രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോൾ മെഡിക്കൽ ഓക്സിജൻ ക്ഷാമത്തെ ചൊല്ലിയുളള വാഗ്വാദങ്ങളും രാഷ്ട്രീയ പോരാട്ടങ്ങളും കൂടി ഉയരുന്നു. ഇന്ത്യയുടെ ഓക്സിജൻ കരുതലിന്റെ യാഥാർത്ഥ്യമെന്താണ്.
തലസ്ഥാനമായ ഡൽഹിയിലെ ആവശ്യകത നിറവേറ്റുന്നതിന് കിഴക്കൻ വ്യാവസായിക മേഖലകളിൽ നിന്നാണ് മെഡിക്കൽ ഓക്സിജൻ എത്തിക്കുന്നത്. ഡൽഹിയിൽ നിന്ന് 1,000 കിലോമീറ്റർ അകലെയുളള സംസ്ഥാനങ്ങളിൽ നിന്നാണ് ഓക്സിജൻ എത്തിക്കേണ്ടത്. പദാർത്ഥത്തിന്റെ അപകടകരമായ സ്വഭാവം കണക്കിലെടുത്ത് ലിക്വിഡ് ഓക്സിജൻ പരിമിതമായ അളവിൽ പ്രത്യേക ടാങ്കറുകളിൽ കടത്തണം . കൃത്യസമയത്ത് ഡെലിവറികൾ ഉറപ്പാക്കാൻ മുൻകൂട്ടി ആസൂത്രണം ആവശ്യമാണെന്ന് ഗ്യാസ് ഇൻഡസ്ട്രി വൃത്തങ്ങൾ പറയുന്നു. അസന്തുലിതമായ വിതരണവും ടെക്നിക്കൽ ലോജിസ്റ്റിക്സിന്റെ അഭാവവും ചില സംസ്ഥാനങ്ങളിൽ ഓക്സിജൻ പ്രതിസന്ധിക്കുമിടയാക്കി.
ഫെബ്രുവരി മുതൽ കോവിഡ് -19 കേസുകൾ മഹാരാഷ്ട്രയിൽ ഉയർന്നു. മെഡിക്കൽ ഓക്സിജന്റെ ആവശ്യം ഇവിടം മുതൽ ഉയർന്ന് തുടങ്ങി. കോവിഡ് രണ്ടാം തരംഗത്തിന് മാർച്ചിൽ തീവ്രത ഏറിയതോടെ സ്ഥിതി കൂടുതൽ വഷളായി. രണ്ടാം തരംഗത്തിനിടെ കോവിഡ് -19 രോഗികളിൽ ആദ്യത്തേതിൽ നിന്ന് വ്യത്യസ്തമായി ശ്വാസതടസ്സം ഒരു പ്രധാന ആശങ്കയായി ഉയർന്നുവെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനാലാണ് മെഡിക്കൽ ഓക്സിജന്റെ ആവശ്യകത ഏതാണ്ട് ഇരട്ടിയായത്. ഒരു കോവിഡ് -19 രോഗിക്ക് ഒരു മിനിറ്റിന് 130 ലിറ്റർ ഓക്സിജൻ ആവശ്യമാണ്, ഇത് ഒരു മണിക്കൂറോളം നീണ്ടുനിൽക്കും.
രാജ്യത്തെ ഏറ്റവും കൂടുതൽ ദുരിതബാധിതരായ 20 സംസ്ഥാനങ്ങൾക്ക് പ്രതിദിനം 6,822 ടൺ ലിക്വിഡ് ഓക്സിജൻ കേന്ദ്രം അനുവദിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. ഏപ്രിൽ 12 ലെ കണക്കനുസരിച്ച് ഇന്ത്യയുടെ മൊത്തം മെഡിക്കൽ ഓക്സിജൻ ആവശ്യകത വെറും 3,842 ടൺ മാത്രമാണ്.
കഴിഞ്ഞ ദിവസങ്ങളിൽ ലിക്വിഡ് മെഡിക്കൽ ഓക്സിജന്റെ ലഭ്യത ഏകദേശം 3,300 ടൺ വർദ്ധിച്ചതായി കേന്ദ്രം വ്യക്തമാക്കുന്നു. ഓക്സിജൻ ഉല്പാദനത്തിനായി 162 pressure swing adsorption പ്ലാന്റുകൾക്ക് സർക്കാർ ആശുപത്രികൾക്ക് കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. 15 സംസ്ഥാനങ്ങളിലായി ഇതുവരെ 33 എണ്ണം മാത്രമേ സ്ഥാപിച്ചിട്ടുള്ളൂ.
വ്യാവസായിക ഉപയോഗമടക്കം കുറഞ്ഞത് 7,100 ടൺ ഓക്സിജന്റെ ഉത്പാദന ശേഷി ഇന്ത്യയിലുണ്ട്. വാണിജ്യ വകുപ്പിൽ നിന്നുള്ള ഓക്സിജൻ എക്സ്പോർട്ടിംഗ് ഡാറ്റ പ്രകാരം മുൻ സാമ്പത്തിക വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ 2021 സാമ്പത്തിക വർഷം ആദ്യ 10 മാസങ്ങളിൽ രാജ്യം ഇരട്ടി ഓക്സിജൻ കയറ്റുമതി ചെയ്തു.
എന്നിരുന്നാലും, മേൽപ്പറഞ്ഞ കാലയളവിൽ ഇന്ത്യയിൽ ഓക്സിജന്റെ ആവശ്യം ഉയർന്നതായിരുന്നില്ല. ഏപ്രിൽ രണ്ടാം വാരത്തിൽ മാത്രമാണ് ഇന്ത്യയിൽ മെഡിക്കൽ ഓക്സിജന്റെ ആവശ്യം അഞ്ചിരട്ടി വർധിച്ചതെന്നാണ് Crisil റിപ്പോർട്ട്.
നിലവിലുള്ള ആവശ്യം നിറവേറ്റാൻ ആവശ്യമായ ഓക്സിജൻ ഉത്പാദനം ഇന്ത്യയിലുണ്ടെന്ന് Inox Air Products ഡയറക്ടർ Siddharth Jain പറയുന്നു. ചില സംസ്ഥാനങ്ങൾ വിതരണ പ്രശ്നങ്ങൾ കാരണം ക്ഷാമം നേരിടുന്നുണ്ടെന്നും Jain കൂട്ടിച്ചേർത്തു. രാജ്യത്ത് മെഡിക്കൽ ഓക്സിജൻ ഡിമാൻഡിന്റെ 50 ശതമാനവും Inox ഉത്പാദിപ്പിക്കുന്നു. Linde India, Goyal MG Gases Pvt Ltd, National Oxygen Limited എന്നിവയാണ് മറ്റ് ചില പ്രധാന നിർമ്മാതാക്കൾ.