ഗുണനിലവാരമുളള പാലുമായി ഓർഗാനിക് മിൽക്ക് സ്റ്റാർട്ടപ്പുകൾ
ലോകത്തിലെ ഏറ്റവും വലിയ പാൽ ഉത്പാദക രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആഗോള പാൽ ഉൽപാദനത്തിന്റെ ഏകദേശം 22 ശതമാനം വിഹിതം കയ്യാളുന്ന രാജ്യം. എന്നിരുന്നാലും, രാജ്യത്ത് വിൽക്കുന്ന ഏകദേശം 68.7 ശതമാനം പാലും പാലുൽപ്പന്നങ്ങളും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. പാലിൽ മായം ചേർക്കുന്നത് രാജ്യത്ത് കാലങ്ങളായി തുടരുന്ന പ്രശ്നമാണ്. സമീപകാലത്ത്, പാലിന്റെ ഗുണനിലവാര പ്രശ്നത്തിനും മായം ചേർക്കലിനും പരിഹാരവുമായി നിരവധി സ്റ്റാർട്ടപ്പുകൾ രംഗത്ത് വന്നിട്ടുണ്ട്. ഈ സ്റ്റാർട്ടപ്പുകളിൽ പലതും മായം ചേർക്കാത്ത പാലിൽ മാത്രമല്ല, കന്നുകാലികൾക്ക് നൽകുന്ന തീറ്റയിലും ജൈവരീതിക്ക് ഊന്നൽ നൽകുന്നു. ചില ഓർഗാനിക് മിൽക്ക് സ്റ്റാർട്ടപ്പുകളെ കുറിച്ചറിയാം

Happy Milk
2017 ഡിസംബറിലാണ് മെഹൽ കെജ്രിവാൾ ഹാപ്പി മിൽക്ക് സ്ഥാപിച്ചത്. ഇപ്പോൾ ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്ത് 400 ഓളം പശുക്കളുമായി ഹാപ്പി മിൽക്ക് പ്രവർത്തിക്കുന്നു. ജർമ്മൻ ടെക്നോളജി കമ്പനിയായ ജിയയുമായി സഹകരിച്ചാണ് ഹാപ്പി മിൽക്ക് ഫാമിലെ പ്രവർത്തനങ്ങൾ രൂപകല്പന ചെയ്തത്. ഹാപ്പി മിൽക്ക് ഫാമുകളിൽ, കാലിത്തീറ്റ ജൈവരീതിയിൽ വളർത്തുന്നു. പശുക്കൾക്ക് വിശദമായ ഡയറ്റ് ചാർട്ടുകൾ ഉണ്ട്, അതിൽ 11-ഓളം പോഷകങ്ങൾ ഉൾപ്പെടുന്നു. നല്ല ഗുണനിലവാരമുള്ള പാൽ ഉറപ്പാക്കാൻ ഇത് സഹായിക്കുന്നു.

The Milk India Company
2018 ൽ ശിൽപി സിൻഹ സ്ഥാപിച്ച മിൽക്ക് ഇന്ത്യ കമ്പനി അസംസ്കൃതവും പാസ്ചറൈസ് ചെയ്യാത്തതുമായ പാലാണ് വിതരണം ചെയ്യുന്നത്. 11,000 രൂപയുടെ പ്രാരംഭ നിക്ഷേപത്തിലാണ് സ്റ്റാർട്ടപ്പ് പ്രവർത്തനമാരംഭിച്ചത്. മിൽക്ക് ഇന്ത്യ കമ്പനി എല്ലാ ദിവസവും രാവിലെ ഗ്ലാസ് ബോട്ടിലുകളിൽ ഉപഭോക്താവിന്റെ വീട്ടുപടിക്കൽ പാൽ എത്തിക്കുന്നു. ബംഗളൂരുവിലെ 600 കുടുംബങ്ങൾക്കാണ് പാൽ വിതരണം ചെയ്യുന്നത്. ശുദ്ധമായ പശുവിൻ പാലാണ് നൽകുന്നതെന്ന് സ്റ്റാർട്ടപ്പ് അവകാശപ്പെടുന്നു.

Matratva Dairy
യുഎസിലെ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചാണ് ഐഐഎം-കൊൽക്കത്തയിലെ പൂർവവിദ്യാർത്ഥിനിയായ അങ്കിത കുമാവത് 2014-ൽ
ഡയറി ഫാമിംഗ് ആരംഭിക്കുന്നത്. രാജസ്ഥാനിലെ അജ്മീർ ജില്ലയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് ഗിർ, സഹിവാൾ, താരപാർക്കർ, രാതി തുടങ്ങിയ നാടൻ പശു ഇനങ്ങളിൽ നിന്നാണ് പാൽ സംഭരിക്കുന്നത്. പാൽ സംഭരണത്തിന് മെഷീനേക്കാൾ അധികമായി പരമ്പരാഗത രീതികളെ ആശ്രയിക്കുന്നു. നെയ്യ്, വെണ്ണ, മധുരപലഹാരങ്ങൾ എന്നിവയും സ്റ്റാർട്ടപ്പ് നിർമിക്കുന്നു. ഗോരത്തൻ ഉൽപ്പന്ന ബ്രാൻഡിന് കീഴിൽ ഇവ വിൽക്കുന്നു. ഉൽപ്പന്നങ്ങൾ Amazon, BigBasket പോലുള്ള പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്.

Klimom
ഫാമിൽ നിന്ന് വീട്ടിലേക്ക് ഫ്രഷ് ആയ പാൽ നൽകുന്ന ബ്രാൻഡാണ് ക്ലിമോം. എഞ്ചിനീയറിംഗ് ബിരുദധാരിയായ അല്ലോല ദിവ്യ റെഡ്ഡി സ്ഥാപിച്ച സ്റ്റാർട്ടപ്പിന്റെ പ്രത്യേകത ഗിർ പശുക്കളുടെ പാലാണ്. ഹൈദരാബാദിലെ സംഗറെഡ്ഡിയിലാണ് ഫാമുകൾ സ്ഥിതി ചെയ്യുന്നത്. കുട്ടികൾക്ക് മായം കലർന്ന പാൽ നൽകാൻ ആഗ്രഹിക്കാതെ, സ്വന്തമായി ഒരു ഡയറി ഫാം ആരംഭിക്കാൻ ദിവ്യ തീരുമാനിച്ചപ്പോൾ 2015 ൽ ക്ലിമോം വെൽനെസ് ആന്റ് ഫാമായി അത് പരിണമിച്ചു. ഉപോൽപ്പന്നങ്ങളായി രസഗുല, ഗുലാബ് ജാമുൻ, ശ്രീഖണ്ഡ്, ബാസുന്ധി എന്നിവയും വിൽക്കുന്നു

Milk Mantra
ഒഡീഷ ആസ്ഥാനമായുള്ള കാർഷിക പാലുൽപ്പന്ന സ്റ്റാർട്ടപ്പാണ് മിൽക്ക് മന്ത്ര. ടെറ്റ്ലി മുൻ ഡയറക്ടർ ശ്രീകുമാർ മിശ്ര 2009 ഓഗസ്റ്റിൽ സ്ഥാപിച്ചു. 2012 ൽ പ്രവർത്തനമാരംഭിച്ച മിൽക്ക് മന്ത്ര ഒഡീഷയിലെ പാൽ ദൗർലഭ്യം പരിഹരിക്കുന്നതിനാണ് ലക്ഷ്യമിട്ടത്. മിൽക്ക് മന്ത്ര പാലും പാൽ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങളായ മോര്,ചീസ്, തൈര്, എന്നിവ ഉൽപ്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു.പാൽ ഉൽപന്നങ്ങളുടെ ആയുസ്സ് നാല് ദിവസം വരെ വർദ്ധിപ്പിക്കുന്ന പാക്കേജിംഗിന് പേരുകേട്ടതാണ് മിൽക്ക് മന്ത്ര. Milky Moo, Mooshake എന്നി ബ്രാൻഡുകൾക്ക് കീഴിൽ രുചിയുള്ള മിൽക്ക് ഷേക്കുകളും റെഡി-ടു ഡ്രിങ്ക് ഹെൽത്തി മിൽക്ക് പാനീയങ്ങളും സ്റ്റാർട്ടപ്പ് വിൽക്കുന്നു.