രാജ്യവിരുദ്ധമായ വ്യാജ ഉള്ളടക്കം പ്രചരിപ്പിച്ചതിന് എട്ട് യൂട്യൂബ് ചാനലുകൾ ബ്ലോക്ക് ചെയ്ത് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം. ഏഴ് ഇന്ത്യൻ ചാനലുകളും, പാകിസ്ഥാൻ ആസ്ഥാനമായുള്ള ഒരു ചാനലുമാണ് ബ്ലോക്ക് ചെയ്തത്. ഇന്ത്യയുടെ ദേശീയ സുരക്ഷ, വിദേശ ബന്ധങ്ങൾ, പൊതു ക്രമം എന്നിവയെക്കുറിച്ചുള്ള വ്യാജ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. രാജ്യത്തെ മതസമൂഹങ്ങൾക്കിടയിൽ വിദ്വേഷമുണ്ടാ ക്കുന്ന തരത്തിലുള്ള ഉള്ളടക്കവും കണ്ടെത്തിയിട്ടുണ്ട്.
ലോക് തന്ത്ര ടിവി, യു&വി ടിവി, എഎം റസ്വി, ഗൗരവ്ശാലി പവൻ മിഥിലാഞ്ചൽ, സർക്കാരീ അപ്‌ഡേറ്റ്, സബ് കുച്ച് ദേഖോ എന്നിവയാണ് നിരോധിച്ച ഇന്ത്യൻ ചാനലുകൾ. 97,000ത്തിലധികം സബ്സ്ക്രൈബേഴ്സുള്ള പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാനലായ ‘ന്യൂസ് കി ദുനിയ’യും ബ്ലോക്ക് ചെയ്യപ്പെട്ട ചാനലുകളിലുൾപ്പെടുന്നു. 114 കോടിയിലധികം വ്യൂവേഴ്സും, 85 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുമുണ്ടായിരുന്ന ചാനലുകളാണ് ബ്ലോക്ക് ചെയ്തത്. 2021 ഡിസംബർ മുതൽ,102 ലധികം യൂട്യൂബ് അധിഷ്‌ഠിത വാർത്താ ചാനലുകൾക്കാണ് മന്ത്രാലയം നിരോധനമേർപ്പെടുത്തിയത്.