ടാറ്റ മോട്ടോഴ്‌സിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ഫോർഡ് ഇന്ത്യയുടെ ഗുജറാത്തിലെ കാർ നിർമ്മാണ പ്ലാന്റ് ഏറ്റെടുത്തു. ഫോർഡിന്റെ ഗുജറാത്ത് സാനന്ദിലെ പ്ലാന്റ് ഏറ്റെടുക്കുന്നതോടെ ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റിയുടെ ആദ്യത്തെ പ്രധാന ആസ്തിയായി ഇത് മാറി.നികുതികൾ ഒഴികെ, മൊത്തം 725.7 കോടി രൂപയുടേതാണ് കരാർ. പ്ലാന്റിന്റെ ഭാഗമായ ഭൂമിയും കെട്ടിടങ്ങളും, യന്ത്രങ്ങളും ഉപകരണങ്ങളും സഹിതമാണ് ഏറ്റെടുക്കൽ. ഫോർഡിന്റെ യോഗ്യരായ എല്ലാ ജീവനക്കാരുടെയും കൈമാറ്റവും കരാറിൽ ഉൾപ്പെടുന്നു. ഗുജറാത്ത് ഗവൺമെന്റ് കൂടി ഉൾപ്പെട്ട ഒരു ത്രികക്ഷി ധാരണാപത്രം 2022 മെയ് 30-നാണ് ഒപ്പു വച്ചത്.
ടാറ്റ മോട്ടോഴ്‌സിന്റെ നിലവിലുള്ളതും ഭാവിയിലെതുമായ വാഹന പ്ലാറ്റ്‌ഫോമുകളുമായി പൊരുത്തപ്പെടുന്നതിന് പ്ലാന്റ് പുനഃക്രമീകരിക്കുന്നതിന് ആവശ്യമായ നിക്ഷേപം നടത്തേണ്ടതുണ്ട്. ടാറ്റ മോട്ടോഴ്‌സിന് നിലവിൽ രണ്ട് ഇലക്ട്രിക് മോഡലുകൾ -നെക്‌സോൺ, ടിഗോർ- ഉണ്ട്, അടുത്ത 3-4 വർഷത്തിനുള്ളിൽ 10 എണ്ണം കൂടി ഉൾപ്പെടുത്താനാണ് തീരുമാനം.ഫോർഡ് ഇന്ത്യയുടെ യൂണിറ്റ് സാനന്ദിലെ ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിളുകളുടെ നിലവിലുള്ള നിർമ്മാണ കേന്ദ്രത്തോട് ചേർന്നാണ്, ഇത് സുഗമമായ പരിവർത്തനത്തിന് സഹായിക്കും.കരാർ എല്ലാ പങ്കാളികൾക്കും പ്രയോജനകരമാണെന്നും യാത്രാ വാഹന വിഭാഗത്തിൽ വിപണിയിലെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താനുള്ള ടാറ്റ മോട്ടോഴ്‌സിന്റെ ശക്തമായ ആഗ്രഹത്തെ പ്രതിഫലിപ്പിക്കുന്നതായും ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ആൻഡ് ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്ര പറഞ്ഞു.
FORD പ്ലാന്റ് ഏറ്റെടുത്ത് ടാറ്റ
മൊത്തം 725.7 കോടി രൂപയുടേതാണ് കരാർ