ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ ബാറ്ററി മാനേജ്മെന്റ് മാനദണ്ഡങ്ങൾ സർക്കാർ പരിഷ്കരിക്കും
ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ രാജ്യത്ത് തുടർച്ചയായി ഉണ്ടായത് ആശങ്കാജനകമാണ്.
സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇലക്ട്രിക് ഇരുചക്രവാഹന ബാറ്ററി മാനേജ്മെന്റ് സംബന്ധിച്ച മാനദണ്ഡങ്ങൾ പരിഷ്കരിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസർക്കാർ. സെല്ലുകൾക്കായുളള മാനദണ്ഡങ്ങൾ, ബാറ്ററികളുടെ ടെസ്റ്റിംഗ് മാനദണ്ഡങ്ങൾ, ബാറ്ററി മാനേജ്മെന്റ് എന്നിവ പരിഷ്കരിക്കാനാണ് ആദ്യഘട്ടത്തിൽ സർക്കാർ പദ്ധതിയിടുന്നത്. പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവരുന്നതിലൂടെ മറ്റ് സുരക്ഷാ ഫീച്ചറുകൾക്കൊപ്പം ഉയർന്ന ഉൽപ്പാദനം, സെൽ, ബാറ്ററി സംഭരണം, റീചാർജിംഗ് നിലവാരം എന്നിവ മെച്ചപ്പെടുത്താനാണ് പദ്ധതി.
അന്വേഷണറിപ്പോർട്ട് നിർണ്ണായകം
ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നതിനെക്കുറിച്ച് സർക്കാർ നിലവിൽ ആലോചിക്കുന്നില്ല. പകരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസും ഡിആർഡിഒ ലാബും ഇവികളിലെ തീപിടുത്തങ്ങളെക്കുറിച്ച് അടുത്തിടെ നടത്തിയ അന്വേഷണ റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണ് കേന്ദ്രം. ഇന്ത്യയിലുടനീളം ഏകദേശം അര ഡസനോളം ഇലക്ട്രിക് സ്കൂട്ടറുകൾക്ക് തീപിടിച്ച സംഭവങ്ങൾ കഴിഞ്ഞ ഒരു മാസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏപ്രിൽ 9ന് മഹാരാഷ്ട്രയിലെ നാസിക്കിൽ കണ്ടെയ്നറിൽ കയറ്റിയ Jitendra New EV ടെക്കിന്റെ 20 വാഹനങ്ങൾക്ക് തീപിടിച്ചു. Okinawa Autotech 3,215 യൂണിറ്റ് പ്രൈസ് പ്രോ സ്കൂട്ടറുകൾ തിരികെ വിളിച്ചു.
ഒല ഇലക്ട്രിക്, പ്യുവർ ഇവി തുടങ്ങിയവയുടെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും അപകടത്തിൽപ്പെട്ടിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വിൽപ്പനയിൽ മൂന്നിരട്ടി വർദ്ധനവാണ് രേഖപ്പെടുത്തിയത്. 2020-21 ലെ 134,821 യൂണിറ്റുകളെ അപേക്ഷിച്ച്, 2021-22 സാമ്പത്തിക വർഷത്തിൽ 429,417 ഇലക്ട്രിക് വാഹനങ്ങൾ വിൽപന നടത്തി.
Also Read
ഭാവിയുടെ മൊബിലിറ്റി ഇലക്ട്രിക് ആണ്. ലോകവ്യാപകമായി ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രചാരവും ലഭിക്കുന്നുണ്ട്. പ്രമുഖ വാഹനനിർമാതാക്കളും ഇ-മൊബിലിറ്റിയിലേക്ക് കളം മാറ്റി ചവിട്ടി കഴിഞ്ഞു. പക്ഷേ EV ബാറ്ററികൾ സുരക്ഷിതമോ? ഇന്ത്യയിലെ Electric വാഹനങ്ങൾക്ക് തീപിടിക്കുന്നത് എങ്ങനെയാണ്?