വീട്ടിൽ ഒരു അഗർബത്തി ബ്രാൻഡ് ആരംഭിക്കുക, ആ ബ്രാൻഡ് വളർന്ന് 12 ബില്യണോളം അഗർബത്തികൾ വിൽക്കുന്ന ഒരു പ്രസ്ഥാനമാകുക. പറഞ്ഞു വരുന്നത് പ്രാർത്ഥിക്കുവാൻ നമുക്കൊരു കാരണമുണ്ടാക്കി തന്ന ആ ബ്രാൻഡിനെ കുറിച്ചാണ്. സുഗന്ധതിരികളിലെ പ്രമുഖ ബ്രാൻഡുകളിലൊന്നായ Cycle Pure Agarbathies. 1948ൽ എൻ.രംഗറാവുവാണ് സൈക്കിൾ അഗർബത്തീസ് സ്ഥാപിക്കുന്നത്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ രംഗറാവു അന്ന് തുടക്കമിട്ട അഗർബത്തി ബിസിനസ്സ് ഇന്ന് ഒരൊറ്റ വർഷത്തിൽ 1,000 കോടിയോളം വരുമാനം നേടുന്ന, 75ഓളം രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന വലിയൊരു ശൃംഖലയായി മാറിക്കഴിഞ്ഞു.






വളരെ ചെറിയ പ്രായത്തിൽ രംഗറാവുവിന് മാതാപിതാക്കളെ നഷ്ടപ്പെട്ടു. അച്ഛന്റെ മരണശേഷം ജീവിതം കരുപ്പിടിപ്പിക്കാൻ പല തൊഴിലുകൾ ചെയ്യേണ്ടിവന്നു രംഗറാവുവിന്. ഒരു ദുരന്തത്തിലേക്ക് കൂപ്പുകുത്താതെ ജീവിതത്തിൽ കൂടുതൽ കരുത്തനായി തിരിച്ചുവരാനാണ് ആ ചെറിയ പ്രായത്തിലും രംഗറാവു ശ്രമിച്ചത്. സ്റ്റോർ സൂപ്പർവൈസറായി ജോലിചെയ്യുന്ന സമയത്താണ് ഒരു അഗർബത്തി ബിസിനസ്സ് ആരംഭിക്കുന്നതിനെക്കുറിച്ച് അദ്ദേഹം ആലോചിക്കുന്നത്.1940ൽ മൈസൂരു പ്രൊഡക്ട്സ് ആന്റ് ട്രേഡിംഗ് കമ്പനി എന്ന പേരിൽ വീട്ടിൽ തന്നെ അഗർബത്തികളുണ്ടാക്കി വിൽക്കുന്ന ബിസിനസ്സ് തുടങ്ങുന്നത് അങ്ങനെയാണ്.മുത്തശ്ശിയുടെ സഹായത്തോടെ അഗർബത്തികൾ വീട്ടിലുണ്ടാക്കി മാർക്കറ്റിൽ വിൽപ്പന നടത്തുകയാണ് ആദ്യ ഘട്ടങ്ങളിൽ ചെയ്തു വന്നിരുന്നത്.1948ൽ എല്ലാ പ്രതിസന്ധികളേയും മറികടന്ന് മൈസൂരിൽ ഒരു അഗർബത്തി നിർമ്മാണ ഫാക്ടറിയും സ്ഥാപിച്ചു.പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല രംഗറാവുവിന്. സൈക്കിൾ പ്യൂവർ അഗർബത്തീസ്, പൂജാ ഉൽപ്പന്നങ്ങൾ എന്നീ സെഗ്മെന്റുകളിലൂടെ ബിസിനസ്സ് അനുദിനം വളർന്നു. വലിയ അഗർബത്തി ബ്രാൻഡുകൾ വിപണി കൈയ്യടക്കി വച്ചിരുന്ന കാലത്താണ് അഗർബത്തികൾ വീട്ടിലുണ്ടാക്കി വിൽക്കാൻ തുടങ്ങിയത്.അവയോടെല്ലാം പട വെട്ടിയാണ് ഇപ്പോഴും മാർക്കറ്റിലെ പ്രധാന അഗർബത്തി ബ്രാൻഡുകളിലൊന്നായി സൈക്കിൾ നിലനിൽക്കുന്നതെന്നും എൻആർ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറും മൂന്നാം തലമുറ സംരംഭകനുമായ അർജ്ജുൻ രംഗ പറയുന്നു. ഇന്ന് വിവിധ സംരംഭങ്ങളിലൂടെ, 1,700കോടിയോളം വരുമാനം നേടുന്നുണ്ട് എൻആർ ഗ്രൂപ്പ്.
ഇന്നവേഷനെന്നത് എൻആർ ഗ്രൂപ്പിന്റെ ബിസിനസ്സിന്റെ കരുത്താണ്. ടിൻ പാക്കേജിംഗിൽ നിന്ന് കാർഡ്ബോർഡ് പാക്കേജിംഗിലേക്ക് മാറിയ ആദ്യത്തെ അഗർബത്തി നിർമ്മാണ കമ്പനിയാണ് എൻആർ ഗ്രൂപ്പ്. ഈ തരത്തിലുള്ള പാക്കേജിംഗ്, നിർമ്മാണച്ചെലവും മലിനീകരണവും കുറയ്ക്കാൻ സഹായിക്കുന്നു.2011-ൽ, NR ഗ്രൂപ്പ്, Rangasons ലൂടെ ഡിഫൻസ് സൊല്യൂഷൻസ്, രംഗത്തേക്കും കടന്നു. ഇതുകൂടാതെ, IoT-അധിഷ്ഠിതമായ സെയിൽസ് ഡെയറി ആപ്പ്, പ്യുവർ പ്രേയർ ആപ്പ്, ഒരൊറ്റ അഗർബത്തിയിൽ നിന്ന് രണ്ട് അഗർബത്തിയുടെ സുഗന്ധം ലഭിക്കുന്ന തരത്തിലുള്ള പ്യുവർ ഫ്രാഗ്രൻസ് ഇൻഫ്യൂഷൻ സിസ്റ്റം തുടങ്ങി ബിസിനസ്സ് വിപുലമാക്കാൻ കമ്പനി നടത്തുന്ന പരീക്ഷണങ്ങൾ ചെറുതല്ല.ഓം ശാന്തി ബ്രാൻഡിനു കീഴിലായി പൂജാ സാമഗ്രികളുടെ വിപണന പ്ലാറ്റ്ഫോം, ലിയ റൂം ആന്റ് കാർ ഫ്രഷ്നർ, ബാത്ത്റൂം ഫ്രഷ്നർ തുടങ്ങിയവയും കമ്പനി പ്രതീക്ഷയോടെ നോക്കിക്കാണുന്ന സംരംഭങ്ങളിൽ ചിലതാണ്.