ടെസ്ലയുടെ സ്വപ്നം നീളും
ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് കാറുകൾ നേരിട്ട് വിൽക്കുകയെന്ന ടെസ്ലയുടെ സ്വപ്നം ഇനിയും നീണ്ടുപോയേക്കുമെന്ന് റിപ്പോർട്ട്. ഇറക്കുമതി നികുതി കുറയ്ക്കുന്നതിൽ തീരുമാനമാകാത്തതിനെത്തുടർന്നാണ് ഇന്ത്യൻ പ്രവേശന പദ്ധതി തല്ക്കാലത്തേക്ക് മരവിപ്പിച്ചത്. ഷോറൂം സ്പേസിന് വേണ്ടിയുളള അന്വേഷണം ഉപേക്ഷിക്കുകയും ചെയ്തുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.യുഎസിലെയും ചൈനയിലെയും ഉൽപ്പാദന കേന്ദ്രങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങൾ കുറഞ്ഞ താരിഫിൽ വിറ്റ് ഡിമാൻഡ് പരീക്ഷിക്കാനാണ് ടെസ്ല ശ്രമിച്ചത്. സർക്കാർ പ്രതിനിധികളുമായുള്ള ഒരു വർഷത്തിലേറെ നീണ്ട ചർച്ചകൾ തീരുമാനം ആകാതെ പോയിരുന്നു. എന്നാൽ ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് താരിഫ് കുറയ്ക്കുന്നതിന് മുമ്പ് പ്രാദേശികമായി നിർമ്മാണം നടത്തണമെന്ന് കേന്ദ്ര സർക്കാർ ടെസ്ലയോട് ആവശ്യപ്പെട്ടിരുന്നു.
ഇതേതുടർന്നാണ് ഇപ്പോൾ ഇന്ത്യയിലേക്ക് കാറുകൾ ഇറക്കുമതി ചെയ്യാനുള്ള പദ്ധതി ടെസ്ല നിർത്തിവച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വെല്ലുവിളിയെന്ന് മസ്ക്
പ്രധാന ഇന്ത്യൻ നഗരങ്ങളായ ന്യൂഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ ഷോറൂമുകളും സർവീസ് സെന്ററുകളും തുറക്കുന്നതിനുള്ള ഷോറൂമുകൾ ടെസ്ല തേടിയിരുന്നു. എന്നാൽ ആ പദ്ധതിയും ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് പറയുന്നത്.
ടെസ്ല ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല. ഇന്ത്യയിലെ ടീമിൽ നിന്നും മനുജ് ഖുറാന ഉൾപ്പെടെയുളളവർക്ക് ടെസ്ല മറ്റ് വിപണികളുടെ അധിക ഉത്തരവാദിത്തങ്ങൾ നൽകിയിട്ടുണ്ട്. ഇന്ത്യയിലെ വിൽപ്പനയുമായി ബന്ധപ്പെട്ട് ടെസ്ല ഇപ്പോഴും ഒരുപാട് വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് ജനുവരിയിൽ ചീഫ് എക്സിക്യൂട്ടീവ് ഇലോൺ മസ്ക് പറഞ്ഞിരുന്നു.
ചൈനീസ് കാർ ഇന്ത്യക്ക് വേണ്ട
“മെയ്ക്ക് ഇൻ ഇന്ത്യ” കാമ്പെയ്നിലൂടെ നിർമ്മാതാക്കളെ ആകർഷിക്കാൻ കേന്ദ്രസർക്കാർ ശ്രമിച്ചിരുന്നു. എന്നാൽ ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് കാറുകൾ ഇറക്കുമതി ചെയ്യേണ്ടതില്ലെന്ന് ടെസ്ലയ്ക്ക് വ്യക്തമായ മറുപടി നൽകിയിരുന്നു. ടെസ്ലയുടെ വില കുറഞ്ഞത് 40,000 ഡോളർ എന്നത് ഇന്ത്യൻ വിപണിയിലെ ആഡംബര വിഭാഗത്തിൽ ഉൾപ്പെടുത്തും, EV വിൽപ്പന ഏകദേശം 3 ദശലക്ഷം വരുന്ന വാർഷിക വാഹന വിൽപ്പനയുടെ ഒരു ചെറിയ ഭാഗം മാത്രമാണ്.ഇപ്പോൾ ആഭ്യന്തരവാഹനിർമാതാവായ ടാറ്റാ മോട്ടോഴ്സാണ് EV വിപണിയിൽ ആധിപത്യം പുലർത്തുന്നത്.