ത്രാസിയോ മോഡൽ: ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലെ പുതിയ മന്ത്രം

ത്രാസിയോ മോഡൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ
ത്രാസിയോ (Thrasio) മോഡൽ എന്ന ആശയം ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന് പുതിയതാണ്. പക്ഷേ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ മോഡലുമായി ബന്ധിപ്പിച്ചിട്ടുള്ള കമ്പനികളാണ് വാർത്തകളിൽ നിറയുന്നത്. അതിവേഗം വളരുന്ന ഡിജിറ്റൽ-ഫസ്റ്റ് ബ്രാൻഡുകൾ ഏറ്റെടുക്കുന്നതിലും അവരുടെ ഉൽപ്പന്നങ്ങൾ സ്കെയിൽ ചെയ്യുന്നതിലും സ്പെഷ്യലൈസ് ചെയ്യുന്ന സ്റ്റാർട്ടപ്പുകളുടെ ഒരു പുതിയ മോഡലാണ് ത്രാസിയോ-സ്റ്റൈൽ സ്റ്റാർട്ടപ്പ്. ഏറ്റവും അടുത്ത ഉദാഹരണം മെൻസ ബ്രാൻഡ്സാണ്. വെറും ആറുമാസത്തിനുളളിൽ യൂണികോണായി ഞെട്ടിച്ച മെൻസ ബ്രാൻഡ്സ് ത്രാസിയോ മോഡലിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പാണ്. മെൻസ മാത്രമല്ല, ജി.ഒ.എ.ടി. ബ്രാൻഡ് ലാബ്‌സ്, ഗ്ലോബൽബീസ്, ഈവൻഫ്ലോ, പവർഹൗസ്91, അപ്‌സ്‌കാലിയോ, 10 ക്ലബ്ബ് എന്നിവയെല്ലാം ത്രാസിയോ മോഡൽ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പുകളാണ്. വെഞ്ച്വർ ക്യാപിറ്റൽ നിക്ഷേപകർ കുറഞ്ഞ കാലയളവിൽ ഈ സ്റ്റാർട്ടപ്പുകളിലേക്ക് ഗണ്യമായ അളവിൽ പണം ഒഴുക്കി.ഈ കമ്പനികൾ ഫാഷൻ, സൗന്ദര്യം, വ്യക്തിഗത പരിചരണം, ഭക്ഷണം, വീട്, കായികം, ജീവിതശൈലി തുടങ്ങിയ വിഭാഗങ്ങളിലുടനീളം ഓൺലൈൻ ബ്രാൻഡുകൾ സ്വന്തമാക്കുന്നു.ആമസോണിനെപ്പോലുള്ള ഇടനിലക്കാരെ ഒഴിവാക്കി, പ്രത്യേക വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഡയറക്ട്-ടു-കൺസ്യൂമർ ബ്രാൻഡുകളെ അവർ ലക്ഷ്യമിടുന്നു.

എന്താണ് ത്രാസിയോ മോഡൽ
2018-ൽ യുഎസിൽ ജോഷ്വ സിൽബർസ്റ്റൈനും കാർലോസ് കാഷ്മാനും ചേർന്ന് സ്ഥാപിച്ച ത്രാസിയോ ആമസോണിൽ വിൽക്കുന്ന ബ്രാൻഡുകളിലൂടെയാണ് മോഡൽ സൃഷ്ടിച്ചത്. സ്റ്റാർട്ടപ്പ് ബ്രാൻഡുകളുമായി സഹകരിക്കുന്നു, അവരെ ഏറ്റെടുക്കുന്നു. സാധാരണഗതിയിൽ, ഇത് ചെറുകിട ബിസിനസ്സ് ഉടമകളിൽ നിന്ന് ഒരു മില്യൺ ഡോളറിലധികം പർച്ചേസ് പ്രൈസിൽ ദൈനംദിന ഉൽപ്പന്നങ്ങൾക്കായി ബ്രാൻഡുകളെ വാങ്ങുന്നു. ഒരിക്കൽ ബ്രാൻഡ് സ്വന്തമാക്കിക്കഴിഞ്ഞാൽ, പിന്നെ അതിന്റെ മാർക്കറ്റിംഗ്, സാങ്കേതികവിദ്യ, വിതരണ ശൃംഖല, ഇൻവെന്ററി മാനേജ്മെന്റ്, ലോജിസ്റ്റിക്സ്, ഉൽപ്പന്ന വികസനം എന്നിവ നവീകരിക്കുന്നു. 2020-ൽ, ഈ മാതൃക പിന്തുടർന്ന്, ത്രാസിയോ 500 മില്യൺ ഡോളറിലധികം വരുമാനവും 100 മില്യൺ ഡോളർ ലാഭവും നേടി. ബ്ലൂംബെർഗ് പറയുന്നതനുസരിച്ച്, 2021 ഫെബ്രുവരിയിൽ യൂണികോൺ സ്റ്റാർട്ടപ്പിന്റെ മൂല്യം 3 ബില്യൺ ഡോളറായിരുന്നു. Fulfillment By Amazon അല്ലെങ്കിൽ FBA സേവനം ഉപയോഗിച്ച് തങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന തേർഡ് പാർട്ടി സെല്ലേഴ്സിനെ വാങ്ങുന്നതിനാണ് ത്രസിയോ ലക്ഷ്യമിടുന്നത്. ഇപ്പോൾ ഏകദേശം 100 FBA ബ്രാൻഡുകളുടെ ആഗോള പോർട്ട്‌ഫോളിയോ കൈകാര്യം ചെയ്യുന്നു. ത്രാസിയോയുടെ വിജയം 2020 മുതൽ ഇന്ത്യയിൽ നിരവധി സ്റ്റാർട്ടപ്പുകൾക്ക് പ്രചോദനമായി.

ഇന്ത്യയിലെ ത്രാസിയോ മോഡൽ
ഇപ്പോൾ, ആമസോണിന് ദശലക്ഷക്കണക്കിന് തേർഡ് പാർട്ടി സെല്ലർമാരാണുളളത്. അത് ഭാവിയിൽ ഇനിയും വളരാൻ സാധ്യതയുണ്ട്. കഴിഞ്ഞ വർഷം 1 ദശലക്ഷത്തിലധികം വിൽപ്പനക്കാർ പ്ലാറ്റ്‌ഫോമിൽ ചേർന്നതായി റിപ്പോർട്ടുണ്ട്. അതിനാൽ, ത്രാസിയോ മോഡൽ അവതരിപ്പിക്കാൻ സ്റ്റാർട്ടപ്പുകൾക്ക് ഇപ്പോൾ വളരെ മികച്ച സമയമാണ്. ത്രസിയോ-സ്റ്റൈൽ സ്റ്റാർട്ടപ്പ് സാധാരണ മൂന്ന്-ഘട്ടങ്ങളുളള പ്രക്രിയയാണ് പിന്തുടരുന്നത്.
ഒന്നോ രണ്ടോ മീറ്റിംഗുകൾക്ക് ശേഷം വിൽപ്പനക്കാരനെയും അവരുടെ ബിസിനസ്സിനെയും അറിയുക എന്നതാണ് ആദ്യപടി. പ്രാരംഭ താൽപ്പര്യം പ്രകടിപ്പിക്കാൻ ലെറ്റർ ഓഫ് ഇന്റന്റ് ഒപ്പിടാം. ബ്രാൻഡിന്റെ വളർച്ചാ സാധ്യതകളിൽ സ്റ്റാർട്ടപ്പിന് സംതൃപ്തി തോന്നിയാൽ വാല്യുവേഷൻ നിശ്ചയിക്കുകയും വിൽപ്പനക്കാരനെ സമന്വയിപ്പിക്കുന്നതിനുള്ള കരാറുകൾ തയ്യാറാക്കുകയും ചെയ്യുന്നു. ബ്രാൻഡ് സ്വന്തമാക്കുകയും സ്ഥാപകർക്ക് ലാഭകരമായ എക്സിറ്റ് നൽകുകയും ചെയ്യുന്നു. തുടക്കം മുതൽ അവസാനം വരെയുളള പ്രക്രിയ 8 ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും. ചില സന്ദർഭങ്ങളിൽ, സ്ഥാപകർക്ക് അവരുടെ ബിസിനസ്സ് വിറ്റതിന് ശേഷവും ലാഭത്തിന്റെ ഒരു പങ്ക് തുടർന്നും ലഭിക്കുന്നു.
ത്രാസിയോ മോഡൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ വിജയകരമായി നടപ്പാക്കുമ്പോൾ യഥാർത്ഥ ത്രാസിയോ ഇന്ത്യയിൽ ആദ്യത്തെ സ്റ്റാർട്ടപ്പ് ഏറ്റെടുത്തിരിക്കുകയാണ്. 500 മില്യൺ ഡോളറിന് D2C കൺസ്യൂമർ ഡ്യൂറബിൾസ് ബ്രാൻഡായ ലൈഫ്‌ലോംഗ് ആണ് ത്രാസിയോ ഏറ്റെടുക്കുന്ന ആദ്യത്തെ സ്റ്റാർട്ടപ്പ്. ഇന്ത്യൻ ഡിജിറ്റൽ-ഫസ്റ്റ് ബ്രാൻഡുകൾ സ്വന്തമാക്കുന്നതിന് ത്രാസിയോ കൂടി കളത്തിലിറങ്ങുന്നതോടെ വരുംവർഷങ്ങളിൽ ചെറുകിട ബിസിനസുകൾ സ്വന്തമാക്കാനുളള മത്സരം മുറുകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
