Gautam Adani എങ്ങനെ Forbes’ Real-Time Billionaires list കേമനായി? അംബാനിയും Google ഉടമകളും പിന്നിലായി?
ഒടുവിലത് സംഭവിച്ചു. മുകേഷ് അംബാനിയെ ഗൗതം അദാനി മറികടന്നു. കുറച്ച് നാളുകളായി കയറിയും ഇറങ്ങിയും ബില്യണയേഴ്സ് ഇൻഡക്സിൽ അംബാനിയും അദാനിയും ഇഞ്ചോടിഞ്ച് മത്സരത്തിലായിരുന്നു. ഇപ്പോൾ ലോകത്തിലെ ഏറ്റവും സമ്പന്നരായ സംരംഭകരുടെ 100 ബില്യൺ ഡോളർ എലൈറ്റ് ക്ലബ്ബിൽ ഗൗതം അദാനി ചുവടുറപ്പിച്ചു. ഫോർബ്സിന്റെ റിയൽടൈം ബില്യണയേഴ്സ് ലിസ്റ്റിൽ അദാനി അംബാനിയെ മറികടന്നിരുന്നു. ഓഹരി വിലയിലെ കയറ്റിറക്കങ്ങളിൽ കയറിയും ഇറങ്ങിയും സ്ഥാനങ്ങൾ നിൽക്കുമെങ്കിലും ചുരുങ്ങിയ കാലയളവിലെ അദാനിയുടെ ഈ നേട്ടം ചെറുതല്ല. ഈ വർഷം അദാനിയുടെ സമ്പത്ത് ഏകദേശം 24 ബില്യൺ ഡോളറാണ് ഉയർന്നത്. 2021-ൽ 42.7 ബില്യൺ ഡോളറാണ് അദാനി സമ്പത്തിൽ കൂട്ടിച്ചേർത്തത്. 1988-ൽ സ്ഥാപിതമായ അദാനി ഗ്രൂപ്പിന്റെ നിലവിലെ വിപണി മൂലധനം 151 ബില്യൺ യുഎസ് ഡോളറാണ്.
പോർട്ട് മാനേജ്മെന്റ്, വൈദ്യുതോർജ്ജ ഉൽപ്പാദനവും വിതരണവും, പുനരുപയോഗ ഊർജം, ഖനനം, എയർപോർട്ട് ഓപ്പറേഷൻസ്, പ്രകൃതിവാതകം, ഭക്ഷ്യ സംസ്കരണം, ഇൻഫ്രാസ്ട്രക്ചർ ഉൾപ്പെടുന്ന വൈവിധ്യമാർന്ന സാമ്രാജ്യത്തിന്റെ ഉടമയാണ് ഗൗതം അദാനി. സമീപകാലത്ത് വിപണികൾ അസ്ഥിരമായിരുന്നപ്പോൾ പോലും അദാനി ഗ്രൂപ്പ് കമ്പനികൾ റെക്കോർഡ് ഉയരത്തിലെത്തി.അദാനി ഗ്രൂപ്പിന് കീഴിലുളള ഏഴ് പബ്ലിക് സ്ഥാപനങ്ങളുടെ മൂല്യം 181 ബില്യൺ ഡോളറായി ഉയർന്നു. ബിൽ ഗേറ്റ്സ്, ജെഫ് ബെസോസ്, ബെർണാഡ് അർനോൾട്ട് എന്നിവരുൾപ്പെടെയുള്ള ശതകോടീശ്വരന്മാർക്ക് ഈ വർഷം ഇതുവരെ കോടിക്കണക്കിന് സമ്പത്ത് നഷ്ടപ്പെട്ടു. മുകേഷ് അംബാനിക്കും നഷ്ടങ്ങളുണ്ടായി. റഷ്യ – ഉക്രെയ്ൻ യുദ്ധം, ഉയർന്ന ഇന്ധന വില, പല മേഖലകളിലും ഉയർന്ന പണപ്പെരുപ്പത്തിലേക്ക് നയിക്കുന്ന വിതരണ പ്രതിസന്ധി എന്നിവയെത്തുടർന്ന് വിപണി വളരെ അസ്ഥിരമായ ഒരു സമയത്ത്, ഏതാണ്ട് ഏഴ് അദാനി ഗ്രൂപ്പ് കമ്പനികളുടെയും ഓഹരികൾ കുതിച്ചുയരുകയാണ്. അദാനി പവറും അദാനി വിൽമറും 2022 ലെ ആദ്യ മൂന്ന് മാസങ്ങളിൽ നിക്ഷേപകരുടെ പണം ഇരട്ടിയാക്കി.ഈ ഓഹരികളുടെ കുതിപ്പ് മുകേഷ് അംബാനിയെ മറികടന്ന് ഗൗതം അദാനിയെ ഇന്ത്യയിലെ ഏറ്റവും വലിയ ധനികനാക്കി. അദാനി വിൽമറിന്റെ മൾട്ടിബാഗർ സ്റ്റോക്ക് ‘ഫോർച്യൂൺ’ ബ്രാൻഡ് ഭക്ഷ്യ എണ്ണ വിഭാഗത്തിൽ മുൻനിരയിലാണ്.റഷ്യ-ഉക്രെയ്ൻ യുദ്ധം കാരണം പാചക എണ്ണയുടെ വില അടുത്തിടെ ഉയർന്നത് കമ്പനിക്ക് നേട്ടമുണ്ടാക്കി. റഷ്യയിലും ഉക്രെയ്നിലും വിതരണ തടസ്സം ഭയന്ന് രാജ്യത്തുടനീളമുള്ള പാചക എണ്ണ ഉൽപ്പന്നങ്ങളുടെ വില കുതിച്ചുയർന്നിരുന്നു. ഇന്ത്യയിലെ സൂര്യകാന്തി എണ്ണ ഇറക്കുമതിയുടെ 90% ഉക്രെയ്നിലും റഷ്യയിലും നിന്നുമാണ്. അതേസമയം, അഹമ്മദാബാദിൽ ആദ്യത്തെ ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷൻ ആരംഭിച്ച് ഇലക്ട്രിക് മൊബിലിറ്റിയിലേക്കുള്ള പ്രവേശനം കമ്പനി പ്രഖ്യാപിച്ചതോടെ അദാനി ടോട്ടൽ ഗ്യാസ് ഓഹരികളും ഗണ്യമായി ഉയർന്നു. കഴിഞ്ഞ രണ്ട് വർഷമായി ഹരിത ഊർജത്തിലേക്കും ഇൻഫ്രാസ്ട്രക്ചറിലേക്കുമുളള മാറ്റം അദാനിയുടെ സമ്പത്തിന് വലിയ സംഭാവന നൽകിയിട്ടുണ്ട്. ഫ്രാൻസിന്റെ ടോട്ടൽ എസ്ഇ, വാർബർഗ് പിൻകസ് എന്നിവയുൾപ്പെടെയുള്ള ആഗോള കമ്പനികൾ അദാനി ഗ്രൂപ്പ് കമ്പനികളിൽ നിക്ഷേപിച്ചിട്ടുണ്ട്. സൗദി അരാംകോയുമായുളള ചർച്ചകൾ പുരോഗമിക്കുകയുമാണ്.
ലോക ശതകോടീശ്വരൻമാരിൽ ഇലോൺ മസ്കിന് ശേഷം ഇതുപോലെ തുടർച്ചയായി ആസ്തി വർദ്ധിപ്പിച്ച മറ്റൊരാൾ ഉണ്ടാകില്ല. അദാനിയുടെ കരുനീക്കങ്ങളൊന്നും പിഴയ്ക്കുന്നില്ല. പുതിയ സാഹചര്യങ്ങൾക്കനുസരിച്ച് ബിസിനസ് തന്ത്രങ്ങൾ മാറ്റി പരീക്ഷിച്ചാണ് ഗൗതം അദാനി എന്ന കോളജ് ഡ്രോപ്പൗട്ട് ഇവിടെ വരെയെത്തിയത്. ഇനിയും അദാനിയുടെ ആവനാഴിയിൽ അസ്ത്രങ്ങൾ ബാക്കിയാണ്. മുകേഷ് അംബാനിക്ക് എല്ലാ രീതിയിലും വെല്ലുവിളി ഉയർത്തുന്ന എതിരാളിയായി ഗൗതം അദാനി പരിണമിച്ചിരിക്കുന്നു.