Byjus പുറത്തേക്ക്, എഡ്ടെക്ക് വിപണിയിൽ പുതിയ കളി
ഇന്ത്യൻ വിപണി വിട്ട് ആഗോള ബിസിനസുകളിലേക്ക് ശ്രദ്ധ തിരിക്കാൻ ലോകത്തിലെ എഡ്ടെക് സ്റ്റാർട്ടപ്പ് ബൈജൂസ് പദ്ധതിയിടുന്നു. സ്കൂളുകളും കോളേജുകളും ട്യൂഷൻ സെന്ററുകളും വീണ്ടും തുറക്കുന്നതോടെ ഇന്ത്യൻ ഓൺലൈൻ എഡ്ടെക് വിപണി ഗണ്യമായി ചുരുങ്ങുമെന്ന വിലയിരുത്തലിലാണ് വിദേശ രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് അമേരിക്കയിലേക്ക് പ്രവർത്തനമേഖല വ്യാപിപ്പിക്കാൻ ബൈജൂസ് തയ്യാറെടുക്കുന്നത്.
ചർച്ചകൾ സജീവം
കമ്പനിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ മൃണാൾ മോഹിതിന് കൈമാറാൻ ബൈജൂസ് സിഇഒ ബൈജു രവീന്ദ്രൻ തീരുമാനിച്ചുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 22 ബില്യൺ ഡോളർ മൂല്യവുമായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ മൂല്യമുള്ള സ്റ്റാർട്ടപ്പുകളിലൊന്നാണ് Byjus. വിദേശ സാന്നിധ്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇതിനോടകം തന്നെ സിഇഒ ബൈജു രവീന്ദ്രൻ യുഎസിലെയും യുഎഇയിലെയും നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു.
പ്രതിസന്ധികളും പങ്കാളിത്തവും
ദോഹയിൽ പുതിയ എഡ്ടെക് ബിസിനസും അത്യാധുനിക ഗവേഷണ കേന്ദ്രവും ആരംഭിക്കുന്നതിനായി ഖത്തർ സോവറിൻ വെൽത്ത് ഫണ്ടായ QIAയുമായി Byjus 2022 മാർച്ചിൽ പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്പോൺസറായും Byjus അടുത്തിടെ രംഗത്തുവന്നിരുന്നു. ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം, WhiteHat Jr, Unacademy, Vedantu, Lido Learning തുടങ്ങിയ എഡ്ടെക് കമ്പനികൾ വലിയതോതിൽ ജീവനക്കാരെ പിരിച്ചുവിടുന്ന സാഹചര്യമുണ്ട്. ഇന്ത്യയിലെ എഡ്ടെക് പ്ലാറ്റ്ഫോമുകൾ മാത്രം 3,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുകയും സ്റ്റാർട്ടപ്പ് രംഗത്ത് 7,000-ത്തിലധികം തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ബൈജൂസിന്റെ പുതിയ നീക്കമെന്നാണ് സൂചനകൾ.