രാജ്യത്തെ ഇലക്ട്രിക് വാഹന വിപണി മുന്നേറ്റത്തിന്റെ പാതയിലാണ്.
EV പോളിസിയും സബ്സിഡികളുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ EV വിപണിക്ക് കരുത്ത് പകരുന്നു. വാഹനനിർമാതാക്കളെ ആകർഷിക്കാനായി ഇൻസെന്റിവ് സ്കീമുകളും പദ്ധതികളും നടപ്പാക്കുന്നു. രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയും ടാറ്റ മോട്ടോഴ്സും മഹീന്ദ്രയും അടക്കമുളളവ ഇലക്ട്രിക് വാഹന വിപണിയിലേക്ക് ശതകോടികളുടെ നിക്ഷേപമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രമുഖ വാഹന നിർമാതാക്കളുടെ ഇലക്ട്രിക് പദ്ധതികൾ ഒന്നു നോക്കാം.
ഇലക്ട്രിക് വാഹന വിപണിയിലേക്കുള്ള പ്രവേശനം ഗംഭീരമാക്കാനാണ് രാജ്യത്തെ ജനപ്രിയ വാഹനനിർമാതാക്കളായ സുസുക്കി മോട്ടോർ ഇന്ത്യയുടെ തീരുമാനം. ഇലക്ട്രിക് വാഹനങ്ങളും ബാറ്ററികളും നിർമിക്കുന്നതിനായി ഇന്ത്യയിലെ ഫാക്ടറിയിൽ 10,440 കോടി രൂപ നിക്ഷേപിക്കാനുള്ള പദ്ധതിയാണ് സുസുക്കി ആവിഷ്കരിച്ചിരിക്കുന്നത്. കൂടാതെ കേന്ദ്രത്തിന്റെ പ്രഖ്യാപിത കാർബൺ ന്യൂട്രാലിറ്റിക്ക് വേണ്ടിയുള്ള നിക്ഷേപങ്ങളും സുസുക്കി വാഗ്ദാനം ചെയ്യുന്നു. ഇലക്ട്രിക് വാഹനങ്ങളുടെയും ബാറ്ററികളുടെയും നിർമ്മാണത്തിനായി കമ്പനി ഗുജറാത്ത് സർക്കാരുമായി ഒരു ധാരണാപത്രം ഒപ്പുവച്ചു കഴിഞ്ഞു. 2025 ഓടെ ബാറ്ററി ഇലക്ട്രിക് വാഹന നിർമ്മാണ ശേഷി വർദ്ധിപ്പിക്കുന്നതിനായി 3,100 കോടി രൂപയും കാർ ബാറ്ററികൾ നിർമ്മിക്കുന്നതിന് 7,300 കോടി രൂപയും നിക്ഷേപിക്കും.
ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്, ഈ മേഖലയിൽ വൻതോതിൽ നിക്ഷേപം നടത്തുന്നതിൽ പുതുമയൊന്നുമില്ല. ടാറ്റ ഗ്രൂപ്പ് മുൻപ് തന്നെ ഇലക്ട്രിക് വാഹന ബിസിനസ്സിന് വേണ്ടി ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി രൂപീകരിച്ചിരുന്നു.
TATA മോട്ടോഴ്സിന്റെ ഈ സബ്സിഡിയറിയുടെ ശ്രദ്ധ പാസഞ്ചർ Electric, ഹൈബ്രിഡ് വാഹനങ്ങൾ മാത്രമായിരിക്കും.സബ്സിഡിയറിയുടെ മൂല്യം ഏകദേശം 9 ബില്യൺ ഡോളറാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ടാറ്റ മോട്ടോഴ്സ് കമ്പനിയിൽ 2 ബില്യൺ ഡോളർ നിക്ഷേപിക്കും.
മറ്റൊരു പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ഇലക്ട്രിക് വാഹനങ്ങളിൽ വലിയ നിക്ഷേപ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്. സമീപഭാവിയിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി 3,000 കോടി നിക്ഷേപിക്കാൻ മഹീന്ദ്ര പദ്ധതിയിടുന്നു. ഇലക്ട്രിക് കാർ മേഖലയ്ക്കായി, മഹീന്ദ്ര അടുത്തിടെ Jio-BPയുമായി ഒരു പങ്കാളിത്തം പ്രഖ്യാപിച്ചു. റിലയൻസും ബ്രിട്ടീഷ് കമ്പനി BPയും തമ്മിലുള്ള സംയുക്ത സംരംഭമാണ് Jio-BP.
ഇരുചക്ര വാഹന സെഗ്മെന്റിൽ Hero MotoCorp ഇലക്ട്രിക് വാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇലക്ട്രിക് സ്കൂട്ടറുകൾക്കായി, ഹീറോ മോട്ടോകോർപ്പ് Ather Energyയുടെ ഫാസ്റ്റ് ചാർജിംഗ് ടെക്നോളജി തിരഞ്ഞെടുത്തു. ഇലക്ട്രിക് വാഹന സ്റ്റാർട്ടപ്പായ Ather Energy യിൽ ഹീറോയ്ക്ക് 35% നിക്ഷേപമാണുളളത്.