യുദ്ധമായാലും പ്രകൃതിദുരന്തങ്ങളായാലും പെറ്റ്സിനെ ഉപേക്ഷിക്കാത്തവരാണ് പൊതുവെ എല്ലാവരും. തകഴി ശിവശങ്കരപ്പിളളയുടെ വെളളപ്പൊക്കത്തിൽ എന്ന കഥ തന്നെ മനുഷ്യനും മൃഗങ്ങളുമായുളള ബന്ധത്തിന്റെ കഥ പറയുന്നതാണ്. പെറ്റ്കെയർ എന്നത് പണ്ടെങ്ങുമില്ലാത്ത വിധം ഇന്ന് വളരെ പ്രാധാന്യമുളള ഒരു സെക്ടറാണ്. പാൻഡെമിക് മനുഷ്യന്റെ ജീവിതത്തിൽ മാത്രമല്ല, വളർത്തുമൃഗങ്ങളുടെ സംരംക്ഷണത്തിനും പുതിയ മാനങ്ങൾ നൽകി. ഇന്ത്യയിലെ പെറ്റ്കെയർ ലാൻഡ്സ്കേപ്പ് വളരെ വിശാലമായിക്കൊണ്ടിരിക്കുന്നു. പെറ്റ്കെയർ വിപണിയെ ഓഫറുകളും സേവനങ്ങളും കൊണ്ട് ചലനാത്മകമാക്കുന്ന ചില സ്റ്റാർട്ടപ്പുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
പെറ്റ്കെയർ വിപണി പ്രതിവർഷം 14 ശതമാനം വളർച്ച നേടി 2022 ഓടെ 490 മില്യൺ ഡോളറിന്റെ വിപണിയായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. പെറ്റ്ഫുഡ് മാർക്കറ്റ് മാത്രം 2022 ഓടെ 310 മില്യൺ ഡോളർ കടക്കാനാണ് സാധ്യത. അവയിൽ തന്നെ നായ്ക്കളുടെ ഭക്ഷണ വിഭാഗമായിരിക്കും ഏറ്റവും വലിയ വരുമാനം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നത്. പൂച്ച, മത്സ്യം എന്നിവയുടെ ഭക്ഷണ വിഭാഗങ്ങളും തൊട്ടുപിന്നാലെതന്നെയുണ്ടാകും. മറ്റൊരു റിസർച്ച് റിപ്പോർട്ട് പറയുന്നത്, ഇന്ത്യൻ പെറ്റ് കെയർ വ്യവസായം 2025 ഓടെ 5,474 കോടി രൂപയിലെത്തുമെന്നാണ്. കോംപൗണ്ട് ആനുവൽ ഗ്രോത്ത് റേറ്റ് 19 ശതമാനത്തിലധികമായിരിക്കുമെന്നും റിസർച്ച് പറയുന്നു. ഇത് വരെ പറഞ്ഞത് കണക്കുകളാണ്. ഇനി ശ്രദ്ധേയമായ ചില പെറ്റ്കെയർ സ്റ്റാർട്ടപ്പുകളെ കൂടി പരിചയപ്പെടാം.
2008-ൽ ഡൽഹി ആസ്ഥാനമായി റാഷി നാരംഗ് സ്ഥാപിച്ച സ്റ്റാർട്ടപ്പാണ് Heads Up For Tails (HUFT). വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷണം, കോളർ, ലീഷ്, ഹാർനെസ്, ഡോഗ് ബൗൾ, ഡോഗ് ക്ലോത്തിംഗ്, കാർ ഗ്രൂമിംഗ് കിറ്റ്, ക്യാറ്റ് ബോ ടൈ, ക്യാറ്റ് ഫർണിച്ചർ, സ്ക്രാച്ചർ തുടങ്ങി വിവിധ തരത്തിലുള്ള പ്രോഡക്റ്റുകളും സർവ്വീസും വാഗ്ദാനം ചെയ്യുന്നു. പേഴ്സണലൈസ്ഡ് നെയിം ടാഗ്, ആക്സസറികൾ, ബെഡ്ഡ്, ഡൈനർ തുടങ്ങിയ കസ്റ്റമൈസ്ഡ് പ്രൊഡക്ടുകളും സ്റ്റാർട്ടപ്പ് നല്കുന്നുണ്ട്. ഒരു നായ്ക്കുട്ടിയുടെ രക്ഷകർത്താവെന്ന നിലയിൽ സ്വന്തം അനുഭവത്തിൽ നിന്ന് പഠിച്ചുകൊണ്ട്, ഒരു സ്റ്റാർട്ടപ്പിന് തുടക്കമിട്ടയാളാണ് റാഷി.
സ്വപ്നിൽ ഷായും (Swapnil Shah) ഉദിത് ചുഗും(Udit Chugh) ചേർന്ന് 2019-ൽ തുടങ്ങിയ പൂനെ ആസ്ഥാനമായുള്ള പെറ്റ്കെയർ സ്റ്റാർട്ടപ്പാണ്,Pawfect.xyz. വളർത്തുമൃഗങ്ങൾക്ക് ആവശ്യമായതെല്ലാം സ്റ്റാർട്ടപ്പ് വാഗ്ദാനം ചെയ്യുന്നു. വളർത്തുമൃഗങ്ങൾക്ക് താൽക്കാലിക താമസം അല്ലെങ്കിൽ പരിശീലകനെ കണ്ടെത്താനും ഭക്ഷണം വാങ്ങാനും മരുന്നുകൾ വാങ്ങാനും പ്ലാറ്റ്ഫോം സഹായിക്കുന്നു. പാൻഡമിക് കാലത്ത് സ്റ്റാർട്ടപ്പ് ഒരു പെറ്റ് സപ്ലൈസ് ഓർഡറിംഗ് സിസ്റ്റത്തിനും തുടക്കം കുറിച്ചു. സൗജന്യ ഡെലിവറികൾ ചെയ്യുന്നതിനാൽ ഇതിന് വൻ പ്രതികരണമാണ് ലഭിച്ചത്.
വരുൺ സദന, വിനീത് ഖന്ന, അമൻ ടെക്രിവാൾ എന്നിവർ ചേർന്ന് 2021-ൽ സ്ഥാപിച്ച സൂപ്പർടെയിൽസ്, ബെംഗളൂരു ആസ്ഥാനമായുള്ള ഡിജിറ്റൽ പെറ്റ്കെയർ സ്റ്റാർട്ടപ്പാണ്. വിശ്വസനീയമായ വെറ്ററിനറി പരിചരണവും വളർത്തുമൃഗങ്ങളുടെ ഭക്ഷണത്തിനും വിതരണത്തിനുമെല്ലാമുളള വൺസ്റ്റോപ്പ് സൊല്യൂഷനാണ് സ്റ്റാർട്ടപ്പ് നൽകുന്നത്. ഡിജിറ്റൽ ടെലിഹെൽത്ത് കൗൺസിലിംഗ് സേവനത്തിലൂടെ പരിചയസമ്പന്നരായ ഒരു കൂട്ടം വെറ്ററിനറി ഡോക്ടർമാരുടെ സേവനവും നൽകുന്നു. രാജ്യത്തുടനീളം വളർത്തുമൃഗങ്ങളുടെ സാധനങ്ങൾ ഡോർ സ്റ്റെപ്പ് ഡെലിവറി ചെയ്യുന്നതും സ്റ്റാർട്ടപ്പ് വാഗ്ദാനം ചെയ്യുന്നു.
വെങ്കി മഹാദേവൻ, അനുഷ്ക അയ്യർ, രാജ് വി അയ്യർ എന്നിവർ ചേർന്ന് 2019-ൽ തുടങ്ങിയ Wiggles.in ഒരു D2C petcare ബ്രാൻഡാണ്. ഡോർസ്റ്റെപ്പ് സർവീസുകൾ തന്നെയാണ് സ്റ്റാർട്ടപ്പിന്റെ മുഖമുദ്ര. വെറ്റ് ഓൺ കോൾ, ഗ്രൂമിംഗ്, ട്രെയിനിംഗ്, ബോർഡിംഗ്,വളർത്തുമൃഗങ്ങൾക്കായി ഓൺലൈൻ വെറ്റിനറി- ബിഹേവിയറൽ കൺസൾട്ടേഷൻ പ്ലാൻ തുടങ്ങിയ സർവ്വീസുകളും വാഗ്ദാനം ചെയ്യുന്നു.
വളർത്തുമൃഗങ്ങളുടെ പ്രോഡക്റ്റുകൾക്കായി അഹമ്മദാബാദ് ആസ്ഥാനമായുള്ള ഓമ്നിചാനൽ റീട്ടെയിലറാണ് ജസ്റ്റ് ഡോഗ്സ്. 2011-ൽ ആശിഷ് ആന്റണിയും പൂർവി ആന്റണിയും ചേർന്ന് തുടങ്ങിയതാണിത്. ഡോഗ്-ക്യാറ്റ് ഫുഡ് സപ്ലിമെന്റുകൾ, ആക്സസറികൾ, ക്രാറ്റ്, കിടക്കകൾ, വസ്ത്രങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. 1.5 ലക്ഷം ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന സ്റ്റാർട്ടപ്പിന് രാജ്യത്ത് 42 സ്റ്റോറുകളുമുണ്ട്.
30 ദശലക്ഷത്തിലധികം വളർത്തുമൃഗങ്ങളുള്ള ഇന്ത്യൻ പെറ്റ് ഇൻഡസ്ട്രി ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പെറ്റ്കെയർ മാർക്കറ്റായി മാറുകയാണ്. കേവലം ഉടമകളെന്നതിൽ നിന്ന് വളർത്തുമൃഗങ്ങളെ മക്കളായി കണക്കാക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. ഉപഭോക്താക്കളുടെ എണ്ണം വർദ്ധിക്കുന്നത് പ്രീമിയം ഉൽപ്പന്നങ്ങൾക്ക് വേണ്ടിയുളള ഡിമാൻഡും കൂട്ടുമെന്ന് സ്റ്റാർട്ടപ്പുകൾ പറയുന്നു. അതായത് പെറ്റ്കെയർ ഇൻഡസ്ട്രിയിൽ ഇനിയും പുതുസംരംഭങ്ങൾക്കുളള സാധ്യത തുറന്ന് കിടക്കുകയാണ്. എന്താ നിങ്ങളും ഒരു കൈ നോക്കുന്നുണ്ടോ?