ഇന്ത്യയിലെ ഏറ്റവും വില്പനയുളള ഇലക്ട്രിക് കാറായ ടാറ്റ നെക്സോൺ ഇവിക്ക് മുംബൈയിൽ തീപിടിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല,സർക്കാരും ടാറ്റ മോട്ടോഴ്സും തീപിടുത്തത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. മുംബൈയുടെ പ്രാന്തപ്രദേശമായ വസായിയിലാണ് തീപിടുത്തമുണ്ടായത്. കാറിന്റെ ബാറ്ററിയിൽ തീപിടുത്തമുണ്ടായതായാണ് പ്രാഥമികവിവരം, തീപിടുത്തത്തിൽ ആളപായമില്ല. നിലവിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് ടാറ്റ മോട്ടോഴ്സ് വക്താവ് പറഞ്ഞു.
വണ്ടി ഓടിക്കുന്നതിനിടെ കാറിൽ നിന്ന് പുക ഉയരുന്നത് ഉടമയുടെ ശ്രദ്ധയിൽപ്പെട്ടു, തീ പിടിച്ച സമയത്ത് കഠിനമായ താപനിലയോ മഴയോ പ്രതികൂല കാലാവസ്ഥയോ ഉണ്ടായിരുന്നില്ല. നിലവിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായ ടാറ്റ നെക്സോൺ ഇവിയുമായി ബന്ധപ്പെട്ട ആദ്യത്തെ സംഭവമാണിത്. 30,000-ലധികം ടാറ്റ EV-കൾ വിറ്റഴിക്കപ്പെട്ടതിൽ ഭൂരിഭാഗവും Nexon EV-കളാണ്. നെക്സോൺ ഇവിയുടെ ബാറ്ററി പാക്കിന് 8 വർഷം വാറന്റി ഉണ്ടെന്ന് ലോഞ്ച് സമയത്ത് ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചിരുന്നു.