ഗൗരവമായി കാണേണ്ടതാണ്.
യഥാർത്ഥത്തിൽ ചില വിദഗ്ധരുടെ അഭിപ്രായത്തിൽ ആറ് മണിക്കൂർ ഉറക്കം പോലും അപര്യാപ്തമാണ്.  മുതിർന്നവർക്ക് രാത്രി ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ ഉറക്കം ആവശ്യമാണ്.
ചുരുക്കം ചില ആളുകൾക്ക് ഉറക്കം ഈ അളവിൽ ആവശ്യമില്ല. കഴിഞ്ഞ വർഷം പുറത്തുവന്ന ഒരു പഠന റിപ്പോർട്ട് പ്രകാരം ചില ആളുകൾക്ക്  ഉറക്കക്കുറവിനെ അതിജീവിക്കാൻ ശേഷിയുണ്ട്. BHLHE41 എന്ന ജീനാണ് ഇതിനിവരെ സഹായിക്കുന്നത്. എന്നാൽ ഇത്തരക്കാർ ജനസംഖ്യയുടെ 1% മാത്രമാണെന്നറിയുക .
നിങ്ങളുടെ പ്രവൃത്തിസമയം സർഗ്ഗാത്മകവും കാര്യക്ഷമവുമായിരിക്കാൻ എല്ലാ രാത്രിയും നിങ്ങൾക്ക് മതിയായ ഉറക്കം ആവശ്യമാണ്.  ജോലി സമയം ശാസ്ത്രീയമായി ചിട്ടപ്പെടുത്തുകയും ഇടയ്ക്ക്  ഇടവേളകൾ എടുക്കുകയും ചെയ്താൽ ജോലിയിൽ നിങ്ങൾക്ക് മികവ് പുലർത്താനാകും.
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version