channeliam.com

ഒരു താരാട്ട് പോലെ മനോഹരം, Cradlewise Startup

Silicon Valley ആസ്ഥാനമായ Cradlewise

ശിശു സംരക്ഷണം എപ്പോഴും ഒരു വെല്ലുവിളിയാണ്. ന്യൂജനറേഷൻ മാതാപിതാക്കൾക്ക് താരാട്ടുപാടാനും ആട്ടിയുറക്കാനും ഒന്നും നേരം തികയുകയുമില്ല. പാൻഡെമിക് ന്യൂജനറേഷൻ മാതാപിതാക്കൾക്ക് കൂടുതൽ വെല്ലുവിളിയുമായി. ഇങ്ങനെ ഉറക്കം നഷ്ടപ്പെട്ട മാതാപിതാക്കളെ സഹായിക്കാനുള്ള ഒരു ദൗത്യത്തിലാണ് ബേബി-ടെക് സ്റ്റാർട്ടപ്പ് Cradlewise. സിലിക്കൺ വാലി ആസ്ഥാനമായുള്ള Cradlewise ശ്രദ്ധ നേടുന്നത് സ്റ്റാർട്ടപ്പിന്റെ നൂതന പ്രോഡക്ടിലൂടെയും സൊല്യൂഷനിലൂടെയുമാണ്. ദമ്പതികളായ രാധിക പാട്ടീലും ഭരത് പാട്ടീലും ചേർന്നാണ് 2018-ൽ Cradlewise സ്ഥാപിച്ചത്.

കുഞ്ഞ് ഉണരുന്നത് അറിയാൻ AI

Cradlewise ഒരു താരാട്ട് പോലെ മനോഹരമാണ്. കാരണം കുഞ്ഞുങ്ങൾക്കായി ബിൽറ്റ്-ഇൻ ബേബി മോണിറ്റർ ഉള്ള സ്മാർട്ട് തൊട്ടിലുകളാണ് ഈ സ്റ്റാർട്ടപ്പ് നിർമ്മിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് തൊട്ടിൽ കുഞ്ഞിന്റെ ഉറക്ക രീതികൾ പഠിക്കുകയും മാറുന്ന ആവശ്യങ്ങൾ മനസിലാക്കുകയും ചെയ്യുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ തൊട്ടിലിന് കുഞ്ഞ് ഉണരാൻ തുടങ്ങുന്നതിന്റെ ആദ്യ സൂചനകൾ മനസിലാക്കാനാകും. ഉറക്കം മുറിയാതിരിക്കാൻ ശാന്തമായ സംഗീതത്തോടൊപ്പം തൊട്ടിൽ യാന്ത്രികമായി ആട്ടി തുടങ്ങും. കുഞ്ഞിന്റെ ഉറക്ക രീതികളും വളർച്ചാ പ്രവണതകളും പഠിക്കാൻ ഡീപ് ടെക്നോളജിയും AI-യും ഉപയോഗിക്കുന്ന വിപണിയിലെ ഒരേയൊരു ബേബി പ്രോഡക്ടാണ് Cradlewise എന്ന് രാധിക പാട്ടീൽ.

രാധിക ഡിസൈൻ ചെയ്ത Cradlewise

ജോലിയും കുഞ്ഞിന്റെ പരിചരണവും ഒന്നിച്ചു കൊണ്ടുപോകാനായി സ്വന്തം ആവശ്യത്തിനായാണ് രാധിക ആദ്യത്തെ തൊട്ടിൽ ഡിസൈൻ ചെയ്യുന്നത്. ഊഞ്ഞാൽ തൊട്ടിലിൽ കുഞ്ഞ് നന്നായി ഉറങ്ങുന്നതിനാൽ ഓൺലൈനിലും ഓഫ്‌ലൈനിലും നല്ല തൊട്ടിലുകൾക്കായി ഒരുപാട് തിരഞ്ഞു. എന്നാൽ സാധാരണ നാല് കാലുകളുള്ള തൊട്ടിലുകൾക്ക് ദുർബലമായ സ്റ്റാൻഡായിരുന്നു. മൊത്തത്തിലുള്ള ക്വാളിറ്റി മോശമായിരുന്നു.കിടക്കകൾ കട്ടിയുള്ളതുമായിരുന്നു. ഒടുവിൽ ആവശ്യത്തിനനുസരിച്ച് സ്വന്തമായി ഒരു തൊട്ടിൽ ഡിസൈൻ ചെയ്യാൻ രാധിക തീരുമാനിച്ചു. ഡീസൈൻ നൽകി നിർമിച്ചെടുത്ത പുതിയ തൊട്ടിൽ കുഞ്ഞിന് സുഖപ്രദമായിരുന്നു. കുഞ്ഞ് വളരുന്നതനുസരിച്ച് തൊട്ടിലിൽ വിവിധ മാറ്റങ്ങൾ വരുത്തി. തൊട്ടിലിന് ഓട്ടോ സ്വിംഗിംഗ് നൽകി. കുഞ്ഞിന് നാല് മാസമായപ്പോൾ തൊട്ടിലിലെ കുഞ്ഞിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്കയുണ്ടായി. കുഞ്ഞിൽ നിന്ന് അകലെയായിരിക്കുമ്പോൾ ഒരു മോണിറ്ററിന്റെ ആവശ്യകത ഇതോടെ ബോധ്യമായി.

ഭർത്താവ് ഭരത് പാട്ടീൽ അന്ന് ടെക്സാസ് ഇൻസ്ട്രുമെന്റ്സിൽ അത്യാധുനിക സെൻസർ ടെക്നോളജിയിൽ പ്രവർത്തിക്കുകയായിരുന്നു. കുഞ്ഞിന്റെ ഉറക്കം നിരീക്ഷിക്കുന്നതിനും മുന്നറിയിപ്പ് നൽകുന്നതിനും ആ സെൻസർ ടെക്നോളജി തികച്ചും അനുയോജ്യമായിരുന്നു. അങ്ങനെ തൊട്ടിലിലേക്ക് ടെക്നോളജിയുമെത്തി. പിന്നീട് വളരുന്ന കുഞ്ഞിന്റെ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ പ്രോഡക്ട് ആഴ്ചതോറും വികസിപ്പിച്ചു. അത് Cradlewise എന്ന സ്റ്റാർട്ടപ്പിന്റെ കൂടി തുടക്കമായിരുന്നു.

യുഎസിലും ഇന്ത്യയിലും ഓഫീസ്

കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലും ഇന്ത്യയിൽ ബെംഗളൂരുവിലും സ്റ്റാർട്ടപ്പിനു ഓഫീസുകളുണ്ട്.
വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ Footwork, CRV, നിലവിലുള്ള നിക്ഷേപകരായ SOSV, Better Capital എന്നിവയുടെ നേതൃത്വത്തിൽ നടന്ന സീഡ് റൗണ്ടിൽ 7 മില്യൺ ഡോളറാണ് സ്റ്റാർട്ടപ്പ് അടുത്തിടെ സമാഹരിച്ചത്. ഇന്ത്യയിൽ ടീമിനെ വിപുലീകരിക്കുകയും ടെക്നോളജി, എഞ്ചിനീയറിംഗ്, ഡിസൈൻ എന്നിവയിൽ നിയമനങ്ങളും ലക്ഷ്യമിടുന്നതായി രാധിക പാട്ടീൽ പറഞ്ഞു. കമ്പനിക്ക് യുഎസിലും ഇന്ത്യയിലും രണ്ട് പ്രോ‍ഡക്ട് ടെക്നോളജി പേറ്റന്റുകൾ ഉണ്ട്. ഇന്ത്യയിലെ ടെക്നോളജി ടീം 25 പേരടങ്ങുന്നതാണ്.
താരാട്ട് പാടാനും ആട്ടിയുറക്കാനും അമ്മയില്ലേ എന്നതൊക്കെ പോയകാലത്തിന്റെ മധുരമുളള പാട്ടുകൾ മാത്രമായി മാറുകയാണ്. വരുംകാലത്തിലെ കുഞ്ഞുങ്ങൾ ഉറങ്ങുന്നതും ഉണരുന്നതും ടെക്നോളജിയുടെ മടിത്തട്ടിലായിരിക്കും…. അതാണ് ന്യൂജനറേഷൻ കാലം….ടെക്നോളജി ലോകത്തെ കീഴടക്കുന്ന കാലം.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com