ആദ്യവരവിനേക്കാൾ ഭീമമായ പ്രഹരശേഷിയുമായി കോവിഡ് വൈറസിന്റെ രണ്ടാം വരവ്. വാക്സിനെടുക്കാൻ എല്ലാവരും രജിസ്റ്റർ ചെയ്യുന്ന സമയം. സർക്കാരിന്റെ കണക്കനുസരിച്ച് ഇത്തവണ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 54.5% രോഗികൾക്കും ചികിത്സാവേളയിൽ ഓക്സിജൻ ആവശ്യമായി വന്നു. ജനക്കൂട്ടം വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിക്കിത്തിരക്കുന്ന കാഴ്ചയാണിന്നു നാം കാണുന്നത്. വാക്സിനുകളിൽ അടങ്ങിയിരിക്കുന്നതെന്ത്, അവ എങ്ങനെ പ്രവർത്തിക്കുന്നു എന്നൊക്കെ മനസിലാക്കേണ്ട സമയമാണിത്. വാക്സിനുകളുടെ ഗുണമേന്മ സംബന്ധിച്ച ചില തെറ്റിധാരണകൾ മാറ്റേണ്ടതുമുണ്ട്.
കഴിഞ്ഞയാഴ്ച കേന്ദ്ര സർക്കാർ രാജ്യത്തുപയോഗിക്കുന്ന പ്രധാനപ്പെട്ട രണ്ടു വാക്സിനുകളുടെ കാര്യക്ഷമത സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടു. കോവാക്സിൻ, കോവിഷീൽഡ് എന്നീ വാക്സിനുകളാണ് നിലവിൽ രാജ്യത്ത് വിതരണം ചെയ്യുന്നത്. ഡാറ്റ പ്രകാരം രണ്ടുവാക്സിനുകളും മികച്ച ഫലമാണ് തരുന്നത്. കോവാക്സിൻ സ്വീകരിച്ചവരിൽ രണ്ടാമത്തെ ഡോസിന് ശേഷവും 695 പേർ കോവിഡ് പോസിറ്റീവായി. ഇത് വാക്സിൻ സ്വീകരിച്ച ആകെ ആൾക്കാരുടെ 0.04 ശതമാനമാണ്.
കോവിഷീൽഡ് കുത്തിവയ്‌പ്പെടുത്തവരിൽ 5,014 പേർക്ക് രണ്ടാം ഡോസിന് ശേഷവും രോഗം പിടിപെട്ടു. അതായത് 0.03 ശതമാനം പേർക്ക്. ഈ കണക്കുകൾ തയ്യാറാക്കുമ്പോൾ ഇന്ത്യയിൽ 1.1 കോടി ആൾക്കാർ കോവാക്സിനും 11.6 കോടി പേര് കോവിഷീൽഡും സ്വീകരിച്ചിരുന്നു.
ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുമായി സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് ആണ് കോവാക്സിൻ വികസിപ്പിച്ചെടുത്തത്.
ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രാസെനെക്കയും ചേർന്ന് വികസിപ്പിച്ചെടുത്ത വാക്‌സിനാണ് കോവിഷീൽഡ്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അവരുടെ പുണെ ഫാക്ടറിയിലാണിത് നിർമ്മിക്കുന്നത്. റഷ്യയുടെ സ്പുട്‌നിക് വി വാക്സിനും ശുഭപ്രതീക്ഷ നൽകുന്നു.
“ഇനാക്ടീവായ SARS-CoV-2 വൈറസുകളെ ഉപയോഗിച്ചാണ് കോവാക്സിൻ നിർമ്മിക്കുന്നത്. നിർജ്ജീവങ്ങളായതിനാൽ ഈ വൈറസ്സുകൾക്ക് നമ്മളിൽ അണുബാധ ഉണ്ടാക്കാൻ കഴിയില്ല. എന്നാൽ ഇവയുടെ സാന്നിധ്യം നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ ഉണർത്തും.
അതിന്റെഫലമായി ശരീരം ആന്റിബോഡികൾ ഉത്പാദിപ്പിക്കും. ഈ ആന്റിബോഡികളാണ് ആക്ടീവായ, യഥാർത്ഥ വൈറസുകൾ നമ്മുടെ ശരീരത്തിൽ പ്രവേശിച്ചാലും നമ്മളെ രോഗബാധിതരാക്കാതെ സംരക്ഷിക്കുന്നത്,” നവി മുംബൈയിലെ ഫോർട്ടിസ് ഹിരാനന്ദനി ആശുപത്രിയിലെ ചീഫ് ഇന്റൻസിവിസ്റ്റ് ഡോ. ചന്ദ്രശേഖർ ടി പറഞ്ഞു.
കോവാക്സിനിൽ ദുർബലമായ കൊറോണ വൈറസിന്റെ RNA യാണ് B സെല്ലുകളിൽ നിന്നും T സെല്ലുകളിൽ നിന്നും immune response അഥവാ രോഗപ്രതിരോധ പ്രതികരണം ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. T സെൽ രോഗപ്രതിരോധ ശേഷിയാണ് കൂടുതൽ കാലം നിലനിൽക്കുന്നത്.
കോവിഷീൽഡിൽ ഉപയോഗിച്ചിരിക്കുന്നത് ChAdOx1 എന്നറിയപ്പെടുന്ന, ചിമ്പാൻസികളിൽ ജലദോഷപ്പനിക്ക് കാരണമാകുന്ന വൈറസ്സിനെയാണ്. B സെൽ, T സെൽ പ്രതിരോധശേഷി സൃഷ്ടിക്കുന്നതിനാണ് ഇത് വികസിപ്പിച്ചതെങ്കിലും T സെൽ മുഖാന്തിരമുള്ള പ്രതിരോധശേഷിയാണ് കൂടുതൽ കാലം നിലനിൽക്കുന്നത്.
ഒരു വ്യക്തിയിൽ വാക്സിൻ കുത്തിവയ്ക്കുമ്പോൾ അത് ആന്റിബോഡികൾ നിർമ്മിക്കാൻ ആ ശരീരത്തെ പ്രേരിപ്പിക്കുകയും അതുവഴി കൊറോണ വൈറസ് അണുബാധയെ ചെറുക്കൻ ശരീരത്തെ പ്രാപ്തമാക്കുകയും ചെയ്യുന്നു.
“പതിനായിരം പേരിൽ മൂന്നു മുതൽ നാല് പേർക്ക് വരെ ബ്രേക്ക്‌ത്രൂ അണുബാധ അഥവാ വാക്സിനേഷൻ ചെയ്ത ശേഷവും രോഗം ബാധിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. എന്നാൽ ഇതിന്റെ തോത് വളരെ കുറവാണ്. വിദേശ വാക്സിനുകളുടെ കാര്യത്തിലും ഇത് സംഭവിക്കാം. ഓർത്തിരിക്കേണ്ട കാര്യം, കുത്തിവയ്പ്പിന് ശേഷം കോവിഡ് ബാധിച്ചാലും അത് ഗുരുതരമാകില്ല എന്നതാണ്,” NITI Aayog അംഗവും നാഷണൽ കോവിഡ് ലീഡര്ഷിപ് ടീമിന്റെ ഭാഗവുമായ ഡോക്ടർ വി.കെ. പോൾ പറയുന്നു.
വൈറസ് അതിന്റെ RNA യിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുമ്പോഴാണ് മ്യൂട്ടേഷൻ സംഭവിച്ചു എന്ന് പറയുന്നത്. ഇപ്പോൾ കൊറോണ വൈറസ് ഒരു മ്യൂട്ടേറ്റിംഗ് വൈറസായി മാറിക്കഴിഞ്ഞു. ഇന്ത്യയിൽ ഇത് രണ്ട്-മൂന്ന് തവണ മ്യൂട്ടേറ്റ് ചെയ്തുകഴിഞ്ഞു. അതിനാൽ, വൈറസിന്റെ ജീവശാസ്ത്രത്തെ കൂടുതൽ മനസിലാക്കാൻ ചില ജീനോമിക് അനലിറ്റിക് പഠനങ്ങളാണ് ഇനി നടക്കേണ്ടത്. ഇന്ന് നമ്മുടെ പക്കൽ നിരവധി വ്യത്യസ്തങ്ങളായ പഠന റിപ്പോർട്ടുകൾ ഉണ്ട്. അതുപയോഗിച്ച് ഇന്ത്യ ഒരു വലിയ ജീനോമിക് സീക്വൻസിംഗ് പഠനം ആരംഭിക്കേണ്ടതുണ്ട്.
“നിലവിലുള്ള രണ്ട് വാക്സിനുകളും ഫലപ്രദമാണ്. അവ തീർച്ചയായും അണുബാധയുടെ തീവ്രതയെയും മരണത്തെയും തടയും. കൂടാതെ, നിലവിൽ ലഭ്യമായ വാക്സിനുകൾ SARS Covid-19 ന്റെ പരിവർത്തിത വേരിയന്റുകളിൽനിന്നുകൂടി ചെറിയൊരളവിലെങ്കിലും സംരക്ഷണം നൽകുമെന്നും അനുമാനിക്കപ്പെടുന്നു,” ഡോ. ചന്ദ്രശേഖർ പറഞ്ഞു.
അണുബാധയിൽ നിന്ന് ഒരു വാക്സിനും 100% സംരക്ഷണം തരാൻ സാധിക്കില്ല. എന്നിരുന്നാലും പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നത് രോഗത്തിന്റെ തീവ്രതയും മരണനിരക്കും കുറയ്ക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
കോവാക്‌സിനും കോവിഷീൽഡും സർക്കാർ അംഗീകാരം നേടിയവയും ഒരുപോലെ ഫലപ്രദവുമാണ്. വാക്സിനുകൾ അണുബാധയുടെ കാഠിന്യം കുറയ്ക്കുന്നുവെന്നല്ലാതെ അത് തടയുന്നില്ല. അതിനാൽ ആളുകൾ വാക്സിനേഷനുശേഷവും കോവിഡ് പ്രോട്ടോകോൾ കർശനമായും പാലിക്കേണ്ടതുണ്ട്. ആന്റിബോഡികൾ ശക്തിപ്രാപിക്കാൻ 2-3 ആഴ്ച എടുക്കും. ഈ കാലയളവിലും ഒരാൾക്ക് കടുത്ത അണുബാധ ഉണ്ടാകാം.
18 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള വാക്സിനുകൾക്കായുള്ള പരീക്ഷണങ്ങൾ ലോകത്ത് നടന്നുകൊണ്ടിരിക്കുകയാണ്. അത് വിജയിക്കുന്ന മുറയ്ക്ക് അവർക്കും വാക്സിനേഷൻ ആരംഭിക്കും. കുട്ടികളിൽ തീവ്രതകൂടിയ അണുബാധ അപൂർവ്വമായേ സംഭവിച്ചിട്ടുള്ളൂ. അതിനാൽ അക്കാര്യത്തിൽ അനാവശ്യമായി പരിഭ്രാന്തരാകുകയോ ഭീതി സൃഷ്ടിക്കുകയോ അരുത്. |