പാൻകേക്ക് വിറ്റ് കോടിപതി
മുംബൈയിലെ വികേഷ് ഷായുടെ പിതാവ് ഒരു വജ്രവ്യാപാരിയായിരുന്നു, അദ്ദേഹത്തിന് ബിസിനസിൽ സംഭവിച്ച കനത്ത നഷ്ടം കുടുംബത്തെ കടുത്ത പ്രതിസന്ധിയിലാക്കി. കുടുംബത്തിന് ഒരു ദിവസം രണ്ട് നേരത്തെ ആഹാരത്തിന് പോലും അക്കാലത്ത് കഷ്ടപ്പെടേണ്ടി വന്നിരുന്നു. 18-ാം വയസ്സിൽ, തന്റെ കുടുംബത്തിന് ഒരു താങ്ങാവാനാണ് വികേഷ് ഒരു ബേക്കറിയിൽ മാസം 700 രൂപയ്ക്ക് ജോലിക്ക് പോയത്. പബ്ബുകളിലും ട്രാവൽ ഏജൻസികളിലും കുടുംബം പോറ്റാൻ വികേഷ് ജോലി ചെയ്തിട്ടുണ്ട്. ബേക്കിംഗ് തന്റെ ഭാവിയാണെന്ന് തിരിച്ചറിഞ്ഞിടത്താണ് ജീവിതം വഴിമാറിയത്. ഇന്നദ്ദേഹത്തിന്റെ പ്രതിവർഷ വരുമാനം കോടികളാണ്.
1997 ൽ കാറ്ററിംഗ് ബിസിനസ്സ് ആരംഭിച്ചതാണ് ഈ സംരംഭകത്വ യാത്രയുടെ ആദ്യ വഴിത്തിരിവ്. 1999-ൽ ‘ബേക്ക് പോയിന്റ്’ സ്ഥാപിച്ചു. മുംബൈയിലെ പ്രമുഖ കേറ്ററർമാർക്കായി അദ്ദേഹം കോണ്ടിനെന്റൽ ഡെസേർട്ടുകളും പേസ്ട്രികളും വിതരണം ചെയ്യുന്ന ഒരു ബി 2 ബി സംരംഭമായിരുന്നു അത്. പിന്നീട് 2009 ൽ അദ്ദേഹം ദി ഹാപ്പിനസ് ഡെയ്ലി എന്ന കേക്ക് ഷോപ്പ് ആരംഭിച്ചു, വർഷങ്ങളുടെ അനുഭവത്തിൽ നിന്ന് നേടിയ ആത്മവിശ്വാസം മാത്രമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. സമ്പാദ്യമായ 4 ലക്ഷം രൂപ ബിസിനസിൽ നിക്ഷേപിക്കുകയും സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും പണം കടം വാങ്ങുകയും ചെയ്തു.കട തുടങ്ങിയതിന് ശേഷം ഓർഡറുകൾ വരാൻ തുടങ്ങി.അന്ന് മാർക്കറ്റിംഗിന് സോഷ്യൽ മീഡിയ ഇല്ലായിരുന്നു. ഓർഡർ ലഭിക്കാൻ തന്റെ കോൺടാക്റ്റ് വിശദാംശങ്ങൾ JustDial ൽ ഇടുകയാണ് വികേഷ് ചെയ്തത്. ഉപഭോക്താക്കൾക്ക് നേരിട്ട് ഡോനട്ട്സ്, കേക്ക്, പേസ്ട്രികൾ, മറ്റ് ബേക്കറി ഉൽപ്പന്നങ്ങൾ എന്നിവ വിതരണം ചെയ്യാൻ തുടങ്ങി. എന്നാൽ വികേഷ് ഷാ പിന്നീട് പ്രശസ്തനായത് 99 പാൻകേക്ക്സിന്റെ പേരിലായിരുന്നു.
2014-ൽ നടത്തിയ യൂറോപ്യൻ സന്ദർശനമാണ് പാൻകേക്കുകളിലേക്ക് വികേഷിനെ എത്തിച്ചത്. അവിടെയുള്ള റെസ്റ്റോറന്റുകളിലും തെരുവുകളിലും വിൽക്കുന്ന പാൻകേക്കുകളും വാഫിൾസും വികേഷിനെ ആകർഷിച്ചു. ആംസ്റ്റർഡാമിലെ ഒരു വഴിയോരക്കച്ചവടക്കാരനാണ് സ്വാദിഷ്ടമായ പാൻകേക്ക് റെസിപ്പി വികേഷിന് നൽകിയത്. ഇന്ത്യയിലും പാൻകേക്കുകളിലൂടെ ഉപഭോക്താക്കളെ ആകർഷിക്കാനാകുമെന്ന് വികേഷിന് തോന്നി. 2017-ൽ അദ്ദേഹം മുംബൈയിലെ കാലാ ഘോഡയിൽ ഒരു ഔട്ട്ലെറ്റ് ആരംഭിച്ചു. എന്നാൽ ആദ്യ ആഴ്ചയിലെ വരുമാനം 500 രൂപ മാത്രമായിരുന്നു. ഇതോടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കടയിലേക്ക് ക്ഷണിച്ച് അവർക്ക് പലതരം മധുരപലഹാരങ്ങൾ നൽകി. ഒടുവിൽ പറഞ്ഞും കേട്ടറിഞ്ഞും വികേഷിന്റെ മധുരപലഹാരങ്ങൾ ജനപ്രിയമായിത്തീർന്നു, വാഫിൾസ്, ക്രേപ്സ്, ഹോളണ്ട് പാൻകേക്ക്, പിസ്സ എന്നിവ രുചിയിൽ പ്രചാരം നേടി. പാൻകേക്കുകൾ ചോക്കലേറ്റ്, സ്ട്രോബെറി, ന്യൂട്ടെല്ല, ക്രീം ചീസ്, ബ്ലൂബെറി എന്നിങ്ങനെ വ്യത്യസ്ത രുചികളിൽ നൽകി. 99 രൂപ മുതൽ 250 രൂപ വരെയായിരുന്നു ഈടാക്കിയത്. മിനി പാൻകേക്ക്സ് പരിചയപ്പെടുത്തിയ ആദ്യത്തെ ബ്രാൻഡാണ് 99 പാൻകേക്ക്സെന്ന് വികേഷ് പറയുന്നു. ഇന്ന് ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്നാട് എന്നിവിടങ്ങളിൽ 15 നഗരങ്ങളിലെ 70 ഔട്ട്ലെറ്റുകളിലായി 99 പാൻകേക്ക്സ് പ്രവർത്തിക്കുന്നു. യുകെ, യുഎസ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കും 99 പാൻകേക്ക്സ് എത്തി.
കാറ്ററിംഗ് ബിസിനസിന്റെ ആദ്യ കാലത്ത് ഡെലിവറി നടത്തുന്നതിനായി ബജാജ് സ്കൂട്ടർ വാങ്ങിയ വികേഷ് ഇപ്പോൾ ബിഎംഡബ്ല്യുവിലാണ് യാത്ര. പണത്തിന് പിന്നാലെ പോകരുതെന്നാണ് വികേഷ് വിശ്വാസിക്കുന്നത്. കാരണം ഒരു ബിസിനസ്സ് നടത്തുമ്പോൾ സന്തോഷവും സംതൃപ്തിയും ആണ് പ്രധാനം, അക്കങ്ങളും കണക്കുകളുമല്ല. ക്ഷമയോടെ മാത്രമേ ഒരു ബിസിനസ്സ് വിജയകരമായി വളർത്തിയെടുക്കാനാകുവെന്ന് അനുഭവത്തിൽ നിന്നും വികേഷ് പറയുന്നു.