വീടു വിട്ട് ഒളിച്ചോട, ഒരു നാൾ സംരംഭകയായി, ചിനു കാലയുടേത് സൂപ്പർ ട്വിസ്റ്റ്
സംരംഭകത്വത്തിന്റെ ആവേശം പകരുന്ന നിരവധി കഥകൾ നാം കേട്ടിട്ടുണ്ട്. എന്നാൽ വീടു വിട്ട് ഒളിച്ചോടി ഒരുനാൾ സംരംഭകയായി തിരിച്ചെത്തിയാലോ? ഒരു സിനിമാക്കഥ പോലെ തോന്നുന്നല്ലേ,റൂബൻസ് ആക്സസറീസ് ഫൗണ്ടറായ ചിനു കാലയുടെ (Chinu Kala) ജീവിതവും സിനിമാക്കഥകളെ വെല്ലുന്നതാണ്. കുടുംബത്തിലെ ചില അഭിപ്രായവ്യത്യാസങ്ങൾ കാരണം മുംബൈയിലെ വീട്ടിൽ നിന്ന് ഒളിച്ചോടുമ്പോൾ ചിനു കാലയ്ക്ക് 15 വയസ്സായിരുന്നു.ബിരുദമോ സർട്ടിഫിക്കറ്റോ ഒന്നും കയ്യിൽ ഇല്ലായിരുന്നു. ഉണ്ടായിരുന്നത് കുറച്ച് വസ്ത്രങ്ങളും 300 രൂപയും. രാത്രികാലങ്ങൾ കഴിച്ച് കൂട്ടിയത് റെയിൽവേ സ്‌റ്റേഷനിൽ. ഉപജിവനത്തിന് ചിനു ഒരു ഡോർ ടു ഡോർ സെയിൽസ് ഗേൾ ആയി. 20 രൂപ ദിവസ വരുമാനത്തിൽ കോസ്റ്റേഴ്സും കത്തികളും വിൽക്കുന്നതായിരുന്നു ജോലി. വരുമാനം നേടുന്നതിനും വാടക നൽകുന്നതിനുമായി വിവിധങ്ങളായ ജോലികൾ പിന്നെയും ചെയ്തു. അതിജീവനമെന്ന കലയിൽ ചിനു അങ്ങനെ വൈദഗ്ധ്യം നേടി.
2004ൽ വിവാഹശേഷം ചിനു ബെംഗളൂരുവിലേക്ക് താമസം മാറി. മോഡലിംഗിനോടുളള താല്പര്യം ഗ്ലാഡ്രാഗ്സ് മിസിസ് ഇന്ത്യ 2008-ൽ ഫൈനലിസ്റ്റായി ചിനുവിനെ മാറ്റി.മോഡലിംഗ് ലോകത്തെ പരിശീലനം ആദ്യത്തെ കമ്പനിയായ ഫോണ്ടെ കോർപ്പറേറ്റ് സൊല്യൂഷൻസ് ആരംഭിക്കാൻ ചിനുവിനെ പ്രചോദിപ്പിച്ചു. എയർടെൽ, സോണി, ഇഎസ്പിഎൻ, ആജ് തക് തുടങ്ങിയ ക്ലയന്റുകൾക്കൊപ്പം അവർ പ്രവർത്തിച്ചു. 2014-ൽ, ഫോണ്ടെ കോർപ്പറേറ്റ് സൊല്യൂഷൻസ് അടച്ചുപൂട്ടി. ഫാഷൻ വ്യവസായത്തിന് ആഭരണങ്ങൾ എത്ര പ്രധാനമാണെന്നും ഒരു നല്ല ആഭരണത്തിന് ഒരു വ്യക്തിയുടെ മുഴുവൻ രൂപഭാവങ്ങളെ എങ്ങനെ മാറ്റാനാകുമെന്നും ഗ്ലാഡ്രാഗ്സിലൂടെ ചിനു മനസ്സിലാക്കിയിരുന്നു. അങ്ങനെ തന്റെ കഠിനാധ്വാനത്തിലൂടെ നേടിയ 3 ലക്ഷം രൂപ ഉപയോഗിച്ച് റൂബൻസ് ആക്‌സസറീസ് (Rubans accessories) എന്ന ആഭരണ, ജീവിതശൈലി ബ്രാൻഡ് ആരംഭിച്ചു. ഫ്രഞ്ച് ഭാഷയിൽ റൂബൻസ് (Rubans) എന്നാൽ റിബണുകൾ എന്നാണ് അർത്ഥമാക്കുന്നത്.
ഗുണമേന്മയുള്ള ആഭരണങ്ങൾ മിതമായ നിരക്കിൽ എല്ലാവർക്കും ലഭ്യമാക്കമെന്ന ആഗ്രഹത്തോടെയും സ്വന്തം ബ്രാൻഡ് എന്ന സ്വപ്നത്തോടെയുമാണ് Rubans ആരംഭിച്ചതെന്ന്പ Chinu Kala റയുന്നു. ബെംഗളൂരുവിൽ ഫീനിക്സ് മാളിൽ 36 ചതുരശ്ര അടിയിലുളള കിയോസ്കിൽ റൂബൻസ് ആരംഭിച്ചു. 2015 ആയപ്പോഴേക്കും ബ്രാൻഡിന് ഹൈദരാബാദ്, ബെംഗളൂരു, കൊച്ചി നഗരങ്ങളിലെ പ്രധാന സ്ഥലങ്ങളിൽ സ്‌റ്റോറുകൾ ഉണ്ടായി. 2017-ഓടെ, റൂബൻസ് ഓൺലൈൻ സ്‌പെയ്‌സിലേക്കുമെത്തി. ഇന്ന് ഫ്ലിപ്പ്കാർട്ടിലും മിന്ത്രയിലും റൂബൻസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ആഭരണങ്ങൾ ലഭ്യമാണ്. ചിനു പറയുന്നതനുസരിച്ച്, റൂബൻസ് വർഷം തോറും 150% ത്തിലധികം വളരുന്നു. 2017ൽ ഏകദേശം 3.34 കോടി രൂപയും 2020-2021ൽ 30 കോടി രൂപയും വരുമാനം നേടി. 2024 ഓടെ 140 കോടി രൂപ (1.1 ബില്യൺ രൂപ) നേടുകയെന്നതാണ് ലക്ഷ്യം. ഉപഭോക്താക്കളുടെ വ്യത്യസ്‌ത താൽപ്പര്യങ്ങൾക്കനുസൃതമായി രാജ്യത്തുടനീളമുള്ള മികച്ച കരകൗശല വിദഗ്ധർ ക്യൂറേറ്റ് ചെയ്‌ത 2,000-ത്തിലധികം ഡിസൈനുകൾ റൂബൻസിനുണ്ട്. പുതിയ ലോഞ്ചുകൾ കാണാനും വാങ്ങാനും കഴിയുമെന്ന് ഉറപ്പാക്കാൻ ഓരോ 15 ദിവസത്തിലും പുതിയ ശേഖരങ്ങളുടെ ഒരു കാറ്റലോഗ് അപ്‌ഡേറ്റ് ചെയ്യുന്നു.
ഓരോ ബിസിനസ്സിനും അതിന്റേതായ ഉയർച്ച താഴ്ചകൾ ഉണ്ടാകുമെന്ന് ചിനു വിശ്വസിക്കുന്നു. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ വിജയം നേടുകയെന്നതായിരിക്കണം ഒരു ടീമിന്റെയും ലീഡറിന്റെയും പ്രവർത്തന ശൈലി. “ജീവിതമാണ് എന്റെ ഏറ്റവും വലിയ അദ്ധ്യാപകൻ, ഞാൻ പഠിച്ചതും വളർന്നതുമെല്ലാം കഷ്ടപ്പാടുകളിലൂടെയും പോരാട്ടങ്ങളിലൂടെയുമാണ്,” പ്രചോദനാത്മകമായ തന്റെ സംരംഭക ജീവിതത്തെ ചിനു വിലയിരുത്തുന്നത് ഇങ്ങനെയാണ്. സ്വന്തം ജിവിതത്തിലെ മൂന്ന് മന്ത്രങ്ങളായി ചിനു പറയുന്നത് വിജയിക്കാനുള്ള അടങ്ങാത്ത ആഗ്രഹവും അവസരങ്ങൾ കണ്ടെത്താനുളള ഉൾക്കാഴ്ചയും സ്വന്തം ജോലിയിലും കഠിനാധ്വാനത്തിലുമുളള വിശ്വാസവുമാണ്.റൂബൻസിനൊപ്പം, ഉപഭോക്താക്കളുടെ ജീവിതവുമായും അവരുടെ ജീവിതരീതിയുമായും ബന്ധപ്പെടാൻ കഴിയുക എന്നതാണ് ബ്രാൻഡിന്റെ ആത്യന്തിക ലക്ഷ്യമെന്ന് ചിനു കൂട്ടിച്ചേർക്കുന്നു.