Entertainment-Media മേഖലയിൽ പോരാട്ടം ശക്തമാകും, അദാനി കൂടി രംഗത്തേക്ക്

ഏഷ്യയിലെ അതിസമ്പന്നരിൽ ആദ്യരണ്ട് സ്ഥാനങ്ങൾ അലങ്കരിക്കുന്നവരാണ് ഗൗതം അദാനിയും മുകേഷ് അംബാനിയും.

ഒന്നിനൊന്ന് മെച്ചമായി ഓരോ മേഖലയിലും മികച്ച മത്സരമാണ് ഇരുവരുടെയും സംരംഭങ്ങൾ കാഴ്ചവയ്ക്കുന്നത്. ഇന്ത്യൻ മാധ്യമ-വിനോദ വ്യവസായ രംഗത്തും മുകേഷ് അംബാനി ഒരു വൻമരമാണ്. ഗൗതം അദാനിയുടെ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു മീഡിയാ വിഭാഗം സ്ഥാപിക്കുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇന്ത്യയുടെ വിനോദ മാധ്യമ മേഖലയിൽ പോരാട്ടം ശക്തമാക്കാൻ അദാനി കൂടി രംഗത്തെത്തുന്നതോടെ ഒരു ബില്യണിലധികം കാഴ്ചക്കാർക്കായുളള മത്സരം മുറുകും.

അദാനി എന്റർപ്രൈസസ് ലിമിറ്റഡ് 2022 ഏപ്രിൽ 26-ന് AMG മീഡിയ നെറ്റ്‌വർക്ക് ലിമിറ്റഡ് എന്ന പേരിൽ പൂർണ്ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി ഇൻകോർപറേറ്റ് ചെയ്തു. വ്യത്യസ്‌ത തരം മീഡിയ നെറ്റ്‌വർക്കുകളിൽ ഉള്ളടക്കം പ്രസിദ്ധീകരിക്കൽ, പരസ്യം ചെയ്യൽ, പ്രക്ഷേപണം ചെയ്യൽ, വിതരണം ചെയ്യൽ എന്നിവ ഉൾപ്പെടെയുള്ള മാധ്യമ സംബന്ധിയായ പ്രവർത്തനങ്ങളുടെ ബിസിനസ്സ് ലക്ഷ്യമിടുന്നു.അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് നെറ്റ്‌വർക്ക് 18 മീഡിയ & ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിലൂടെ ഇന്ത്യൻ മീഡിയ മേഖലയിൽ അതിന്റെ കാൽപ്പാടുകൾ വിപുലപ്പെടുത്തുമ്പോൾ, അദാനി പുതിയ തുടക്കമിടുകയാണ്. കഴിഞ്ഞ മാസം, അദാനി മീഡിയ വെഞ്ച്വേഴ്‌സ് ലിമിറ്റഡ്, ക്വിന്റില്യൺ ബിസിനസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരി വാങ്ങാൻ കരാറായിരുന്നു. ബ്ലൂംബെർഗ് ന്യൂസിന്റെ മാതൃകമ്പനിയായ ബ്ലൂംബെർഗ് എൽപിയുടെ ഇന്ത്യൻ പങ്കാളിയായിരുന്നു ക്വിന്റില്യൻ. ഈ ഡീലിന് ശേഷമാണ് AMG മീഡിയ നെറ്റ്‌വർക്ക് ലിമിറ്റഡ് അദാനി ഗ്രൂപ്പ് സ്ഥാപിക്കുന്നത്. അതേസമയം ജെയിംസ് മർഡോക്കിന്റെ പിന്തുണയുള്ള ബോധി ട്രീ സിസ്റ്റംസ് നയിക്കുന്ന ഫണ്ടിംഗ് റൗണ്ടിൽ, പാരാമൗണ്ട് ഗ്ലോബലുമായുള്ള അംബാനിയുടെ പ്രാദേശിക സംയുക്ത സംരംഭമായ Viacom18 മീഡിയ പ്രൈവറ്റ് 1.8 ബില്യൺ ഡോളർ ഫണ്ട് സമാഹരിച്ചിരുന്നു.മർഡോക്കും സ്റ്റാർ ഇന്ത്യയുടെയും പിന്നീട് ഡിസ്നി ഏഷ്യയുടെയും മുൻ മേധാവിയായ ഉദയ് ശങ്കറും ചേർന്ന് പുതുതായി രൂപീകരിച്ച പ്ലാറ്റ്ഫോമാണ് ബോധി ട്രീ. ഖത്തറിന്റെ സോവറിൻ വെൽത്ത് ഫണ്ടായ ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയും ഒരു നിക്ഷേപകനാണ്.

2019-ൽ സ്റ്റാർ ഇന്ത്യ ഉൾപ്പെടെയുള്ള ട്വൊന്റിഫസ്റ്റ് സെഞ്ച്വറി ഫോക്‌സിന്റെ ആസ്തികൾ വാൾട്ട് ഡിസ്‌നി കമ്പനി ഏറ്റെടുത്തപ്പോൾ രംഗം വിട്ട മർഡോക്ക് കുടുംബത്തിന്റെ വിനോദ വിപണിയിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ബോധി ട്രീയുടെ നിക്ഷേപം.

മത്സരാധിഷ്ഠിതമായ ഇന്ത്യൻ മാധ്യമ വിനോദ വ്യവസായം പ്രവചനാതീതമാണ്. ഉദാഹരണത്തിന്, വരിക്കാരെ ചേർക്കാൻ പാടുപെടുന്ന നെറ്റ്ഫ്ലിക്സിന് ഉപയോക്താക്കളെ ആകർഷിക്കാൻ അതിന്റെ ഫീസ് കുറയ്ക്കേണ്ടി വന്നു.ആമസോണും ഡിസ്നി ഹോട്ട്സ്റ്റാറും ഒപ്പത്തിനൊപ്പം മത്സരിക്കുമ്പോൾ ഇന്ത്യയിലെ രണ്ട് അതിസമ്പന്നർ കൂടി ആ മത്സരത്തിലേക്ക് ഇറങ്ങുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സംപ്രേക്ഷണാവകാശത്തിനായി ഡിസ്നി, ആമസോൺ, സോണി ഗ്രൂപ്പ് കോർപ്പറേഷൻ എന്നിവയുമായി ഒരു ഐതിഹാസിക ഏറ്റുമുട്ടലിനാണ് അംബാനിയുടെ Viacom18 തയ്യാറെടുക്കുന്നത്. കഴിഞ്ഞ വർഷത്തെ IPL 380 ദശലക്ഷം കാഴ്ചക്കാരെ കൊണ്ടുവന്നു. ഏത് ബ്രോഡ്‌കാസ്റ്റർ ഇത്തവണ അവകാശം നേടിയാലും അത് ദശലക്ഷക്കണക്കിന് പുതിയ വരിക്കാരെ ചേർക്കും.ലേലം വിളിക്കുന്നവർ തങ്ങളുടെ പരസ്യ വരുമാനം വർദ്ധിപ്പിക്കുന്നതിനും പ്രക്ഷേപണ മേഖലയിൽ തങ്ങളുടെ സ്വാധീനം ഉറപ്പിക്കുന്നതിനും മത്സരിക്കും. വരാനിരിക്കുന്ന ലേലങ്ങൾ ടെലിവിഷനിൽ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതിനും അവ ആദ്യമായി ഓൺലൈനിൽ സ്ട്രീം ചെയ്യുന്നതിനുമുള്ള അവകാശങ്ങൾ വെവ്വേറെ വിൽക്കും.

എന്തായാലും രാജ്യത്തെ മാധ്യമ-വിനോദ വ്യവസായ രംഗം ഇന്ത്യയിലെയും ഏഷ്യയിലെയും തന്നെ അതിസമ്പന്നരുടെ കൈപ്പിടിയിലൊതുങ്ങുന്ന കാലമാണ് വരാനിരിക്കുന്നത്. ശക്തമായ പ്രാദേശിക ചലച്ചിത്ര വ്യവസായവും വളർന്നുവരുന്ന മധ്യവർഗവും ഉളള ഇന്റർനെറ്റ് ആക്‌സസ് അതിവേഗം വികസിക്കുന്നതുമായ ഒരു വിപണിയിലെ കാഴ്ചയുടെയും ഉള്ളടക്കത്തിന്റെയും ആധിപത്യം ആര് സ്വന്തമാക്കുമെന്ന് കാലം അടയാളപ്പെടുത്തും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version