പെരിന്തൽമണ്ണക്കാരൻ അനീഷ് അച്യുതൻ. വലിയ ബിസിനസ് മാനേജ്മെന്റ് സ്കൂളുകളിലെ ഡിഗ്രിയോ, കനമുള്ള യോഗ്യതാ സർട്ടിഫിക്കറ്റുകളോ ഇല്ലാതെ ഗൂഗിളിന്റേയും ടെമാസെക്കിന്റേയും ഒക്കെ നിക്ഷേപം വാങ്ങി 7500 കോടിയോളം മൂല്യമുണ്ടാക്കി കേരളത്തിന്റെ ആദ്യ യൂണിക്കോണായ ഓപ്പണിന്റെ സഹസ്ഥാപകൻ. ശരിക്കും പറഞ്ഞാൽ പന്ത്രണ്ടാം ക്ലാസിന്റെ തുടക്കത്തിൽ, വിദ്യാഭ്യാസം ഉപേക്ഷിച്ച് ഇന്റർനെറ്റ് സംരംഭങ്ങളുടെ സാധ്യതയിലേക്ക് ചാടിയ ഒരു സാധാരണക്കാരൻ. രാജ്യത്തെ ആദ്യത്തെ നിയോബാങ്കായ ഓപ്പൺ 2017 ൽ തുടങ്ങുമ്പോൾ അനീഷിന്റെ കൈമുതൽ പതിനഞ്ച് വർഷത്തോളം നീണ്ട അനുഭവം മാത്രമായിരുന്നു. അനുഭവമെന്ന് വെച്ചാൽ നല്ല തീച്ചൂളയിൽ കിടന്ന് ഉരുകിയുറച്ചപോലെയുള്ള അനുഭവം.
2001 ലാണ് ഇന്റർനെറ്റ് ബിസിനസ്സിലെ സാധ്യതതേടി അനീഷ് അച്യുതൻ മലപ്പുറത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വണ്ടി കയറുന്നത്. എന്തെങ്കിലും ആയിതീരണമെന്ന കനല് പോലെയുള്ള ആഗ്രഹം മാത്രം സമ്പാദ്യം. തമ്പാനൂർ റെയിൽവേസ്റ്റേഷനിലും ക്ഷേത്ര പരിസരങ്ങളിലും രാത്രി കഴിച്ചുകൂട്ടി, സ്വപ്നത്തെ കെടാതെ കാത്ത രണ്ട് വർഷങ്ങൾ. പട്ടിണയകറ്റിയത് അമ്പലത്തിലെ ചോറ്. നിത്യവൃത്തിക്കായി ബാങ്കിന്റെ എടിഎമ്മിൽ സെക്യൂരിറ്റിയും സൂപ്പർ മാർക്കറ്റിൽ സെയിൽസ്മാനുമായി. തിരുവനന്തപുരത്തെ ഇന്റർനെറ്റ് കഫെ, ഓഫീസാക്കി, വെബ് പോർട്ടൽ, പേമെന്റ് സംവിധാനങ്ങൾക്കുള്ള പ്ലാറ്റ്ഫോം എന്നിവ പരീക്ഷിച്ചു. ഇന്റർനെറ്റും ഡിജിറ്റൽ അറിവും ഇല്ലാതിരുന്ന കാലം. പരീക്ഷണങ്ങൾ പലതും ഉപേക്ഷിക്കേണ്ടി വന്നു അനീഷിന്. സാമ്പത്തിക പ്രശ്നങ്ങൾ ഉൾപ്പെടെ, നിരാശനായി ജീവിതം തന്നെ അവസാനിപ്പിക്കാവുന്ന എല്ലാം അനീഷിനെ ചുറ്റും നിന്ന് വെല്ലുവിളിച്ചു. ഒരുവിധപ്പെട്ട ആരും പിൻവാങ്ങുന്ന സാഹചര്യം. ആ കാലവും അതിജീവിച്ച അനീഷിന് പിന്നെന്ത് ഭയപ്പെടാൻ?
ഈ സമയമാണ്, ബംഗ്ലുരുവിലേക്ക് പോകാൻ അവസരം ഒരുങ്ങുന്നത്. ഡിജിറ്റൽ പേമെന്റ് ആപ്പുകളും പ്ലാറ്റ്ഫോമുകളും വികസിപ്പിക്കുന്ന സ്റ്റാർട്ടപ്പ് തുടങ്ങി. താൻ ചെയ്യുന്നത് എവിടെോ സാധ്യതയുള്ള കാര്യങ്ങളാണ് എന്ന് അനീഷിന് വിശ്വാസമുണ്ടായിരുന്നു. ഇതിനിടയിൽ സമാന മേഖലയിൽ നിൽക്കുന്ന മേബിൾ ചാക്കോയെ ഒപ്പം കൂട്ടി. ആദ്യം സഹ സ്ഥാപകയായും പിന്നെ ജീവിത സഖിയായും. സ്റ്റാർട്ടപ് ഫൗണ്ടറായും പേയു പോലെയുള്ള പേമെന്റ് ഗേറ്റ് വേ കമ്പനിയുടെ വൈസ്പ്രസിഡന്റ് ആയൊക്കെ പിന്നേയും അനീഷ് പല റോളുകൾ എടുത്തു, ആത്യന്തികമായ ലക്ഷ്യത്തിലേക്ക് എത്താനുള്ള വഴികളായിരുന്നു അതെല്ലാം. ഒരു സ്റ്റാർട്ടപ് ഫൗണ്ടറുടെ ഏറ്റവും വലിയ കഴിവ് ചുറ്റുമുള്ള അവസരങ്ങളെ കൃത്യമായി തിരിച്ചറിയുകയും അവയ്ക്ക് യുണീഖായ സൊല്യൂഷൻ കണ്ടെത്തുക എന്നതുമാണ്. പ്രോബ്ളം ഐഡന്റ്ഫൈ ചെയ്ത് സൊല്യൂഷൻ ഒരുക്കുക. ഈ ഇക്വേഷനിലെ കൃത്യതയാണ് സംരംഭത്തിന്റെ വിജയം. അനീഷ് അച്യുതൻ എന്ന ബ്രില്യന്റ്, യൂണീകോണിന്റെ വാതിൽ തുറന്നതും ആ മാന്ത്രിക കീ കൊണ്ടാണ്. ചെറുകിട ഇടത്തരം സംരംഭകരുടെ പൊതുവായ പ്രശ്നം ബാങ്കിംഗ് ഇടപാടുകളെ കസ്റ്റമൈസ് ചെയ്യാനാകുന്നില്ല എന്നതായിരുന്നു. അവിടെ ഓപ്പൺ എന്ന നിയോ ബാങ്ക് പിറവിയെടുത്തു, 2017ൽ.
ഡിജിറ്റൽ ബാങ്കിംഗ് രംഗത്തെ പോളിസി മാറ്റങ്ങളും രാജ്യത്തെ താഴെത്തട്ടിലേക്ക് പടർന്ന് കയറിയ ഡിജിറ്റലൈസേഷനും, കസ്റ്റമറിന് ലഭിച്ച ഡിജിറ്റൽ സ്വാതന്ത്ര്യവും എല്ലാം പരമ്പരാഗത ബാങ്കുകളെ മത്സരാധിഷ്ഠിതവും സമ്മർദ്ദത്തിലും ആക്കുന്ന സമയം. സർവ്വീസുകൾ വൈവിദ്ധ്യവത്കരിക്കാനും ബാങ്കിംഗ് ഇടപാടുകൾ സുതാര്യമാക്കുവാനും ബാങ്കുകൾക്ക് അവസരം തുറന്നിടുകയായിരുന്നു ഓപ്പൺ പോലെയുള്ള നിയോ ബാങ്കിംഗ് സ്റ്റാർട്ടപ്പുകൾ. തേർഡ് പാർട്ടി ഫിൻടെക് കമ്പനികൾക്ക് വാതിൽ തുറന്നിട്ട്, കസ്റ്റമർ മാനേജ്മെന്റിലും ഫണ്ട് മാനേജ്മെന്റ് അടക്കമുള്ള കോർ ബാങ്കിംഗ് ആക്റ്റിവിറ്റിയിലും ശ്രദ്ധകേന്ദ്രീകരിക്കാൻ എല്ലാ ബാങ്കുകളും നിർബന്ധിതരായി. അഥവാ, അവരെ നിർബന്ധിതരാക്കുകയായിരുന്നു ഓപ്പൺ
ബാങ്കിംഗ് മേഖലയിൽ ടെക്നോളജിയും ഡിജിറ്റൽ എക്സ്പീരിയൻസും കൂട്ടുകമാത്രമായിരുന്നു ഓപ്പൺ ചെയ്തതെങ്കിൽ ഒരുപക്ഷേ, അവർ ഒരു യുണീകോണാകില്ലായിരുന്നു. ഡിപ്പോസിറ്റ് മൊബിലൈസേഷനിലും കസ്റ്റമർ അക്വിസിഷനിലേക്കും അസാധാരണമായി മുന്നേറാൻ ബാങ്കുകളെ ഓപ്പൺ സഹായിച്ചിടത്താണ് അനീഷ് അച്യുതൻ എന്ന ഫൗണ്ടറെ അളക്കേണ്ടത്. ഇന്ത്യയിലെ ബാങ്കിംഗ് മേഖലയിലെ ഡിജിറ്റലൈസേഷൻ ദൂരവ്യാപകമായി സൃഷ്ടിക്കാൻ പോകുന്ന വലിയ മാറ്റത്തെ കാണാനായി അനീഷിന്.
ഓപ്പൺ ബാങ്ക് എംഎസ്എംഇ മേഖലയിലെ സംരംഭകർക്കായി നൽകുന്ന ബാങ്കിംഗ് സൊല്യൂഷൻ, ഏതൊരു സംരംഭകനേയും സംബന്ധിച്ച് വലിയ സപ്പോർട്ടാണ്. ഇൻവോയിംസിംഗ് മുതൽ ഫണ്ട് ട്രാക്ക് ചെയ്യാനും, എല്ലാ ട്രാൻസാക്ഷനും ഓട്ടോമേറ്റ് ചെയ്യാനും വെൻണ്ടർ പേമെന്റ്, പേറോൾ, ജിഎസ്ടി, ടിഡിഎസ് എന്നിവയെല്ലാം ഒറ്റ പ്ലാറ്റ്ഫോമിൽ കൊണ്ടുവരാനും ഓപ്പൺ സഹായിക്കുന്നു. അതേസമയം, ഓപ്പണുമായി അസോസിയേറ്റ് ചെയ്യുന്ന ബാങ്കിംഗ് പാർടണർക്കാകട്ടെ, കോടികളുടെ ഡിപ്പോസിറ്റും ദശലക്ഷക്കണക്കിന് പുതിയ കസ്റ്റമർ ബേസും ഈ സ്റ്റാർട്ടപ് ആഡ് ചെയ്ത് കൊടുക്കുന്നു. ഇവിടെയാണ് ഓപ്പൺ വാല്യു ക്രിയേറ്റ് ചെയ്യുന്നത്. ലോകത്ത് ബാങ്കുകളും ഇടപാട്കാരും ഉള്ളടത്തോളം ആവശ്യം വരുന്ന സർവ്വീസാണത്. അതുകൊണ്ടാണ് ഗൂഗിളും സിംഗപ്പൂർ ഗവൺമെന്റിന്റെ നിയന്ത്രണത്തിലുള്ള ഇക്വിറ്റി നിക്ഷേപ സ്ഥാപനമായ ടെമാസെക്കും ഉൾപ്പെടെ, മില്യൺ ഡോളർ ഫണ്ടുമായി അനീഷെന്ന ഈ പെരുന്തൽമണ്ണക്കാരനെ തേടി എത്തിയത്.
ഇന്ത്യയിലെ 100 ആമത്തെ യൂണികോൺ, കേരളത്തിൽ നിന്നുള്ള ആദ്യ യൂണികോൺ ഇവയൊക്കെയാണ് ഓപ്പണിനെ വാർത്തയുടെ തലക്കെട്ടുകളിൽ നിർത്തുന്നത്. എന്നാൽ കേവല യുക്തിയും സാമാന്യ ബോധവും അസാമാന്യമായ ഇശ്ചാശക്തിയും പുസ്തകതാളുകൾക്ക് അപ്പുറമുള്ള പഠനവും വിശാലമായി ലോകത്തെ കാണാനും അവസരങ്ങളെ അളക്കാനുള്ള കഴിവും ഒരാൾക്കുണ്ടെങ്കിൽ പിന്നെ ചുറ്റുപാടുമുള്ള മറ്റൊന്നും മനുഷ്യനെ സ്വപ്നങ്ങളിൽ നിന്ന് തടയില്ല, ആ യാത്രയെ തളർത്തില്ല, എന്ന് അടിവര ഇടുകയാണ് അനീഷ് അച്യുതൻ. ഒരുപാട് പേർക്ക് അവരുടെ സ്വപ്നങ്ങളെ ചെയ്സ് ചെയ്യാനുള്ള വഴി ഓപ്പൺ ചെയ്യുകയാണ് അനീഷ്. ചാനൽ അയാം കാത്തിരിക്കുന്നു കേരളത്തിന്റെ പുതിയ യുണീകോണുകൾക്കായി