മറൈൻ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് കരാറിൽ ഒപ്പുവച്ച് ഐഐഎം കോഴിക്കോടും കൊച്ചിൻ ഷിപ്പ്യാർഡും. IIM കോഴിക്കോടിന്റെ ബിസിനസ് ഇൻകുബേറ്റർ ലബോറട്ടറി ഫോർ ഇന്നൊവേഷൻ വെഞ്ചറിംഗ് ആൻഡ് എന്റർപ്രണർഷിപ്പുമായി കൊച്ചിൻ ഷിപ്പ്യാർഡ് സഹകരിക്കും. സമുദ്ര മേഖലയിൽ ഉൽപ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നതിന് മാരിടൈം സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനുള്ള ഒരു ഇക്കോസിസ്റ്റം വികസിപ്പിക്കാനാണ് പദ്ധതിയിടുന്നത്. ഈ സംരംഭത്തിന് കീഴിൽ, സ്റ്റാർട്ടപ്പുകൾക്ക് 50 ലക്ഷം രൂപ വരെ സീഡ് ഗ്രാന്റായും ഒരു കോടി രൂപ പ്രോട്ടോടൈപ്പിംഗ് ഗ്രാന്റായും സ്കെയിൽ അപ്പ് ഘട്ടത്തിൽ ഇക്വിറ്റി ഫണ്ടിംഗും ലഭിക്കും.
ഈ പ്രോഗ്രാമിന് കീഴിൽ തിരഞ്ഞെടുത്ത സ്റ്റാർട്ടപ്പുകൾക്ക് ഇൻകുബേഷൻ, മെന്റർഷിപ്പ്, പരിശീലനം എന്നിവ IIMK LIVE നൽകും. ഈ സംരംഭം മറൈൻ സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്ക് ഉത്തേജനം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി CSL ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ Madhu S Nair പറഞ്ഞു. പ്രാരംഭ ഘട്ടമെന്ന നിലയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് ഇതിനകം 50 കോടി രൂപയുടെ കോർപ്പസ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പുകൾക്ക് ഈ സ്കീമിന് കീഴിൽ വിതരണം ചെയ്യുന്ന തുക, പ്രവർത്തന മൂലധനം, സ്ഥിര ആസ്തികൾ വാങ്ങൽ, മറ്റ് ചെലവുകൾ എന്നിവ ഉൾപ്പെടുന്ന പ്രവർത്തന- മൂലധന ചെലവുകൾക്കു ഉപയോഗിക്കാനാകും.