കോവിഡ് രണ്ടാം തരംഗത്തിൽ ദൈനംദിന കണക്കുകളും കൺടെയ്ൻമെന്റ് സോണുകളും പോലുളള അറിയിപ്പുകൾ ജനങ്ങളിലേക്ക് എത്തിക്കാൻ കൂടുതലും സോഷ്യൽ മീഡിയ ഉപയോഗപ്പെട്ടു. ഒട്ടുമിക്ക തദ്ദേശ സ്ഥാപനങ്ങളും വാട്സ്ആപ്പ്, ഫേസ്ബുക്ക് പോലുള്ള നവമാധ്യമങ്ങളെ കൂട്ടുപിടിച്ചു.
എറണാകുളം ജില്ലയിലെ പൂതൃക്ക ഗ്രാമ പഞ്ചായത്ത് സൃഷ്ടിച്ച മാതൃക മറ്റൊന്നായിരുന്നു. കോവിഡ് രണ്ടാം തരംഗം നേരിടാൻ ഒരു പുതിയ സോഷ്യൽ മീഡിയ ആപ്പ് തന്നെ ഒരുക്കി ഗ്രാമപഞ്ചായത്ത്. കോലഞ്ചേരി സ്വദേശിയും അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ അവസാനവർഷ വിദ്യാർത്ഥിയുമായ ആനന്ദ് ബാലകൃഷ്ണനും സുഹൃത്തുക്കളും ആണ് ഈ ആപ്പിന്റെ ഫൗണ്ടേഴ്സ്.
ഒരു പഞ്ചായത്തിന്റെ എല്ലാ മേഖലകളിലും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന സോഷ്യൽ നെറ്റ്‌വർക്ക് മൊബൈൽ ആപ്ലിക്കേഷൻ ആണ് ബീറ്റ്. വാട്സാപ്പ് പോലെ തന്നെ ബീറ്റ് ആപ്പിലും ഗ്രൂപ്പുകൾ തുടങ്ങാം. ഈ ഗ്രൂപ്പുകളിൽ ആളുകളെ ചേർക്കുന്നതിന് പരിധിയും ഇല്ല. ഒരു പഞ്ചായത്തിലെ എല്ലാ ആളുകളേയും ഉൾപ്പെടുത്തി ഗ്രൂപ്പ് തുടങ്ങാൻ കഴിയും.
പൂതൃക്ക പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ബീറ്റ് ആപ്പ് വഴി വാക്‌സിൻ അലേർട്ട് സംവിധാനവും നടപ്പാക്കി. ആശുപത്രിയിൽ വാക്‌സിൻ സ്ലോട്ട് ഓപ്പൺ ആവുമ്പോൾ തന്നെ cowin വെബ്സൈറ്റിൽ നിന്ന് നേരിട്ട് അറിയിപ്പ് ഗ്രൂപ്പിൽ വരും. പഞ്ചായത്തിൽ ഉള്ള ആളുകൾക്ക് ആദ്യം തന്നെ വാക്‌സിൻ ലഭിക്കാൻ ഈ സംവിധാനം സഹായകമായി.
പഞ്ചായത്തിലെ കൃഷി ഭവൻ, കർഷക കൂട്ടായ്മ ഉണ്ടാക്കി കാർഷിക വിളകൾ വിപണനം ചെയ്യുവാനും ബീറ്റ് ആപ്പ് ഉപയോഗിക്കുന്നു.