നെതർലൻഡ്സ് ആസ്ഥാനമായുള്ള അസിസ്റ്റീവ് ടെക്നോളജി കമ്പനിയായ എൻവിഷൻ, അതിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഗ്ലാസുകൾ പുറത്തിറക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് ഡോക്യുമെന്റുകൾ വായിക്കാനും, മുഖങ്ങൾ സ്കാൻ ചെയ്യാനും നാവിഗേഷന് സഹായിക്കാനും ഈ സ്മാർട്ട് ഗ്ലാസുകൾക്ക് കഴിയും. ചെന്നൈയിൽ ഗ്വിണ്ടി എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ബിരുദം നേടിയ ഇന്ത്യൻ വംശജരായ കാർത്തിക് മഹാദേവനും കാർത്തിക്ക് കണ്ണനുമാണ് എൻവിഷൻ സ്മാർട്ട് ഗ്ലാസുകൾക്ക് പിന്നിൽ. ലോകത്ത് രണ്ട് ബില്യണോളം വരുന്ന ആളുകൾ അന്ധരോ കാഴ്ച വൈകല്യമോ ഉളളവരാണെന്നാണ് കണക്കുകൾ. അവരുടെ ജീവിതം മെച്ചപ്പെടുത്തുക എന്നതാണ് Envision സ്മാർട്ട്ഗ്ലാസുകൾ വഴി ലക്ഷ്യമിടുന്നതെന്ന് ഫൗണ്ടർമാർ പറയുന്നു.കണ്ണടയുടെ വില 3,268.91 യൂറോ (2.7 ലക്ഷം രൂപയിലധികം) എന്നാണ് എൻവിഷൻ വെബ്സൈറ്റ് പറയുന്നത്.
AI ഫോർ യുവർ Eye
AI ഫോർ യുവർ Eye എന്നാണ് കമ്പനി ഉൽപ്പന്നത്തെ വിശേഷിപ്പിക്കുന്നത്.റെയിൽവേ സ്റ്റേഷനിലെ അടയാളം വായിക്കുക, അച്ചടിച്ച വിവരങ്ങൾ വായിക്കുക തുടങ്ങി ഒരു വ്യക്തിക്ക് അവരുടെ ചുറ്റുപാടുകളിലുള്ള കാര്യങ്ങൾ വിവരിച്ചു നൽകുന്ന പ്രത്യേക ടെക്സ്റ്റ് ടു സ്പീച്ച് സംവിധാനം കൂടി സ്മാർട്ട് ഗ്ലാസുകളിലുണ്ട്. എൻവിഷൻ സ്മാർട്ട് ഗ്ലാസുകളിൽ 8 മെഗാപിക്സൽ ക്യാമറയാണുളളത്. സ്മാർട്ട് ഗ്ലാസിലെ വൈഫൈ, ബ്ലൂടൂത്ത് സൗകര്യങ്ങൾ ഉപയോക്താക്കളെ പരസ്പരം ബന്ധിപ്പിക്കുന്നു. കൂടാതെ, ബിൽറ്റ്-ഇൻ സ്പീക്കറും അഞ്ച് മുതൽ ആറ് മണിക്കൂർ വരെ ചാർജ്ജ് നിലനിൽക്കുന്ന ബാറ്ററിയും സ്മാർട്ട് ഗ്ലാസുകളിലുണ്ട്.ഗ്ലാസുകളുടെ ഭാരം 50 ഗ്രാമിൽ താഴെയാണ്, ഒരു സ്മാർട്ട്ഫോൺ ഉപയോഗിച്ച് സ്വതന്ത്രമായി ഇവ പ്രവർത്തിപ്പിക്കാനാകും. Qualcomm ക്വാഡ് കോർ പ്രോസസറിലാണ് ഇത് പ്രവർത്തിക്കുന്നത്.
എൻവിഷൻ ഗ്ലാസുകളുടെ സവിശേഷതകൾ
60-ലധികം ഭാഷകളിൽ വായിക്കാനും സംസാരിക്കാനും സ്മാർട്ട്ഗ്ലാസുകൾക്ക് കഴിയും.ദൈർഘ്യമേറിയ വാചകങ്ങൾ, പുസ്തകത്തിലെ പേജുകൾ എന്നിവ ഉൾപ്പെടെ ഓരോ വാചകവും കൃത്യമായി ശേഖരിക്കുന്നു.കൂടാതെ, മറ്റൊരാൾക്ക് അവരുടെ ചുറ്റുപാടുകളെക്കുറിച്ച് വാക്കാലുള്ള മാർഗനിർദേശം നൽകുന്ന വീഡിയോ കോളുകൾ ചെയ്യാനുള്ള കഴിവും സ്മാർട്ട് ഗ്ലാസുകൾക്കുണ്ട്. വ്സതുക്കൾ തിരിച്ചറിയൽ, നിറം കണ്ടെത്തൽ, മുഖം തിരിച്ചറിയൽ, പ്രകാശം കണ്ടെത്തൽ, ടെക്സ്റ്റ് എക്സ്പോർട്ട് ചെയ്യൽ എന്നിവയും ഈ ഗ്ലാസുകൾക്ക് ചെയ്യാനാകും.നിലവിൽ,എൻവിഷൻ സ്മാർട്ട് ഗ്ലാസുകൾ ഇന്ത്യയിൽ ലഭ്യമല്ല.