സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ഓട്ടോ – ടാക്സി സംവിധാനമായ കേരള സവാരി പ്രചാരം നേടുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഓൺലൈൻ ടാക്‌സി സർവീസ് ആരംഭിക്കുന്നത്. തുടക്കത്തിൽ തിരുവനന്തപുരം നഗരത്തിലാണ് പദ്ധതി നടപ്പാക്കുക. 302 ഓട്ടോയും 226 ടാക്‌സിയും കേരള സവാരിയിൽ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്, 22 പേർ വനിതകളാണ്. പ്ലേസ്‌റ്റോറിൽ ലഭ്യമാകുന്ന ആപ്ലിക്കേഷൻ ഒരാഴ്‌ചയ്‌ക്കകം ആപ് സ്‌റ്റോറിലും ലഭ്യമാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
സർക്കാർ നിശ്‌ചയിച്ച ഓട്ടോ–- ടാക്‌സി നിരക്കിന് പുറമെ എട്ടുശതമാനമാണ് സർവീസ് ചാർജ് എന്നാൽ മറ്റു ടാക്‌സി സർവീസുകളേക്കാൾ കുറവാണിത്. മൂന്നുമാസമാണ് പൈലറ്റ് പദ്ധതി, വിജയമെന്ന് കണ്ടാൽ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. രണ്ടാംഘട്ടത്തിൽ കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ കോർപറേഷൻ പരിധിയിലാണ് സർവീസ് ആരംഭിക്കുക. സുരക്ഷിതവും ചെലവുകുറഞ്ഞതുമായ യാത്ര ഉറപ്പുവരുത്താനാണ് സംസ്ഥാനത്തിന്റെ സ്വന്തം ഓൺലൈൻ ടാക്‌സി സർവീസായ കേരള സവാരി ലക്ഷ്യമിടുന്നത്.