TESLA സിഇഒയും ലോക കോടീശ്വരനുമായ ഇലോൺമസ്ക്ക് പ്രവർത്തികൊണ്ട് അപഹാസ്യനാകുകയാണ്. മുന്നൊരുക്കമില്ലാത്ത തീരുമാനം കൊണ്ടും വായിൽ തോന്നിയത് വിളമ്പിയും സ്വന്തം ആരാധകരെപ്പോലും അമ്പരിപ്പിക്കുകായണ് മസ്ക്. ഏറ്റവും ഒടുവിൽ ക്രിസ്റ്റ്യനോ റൊണാൾഡോ നയിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാങ്ങുകയാണെന്ന ട്വീറ്റാണ് മസ്ക് നടത്തിയത്.

മണിക്കൂറുകൾക്കുള്ളിൽ അത് താൻ തമാശ പറഞ്ഞതാണെന്ന ട്വീറ്റും കോടീശ്വരൻ ഇട്ടു. മീഡിയയെ കളിയാക്കാനാണ് താൻ ഇങ്ങനെയൊക്കെ ട്വീറ്റ് ചെയ്യുന്നതെന്നായിരുന്നു മസ്ക്കിന്റെ വാദം. പക്ഷെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരും ലോകമാകെയും കൺഫ്യൂഷനടിച്ചു കുറച്ച് നേരം. മസ്ക്കിന്റെ ട്വീറ്റിന് മറപടികളും വന്നു പിറകെ.
ഒരു നിലപാടുമില്ലാത്ത താങ്കൾ ദയവായി ക്ലബ് ഏറ്റെടുക്കാൻ വരരുത് എന്നാണ് ഒരു ആരാധകൻ ഉടൻ മറുപടി ഇട്ടത്.
ഒരു മുൻപരിശോധനയും ഇല്ലാതെ 44 ബില്യൻ ഡോളറിന് ട്വിറ്റർ ഡീൽ ഒപ്പുവെച്ച് , അതിൽ നിന്ന് പുറകോട്ട് പോയി ഇപ്പോൾ ട്വിറ്ററുമായി കേസിന് നടക്കുന്ന താങ്കൾ ദയവായി ക്ലബ് വാങ്ങണ്ട എന്ന് മറ്റൊരു കമന്റ്.

വാസ്തവത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങുമെന്നും പിന്നീട് അത് ജോക്കാണെന്നും മസ്ക്ക് പറഞ്ഞപ്പോൾ അത് തമാശയായി പുള്ളിക്ക് മാത്രമേ തോന്നീട്ടുള്ളൂ. സോഷ്യൽ മീഡിയയിൽ ആകെ രോഷമാണ് മസ്ക്കിനെതിരെ. ഇതിന് കാരണം, മസ്ക്ക് സദാസമയം ഉപയോഗിക്കുന്ന ട്വിറ്ററും. ട്വിറ്ററ് ദാ ഇപ്പോ വാങ്ങും എന്ന മട്ടിൽ 44 ബില്യൺ ഡോളറിന് മസ്ക് കരാറിലൊപ്പിട്ടു. പിന്നെ മസ്ക്കിന് പല ഡിമാന്റായി, സഹികെട്ട ട്വിറ്റർ ഒരു വഴിക്കായി , ഇപ്പൊ കേസായി. എന്നിട്ട് മസ്ക്ക് പുതിയ ട്വീറ്റും ഇട്ടു, ഞാൻ ട്വിറ്റർ വാങ്ങുന്നില്ല.

കഴിഞ്ഞ ദിവസം മറ്റൊരു ട്വീറ്റും മസ്ക്ക് ചെയ്തു, ഏലിയൻസ് എന്നൊന്നില്ല. അഥവാ ഉണ്ടെങ്കിൽ മനുഷ്യന്റെ കാര്യം പോക്കാ. മറ്റൊരു ഗ്യാലക്സിയിൽ നിന്ന് ഭൂമിയിലെത്താനുള്ള ടെക്നോളജി അവർക്കുണ്ടെങ്കിൽ അതിനെ മറികടക്കാനൊന്നും തൽക്കാലം നമ്മുടെ കയ്യിലില്ല എന്നാണ് മസ്ക്ക് പറഞ്ഞത്.ഭൂമിക്കപ്പുറമുള്ള യാത്രയും ഇന്റർസ്റ്റെല്ലാർ കണക്റ്റിവിറ്റിയും ഏലിയൻസിനേയും ഒക്കെ സ്വപ്നം കാണുന്ന ഇലോൺ മസ്ക്കിന് കൈയ്യീന്ന് പോയോ എന്നാണ് അദ്ദേഹത്തിന്റെ പുതിയ ട്വീറ്റും കളിയാക്കലും ഒക്കെ കാണുമ്പോൾ ആരാധകർക്ക് തോന്നുന്നത്.