രാജ്യത്ത് 100 റെയിൽവേ സ്റ്റേഷനുകളിൽ പ്രൈം മിനിസ്റ്റർ വൈഫൈ ആക്സസ് നെറ്റ്വർക്ക് ഇന്റർഫേസ് അഥവാ PM-WANI സ്കീം അധിഷ്ഠിത Wi-Fi സേവനം റെയിൽടെൽ ആരംഭിച്ചു. റെയിൽടെൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പുനീത് ചൗള സേവനത്തിന്റെ സോഫ്റ്റ് ലോഞ്ച് നിർവഹിച്ചു.
ആക്സസിന് വേണം Wi-DOT
2022 ജൂൺ അവസാനത്തോടെ ഘട്ടംഘട്ടമായി 6,102 റെയിൽവേ സ്റ്റേഷനുകളിലേക്കും (വൈഫൈ സൗകര്യം നിലവിൽ ഉള്ളിടത്ത്) RailTel-ന്റെ പൊതു Wi-Fi സേവനങ്ങളുടെ PM-WANI അടിസ്ഥാനമാക്കിയുള്ള ആക്സസ് വ്യാപിപ്പിക്കാനാണ് പദ്ധതിയിടുന്നത്. ഇത് ഏകദേശം 2,384 വൈഫൈ ഹോട്ട്സ്പോട്ടുകൾ സൃഷ്ടിക്കും. നിലവിൽ Google Play Store-ൽ ലഭ്യമായ ‘Wi-DOT’ എന്ന ആൻഡ്രോയിഡ് അധിഷ്ഠിത മൊബൈൽ ആപ്പ് വഴിയാണ് ഈ വൈഫൈ നെറ്റ്വർക്ക് ആക്സസ് ചെയ്യാൻ സാധിക്കുന്നത്.
C-DOT- RailTel സംയുക്ത സംരംഭം
റെയിൽവേ പവർ സപ്ലൈ യൂണിറ്റിന്റെ കണക്കനുസരിച്ച് , പദ്ധതിയ്ക്കു കീഴിൽ 22 സംസ്ഥാനങ്ങളും A1 കാറ്റഗറിയിലുള്ള 71 റെയിൽവേസ്റ്റേഷനുകളും ഉൾപ്പെടുന്നു. എല്ലാ സൈലോ വൈഫൈ നെറ്റ്വർക്കുകളുടേയും എളുപ്പത്തിലുള്ള ഉപയോഗം സാദ്ധ്യമാക്കാനും ജനങ്ങൾക്കിടയിലെ ബ്രോഡ്ബാൻഡ് ഉപയോഗം വർദ്ധിപ്പിക്കാനുമായുള്ള ഇന്ത്യൻ ടെലികോം ഡിപ്പാർട്ട്മെന്റിന്റെ സുപ്രധാന പദ്ധതികളിലൊന്നാണ് PM-WANI. C-DOT ഉം RailTel ഉം സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.ഇന്ത്യൻ റെയിൽവേ രംഗത്ത് നൂതന സാങ്കേതികവിദ്യകളുടെ രൂപകൽപ്പന,വികസനം, വിന്യാസം എന്നിവയിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ PM-WANI സഹായകമാകുമെന്ന് വിലയിരുത്തുന്നു.