21 മാസങ്ങൾ കൊണ്ട് യൂണികോൺ പദവിയിലെത്തുക അത്രയെളുപ്പമാണോ? ആണെന്നാണ് Apna എന്ന പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്ഫോമിന്റെ വിജയകഥ പറയുന്നത്. ആനുവൽ ടേൺഓവറിൽ വലിയ അക്കങ്ങളുടെ പെരുകിയ കണക്കില്ലാതെ തന്നെ apna യൂണികോണായി. കോവിഡിനെത്തുടർന്ന് മാസങ്ങളുടെ മാന്ദ്യത്തിന് ശേഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലേക്ക് നീങ്ങി തുടങ്ങിയ സമയത്താണ് അപ്നയുടെ യൂണികോണിലേക്കുള്ള യാത്ര. ടൈഗർ ഗ്ലോബലിന്റെ നേതൃത്വത്തിലുള്ള സീരീസ് സി ഫണ്ടിംഗിലൂടെ 100 മില്യൺ ഡോളർ വാല്യുവേഷനിലെത്തിയതോടെയാണ് ബെംഗളൂരു ആസ്ഥാനമായുള്ള അപ്ന ഒരു യൂണികോണായി മാറിയത്.
2019 ൽ നിർമിത് പരീഖ് തുടക്കമിട്ട സ്റ്റാർട്ടപ്പ് ഇന്ന് മുംബൈ, ഡൽഹി, ബെംഗളൂരു, ഹൈദരാബാദ്, പൂനെ എന്നിവയുൾപ്പെടെ 28 നഗരങ്ങളിൽ പ്രവർത്തിക്കുന്നു. ഈ പ്ലാറ്റ്‌ഫോമിൽ 50 ലക്ഷത്തിലധികം ജോലികളും,150,000 SMBകളും 16 ദശലക്ഷം ഉപയോക്താക്കളുമുണ്ട്. എല്ലാ മാസവും, 18 ദശലക്ഷത്തിലധികം തൊഴിൽ അഭിമുഖങ്ങൾ നടത്താൻ പ്ലാറ്റ്ഫോം കമ്പനികളെ സഹായിക്കുന്നു.
എഞ്ചിനിയറിംഗ് ബിരുദധാരിയായ പരീഖ് സ്റ്റാൻ ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് MBA യും കരസ്ഥമാക്കിയിട്ടുണ്ട്. ആദ്യകാലത്ത് തുടങ്ങിയ കമ്പനികളൊന്നും പൂർണതയിലെത്തിക്കാൻ പരീഖിന് കഴിഞ്ഞിരുന്നില്ല. MBA നേടിയതിന് ശേഷം ആപ്പിളിലും കുറച്ച് കാലം ജോലി ചെയ്തു. തൊഴിലില്ലായ്മ എന്നത് ഇന്ത്യയിൽ മാത്രമല്ല ഒരു ആഗോള പ്രശ്നമാണെന്ന തിരിച്ചറിവിലാണ് പുതിയ സംരംഭ സാധ്യത തുറന്ന് കിട്ടുന്നത്. ഒരു തൊഴിലുടമയുടെ കാഴ്ചപ്പാട് എന്തെന്ന് നന്നായറിയാവുന്ന പരീഖ് ഒരു ബ്ലൂ-ഗ്രേ കോളർ തൊഴിലിനെ കുറിച്ച് മനസിലാക്കാൻ ഇലക്ട്രീഷ്യൻ, ഫോർമാൻ, ഷോപ്പ് ഫ്ലോർ മാൻ എന്ന നിലയിലെല്ലാം ജോലി ചെയ്തു.
നിങ്ങൾക്ക് ഒരു പ്രശ്നം എന്തെന്ന് അനുഭവിച്ചറിയാൻ പറ്റാത്തിടത്തോളം, നിങ്ങൾക്ക് ഒരു നല്ല പരിഹാരം നിർമ്മിക്കാൻ കഴിയില്ലെന്ന് സ്വന്തം അനുഭവത്തിൽ നിന്ന് നിർമിത് പരീഖ് പറയുന്നു. ബോളിവുഡ് ചിത്രമായ ഗല്ലി ബോയിയിലെ ഡയലോഗും അപ്നക്ക് തുടക്കമിടാൻ തനിക്ക് പ്രചോദനമായെന്ന് പരീഖ് പറയുന്നു. സിനിമയിലെ ജനപ്രിയ ഗാനമായ അപ്നാ ടൈം ആയേഗ എന്നതിൽ നിന്നാണ് സ്റ്റാർട്ടപ്പിന് അപ്ന എന്ന പേര് നൽകിയത്. ആപ്പിന്റെ നിർമാണത്തിന്റെ ആദ്യകാലങ്ങളിൽ, പരിഖ് കൂടുതൽ സമയവും മുംബൈയിലെ ചേരിപ്രദേശങ്ങളിൽ ചെലവഴിച്ച് ഉപയോക്താക്കളുടെ ആവശ്യകതകൾ മനസ്സിലാക്കാനും ശ്രമിച്ചിരുന്നു.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ ലോകമെമ്പാടുമുള്ള തൊഴിലാളിവർഗ വിഭാഗത്തിലെ 2.3 ബില്യണിലധികം ആളുകളിലേക്കെത്തുക എന്നതാണ് അപ്നയുടെ ലക്ഷ്യം.