ബിസിനസ് റിയാലിറ്റി ഷോയായ ഷാർക്ക് ടാങ്ക് ഇന്ത്യയുടെ പ്രേക്ഷകർക്കിടയിൽ പ്രശസ്‌തമായ പേരാണ് പ്രഥമേഷ് സിൻഹ. ഷാർക്ക് ടാങ്ക് ഇന്ത്യ പ്രോഗ്രാമിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥി.. ഇപ്പോൾ ഡിജിറ്റൽ ഇന്ത്യ വീക്ക് 2022 പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധനാപാത്രമായി മാറിയിരിക്കുകയാണ് പൂനെയിൽ നിന്നുള്ള കാഴ്ചാ വൈകല്യമുള്ള ഈ 11 വയസ്സുകാരൻ.
ചടങ്ങിൽ, തിങ്കർബെൽ ലാബ്‌സ് എന്ന സംരംഭത്തിന്റെ ബ്രാൻഡ് അംബാസഡർ എന്ന് സ്വയം പരിചയപ്പെടുത്തിയ പ്രതമേഷ്, ‘ആനി’ എന്ന ഉപകരണം പ്രദർശിപ്പിച്ചു. തിങ്കർബെൽ ലാബ്‌സ് വികസിപ്പിച്ചെടുത്ത സ്വയം-പഠന ഉപകരണമാണ് ‘ആനി’. കാഴ്ചാ പരിമിതിയുള്ളവർക്ക് എഴുതാനും വായിക്കാനും ബ്രെയ്ലി ലിപിയിൽ ടൈപ്പ് ചെയ്യാനും സാദ്ധ്യമാക്കുന്ന ഉപകരണമാണിത്.
പരിമിതികളെ മറികടക്കാനുള്ള പ്രഥമേഷിന്റെ ദൃഢനിശ്ചയമാണ് പ്രധാനമന്ത്രിയെ ഏറ്റവും കൂടുതൽ ആകർഷിച്ചത്. പ്രതമേഷിനെപ്പോലുള്ള ആത്മവിശ്വാസമുള്ള ആളുകളെ കണ്ടുമുട്ടുന്നത് രാജ്യത്തിന് നല്ല ഭാവിയുണ്ടെന്ന തന്റെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 16 മാസം പ്രായമുള്ളപ്പോഴാണ് ബ്രെയിൻ ട്യൂമർ ബാധിച്ച് പ്രതമേഷിന്റെ കാഴ്ച നഷ്ടപ്പെട്ടത്. മാതാപിതാക്കളായ ദീപ്‌ശിഖയും അശുതോഷ് കുമാർ സിൻഹയും പ്രഥമേഷി നായി സ്‌കൂൾ കണ്ടെത്തിയത് ഏറെ ബുദ്ധിമുട്ടി ആയിരുന്നെങ്കിലും അവർ പ്രഥമേഷിൽ പ്രതീക്ഷ ജനിപ്പിച്ചു. 2019 വരെ വീട്ടിലിരുന്ന് പഠിച്ചു. പിന്നീട് പൂനെ സ്‌കൂളിലും, അന്ധർക്കുള്ള ഹോമിലും ചേർന്നു. സ്‌കൂളുകൾ അടച്ചുപൂട്ടി ഓൺലൈനിൽ ക്ലാസെടുക്കുന്ന മഹാമാരി കാലത്താണ് ആനി എന്ന ഉപകരണം നിർമ്മിക്കാനുള്ള പ്രചോദനം പ്രഥമേഷിന് ലഭിച്ചത്. നിലവിൽ ഔദ്യോഗികമായി തിങ്കർബെൽസ് ലാബിന്റെ ബ്രാൻഡ് അംബാസഡറാണ് പ്രതമേഷ്.