2021ലും 2022ലുമായി ഇന്ത്യയിൽ യഥാക്രമം 14,02,809, 6,74,021 സൈബർ സുരക്ഷാ സംഭവങ്ങൾ CERT-In രേഖപ്പെടുത്തിയെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. സിസ്റ്റത്തിലെ കേടുപാടുകൾ വിലയിരുത്തുന്നതിന് CERT-In 67 സൈബർ സുരക്ഷാ മോക്ക് ഡ്രില്ലുകൾ നടത്തി.
ഇന്ത്യയിലെ ഇന്റർനെറ്റ് തുറന്നതും സുരക്ഷിതവും വിശ്വസനീയവും എല്ലാ ഉപയോക്താക്കൾക്കും ഉത്തരവാദിത്തമുള്ളതുമാണെന്ന് ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. രാജ്യത്തെ സൈബർ ആക്രമണത്തിന്റെ അപകടസാധ്യതകളെക്കുറിച്ചുള്ള ചോദ്യത്തിന് ലോക്സഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. നാഷണൽ ക്രിട്ടിക്കൽ ഇൻഫർമേഷൻ ഇൻഫ്രാസ്ട്രക്ചർ പ്രൊട്ടക്ഷൻ സെന്റർ (NCIIPC) വഴി, സംരക്ഷണം ആവശ്യമുള്ള എല്ലാ നിർണ്ണായക ഐടി അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും സർക്കാരിന് കൃത്യമായ വിവരം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 11,305 സർക്കാർ ഉദ്യോഗസ്ഥർ സൈബർ സുരക്ഷയിൽ ഓൺലൈൻ പരിശീലനം നേടിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി 886 സംഘടനകളുടെ പങ്കാളിത്തത്തോടെ 67 സൈബർ സുരക്ഷാ മോക്ക് ഡ്രില്ലുകൾ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം നടത്തിയിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.